This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദപ്പൈ, മഞ്ചേശ്വരം (1883 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദപ്പൈ, മഞ്ചേശ്വരം (1883 - 1963)

രാഷ്ട്രകവി ഗോവിന്ദപ്പൈ

കന്നഡ കവിയും ബഹുഭാഷാപണ്ഡിതനും മംഗലാപുരത്തെ സൗക്കാര്‍ബാബാ പൈ കുടുംബത്തില്‍ 1883 മാ. 28-നു ജനിച്ചു. അച്ഛന്‍ സംസ്കൃത പണ്ഡിതനായ തിമ്മപ്പൈയും അമ്മ ദേവകമ്മയുമായിരുന്നു. മഞ്ചേശ്വരം ബാസല്‍ മിഷന്‍ സ്കൂള്‍, മംഗലാപുരം മിഷന്‍ ഹൈസ്കൂള്‍, കന്നഡ ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മംഗലാപുരം ഗവ. കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് ജയിച്ചു. ചെന്നൈ ക്രിസ്ത്യന്‍ കോളജില്‍ ബി.എ.യ്ക്കു ചേര്‍ന്നു പഠിച്ചുവെങ്കിലും ബിരുദമെടുത്തില്ല. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. രാധാകൃഷ്ണന്‍ അന്ന് ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു.

സംസ്കൃതം, പാലി, പ്രാകൃതം, കന്നഡ, തമിഴ്, തെലുഗു, മലയാളം, ഉര്‍ദു, ഹിന്ദി, മറാഠി, കൊങ്കണി, ബംഗാളി, ഫ്രഞ്ച്, ജര്‍മന്‍, ലാറ്റിന്‍, ഗ്രീക്, പേര്‍ഷ്യന്‍, ഹീബ്രു തുടങ്ങിയ 21 ഭാഷകളില്‍ പ്രാവീണ്യം നേടി.

1898-ല്‍ ഷെയ്ക്സ്പിയറുടെ ട്വെല്‍ത്ത് നൈറ്റ് കന്നടത്തിലേക്ക് തര്‍ജുമ ചെയ്തു തുടങ്ങിയെങ്കിലും മുഴുവനാക്കാന്‍ കഴിഞ്ഞില്ല. പഞ്ജെ മംഗേഷ്റാവുവിനെ സാഹിത്യഗുരുവാക്കി സാഹിത്യ സഞ്ചാരം തുടങ്ങി. പഴയ സങ്കേതങ്ങളില്‍ കുടുങ്ങിപ്പോകാതെ പ്രാസരഹിതമായ കവിത രചിക്കുന്നതിനുള്ള തീരുമാനം 1911 ഏ. ബറോഡയിലെ നവസാരിയില്‍ വച്ചു പ്രഖ്യാപിച്ചു. രബീന്ദ്രനാഥ ടാഗൂറിന്റ ഭാരതലക്ഷ്മി, ഇക്ബാലിന്റെ ഹിന്ദുസ്ഥാന്‍ ഹമാരാ എന്നീ കൃതികള്‍ പ്രാസദീക്ഷയില്ലാതെ കന്നഡത്തിലേക്കു തര്‍ജുമ ചെയ്തു. 'പുലയന്‍ ആര്' എന്നൊരു കവിതയും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഗോമടജിനസ്തുതി (1926), ഗിളിവിന്ദു (1930), ഗൊള്‍ഗൊത (1936), വൈശാഖി (1947) എന്നീ കവിതാസമാഹാരങ്ങളും ഹെബ്ബറുളു (1946) എന്ന നാടവുമാണ് മുഖ്യകൃതികള്‍.

പാര്‍ത്തി സുബ്ബഗുമ്മട (ഗോമടേശ്വരന്‍), നമ്മ ഹിരിയര് (നമ്മുടെ പൂര്‍വികര്‍), തുളുനാട്, കദിരി ദേവസ്ഥാനദലെ അവലോകിതേശ്വര മൂര്‍ത്തി, ഭഗവാന്‍ ബുദ്ധ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ഗവേഷണ പ്രബന്ധങ്ങള്‍.

1925-ല്‍ മദ്രാസ് സര്‍വകലാശാലയുടെ കന്നഡ പാഠപുസ്തകസമിതി അംഗമായിരുന്നു. പല സര്‍വകലാശാലകളും ഡോക്ടര്‍ ബിരുദം നല്കാന്‍ തുനിഞ്ഞപ്പോള്‍ സ്വീകരിക്കാതിരുന്നെങ്കിലും, 1949-ല്‍ മദ്രാസ് ഗവണ്‍മെന്റ് 'രാഷ്ട്രകവി' സ്ഥാനം നല്കിയപ്പോള്‍ ഇദ്ദേഹം അത് സ്വീകരിക്കുകയുണ്ടായി.

മഞ്ചേശ്വരത്തെ ഇദ്ദേഹത്തിന്റെ ഭവനം ഗവണ്‍മെന്റ് ഒരു ദേശീയ സ്മാരകമായി സംരക്ഷിച്ചുവരുന്നു. 36-ല്‍പ്പരം ഭാഷകളിലുള്ള 5,000-ല്‍പ്പരം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗോവിന്ദപ്പൈയുടെ വിപുലമായ ഗവേഷണ ഗന്ഥശേഖരം, ഉഡുപ്പിയിലെ മഹാത്മാഗാന്ധി സ്മാരക കോളജിനോടനുബന്ധിച്ച് ഇദ്ദേഹത്തിന്റെ പേരിലുള്ള ഒരു ഗവേഷണ ഗ്രന്ഥാലയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ജ്യോതിശ്ശാസ്ത്രജ്ഞന്‍, ഗണിത പണ്ഡിതന്‍, വൃത്തവും പ്രാസവും ദീക്ഷിച്ച് തികച്ചും പ്രഹതമായ രീതിയിലും പുതിയ മുക്തഛന്ദസ്സിലും ഒരുപോലെ കൃതഹസ്തനായ കവി, തത്ത്വചിന്തകന്‍, നാടകകൃത്ത്, ബഹുഭാഷാപണ്ഡിതന്‍, ഗദ്യകാരന്‍, ഗവേഷകന്‍, ദേശാഭിമാനി എന്നിങ്ങനെ വിവിധ നിലകളില്‍ പ്രസിദ്ധനായ ഗോവിന്ദപ്പൈ 1963 സെപ്. 6-നു അന്തരിച്ചു.

(എന്‍.എന്‍. ആനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍