This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദപ്പിള്ള, എ. ദിവാന്‍ ബഹദൂര്‍ (1849 - 1924)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദപ്പിള്ള, എ. ദിവാന്‍ ബഹദൂര്‍ (1849 - 1924)

മലയാള ഗദ്യകാരനും വിവര്‍ത്തകനും. കൊട്ടാരം സമ്പ്രതിയായിരുന്ന ശങ്കരന്‍ പണ്ടാലയുടെയും തിരുവനന്തപുരത്ത് ആറ്റുകാല്‍ ചെറുകരവീട്ടില്‍ കല്യാണിയമ്മയുടെയും പുത്രനായി കൊ.വ. 1024-മാണ്ട് മീനമാസം 30-നു (1849 ഏ.) ജനിച്ചു. ഗോവിന്ദപ്പിള്ളയുടെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചു. തിരുവനന്തപുരത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ചെന്നൈ പ്രസിഡന്‍സി കോളജില്‍ നിന്ന് ബി.എ.യും തിരുവനന്തപുരം ലാ കോളജില്‍ നിന്ന് ബി.എല്‍.ഉം പാസായി. ഹൈസ്കൂള്‍ അധ്യാപകന്‍, അഡീഷണല്‍ മുന്‍സിഫ്, ജില്ലാ ജഡ്ജി, ദിവാന്‍ പേഷ്കാര്‍, ലാ കോളജ് പ്രൊഫസര്‍, ഹൈക്കോടതിയിലെ പ്യൂണി ജഡ്ജി എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. 1911-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇദ്ദേഹത്തിന് ദിവാന്‍ ബഹദൂര്‍ ബഹുമതി നല്കി ആദരിച്ചു. മരുമക്കത്തായ കമ്മിറ്റി, നാട്ടുഭാഷാ വിദ്യാഭ്യാസക്കമ്മിറ്റി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ:സ്ഥിതരുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഒരു സ്കൂള്‍ നടത്തുകയും ചെയ്തു.

ഗോവിന്ദപ്പിള്ളയുടെ പ്രധാനകൃതികള്‍ ഭഗവത്ഗീത, മനുസ്മൃതിയിലെയും യാജ്ഞവത്ക്യസ്മൃതിയിലെയും വ്യവഹാരവിഷയ ശ്ളോകങ്ങള്‍, സനല്‍ സുജാതീയം, അനുഗീത, അഭിജ്ഞാന ശാകുന്തളം, തിരുക്കുറള്‍, മാക്ബത്ത്, ഹാംലെറ്റ്, ഒഥല്ലോ, വെനീസിലെ വ്യാപാരി, സോഫോക്ലീസിന്റെ ഈഡിപ്പസ്, കിങ് ലിയര്‍, നവരത്നമാലിക, മരുമക്കത്തായ സംഗ്രഹം, മാധവി (നാടകം) എന്നീ വിവര്‍ത്തനങ്ങളാണ്. നവരന്മമാലിക ഒന്‍പത് ഇംഗ്ലീഷ് ഖണ്ഡകൃതികളുടെ ഭാഷാന്തരീകരണമാണ്. അപ്രസിദ്ധങ്ങളും നിഘണ്ടു മാത്രനിഷ്ഠങ്ങളുമായ പദങ്ങളുടെ പ്രയോഗം ഇതില്‍ വളരെയാണ്. മരുമക്കത്തായ നിയമത്തെപ്പറ്റിയുള്ള ഹൈക്കോടതി വിധികള്‍ ശ്ളോകരൂപത്തില്‍ സംഗ്രഹിച്ചിരിക്കയാണ് മരുമക്കത്തായ സംഗ്രഹത്തില്‍. മാധവി നാടകം സ്ത്രീ പ്രശംസാവിഷയകമാണ്. ഇംഗ്ലീഷ് നാടകങ്ങളുടെ തര്‍ജുമയില്‍ ബ്ളാങ്ക്വേഴ്സിന്റെ രീതിയിലാണ് മലയാളത്തിലും വൃത്തസ്വീകാരം നടത്തിയിട്ടുള്ളത്. നാടകാവതരണത്തിലും ഇദ്ദേഹം പ്രത്യേകം താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. സ്വന്തം ഗൃഹസദസ്സില്‍ നാടകങ്ങള്‍ അവതരിപ്പിക്കുക പതിവായിരുന്നു. 1897-ല്‍ തിരുവനന്തപുരം വിക്ടോറിയ ടൗണ്‍ഹാളില്‍ കിങ് ലിയര്‍ അവതരിപ്പിച്ചപ്പോള്‍ സി.വി. രാമന്‍പിള്ളയും അതില്‍ അഭിനയിക്കുകയുണ്ടായി. ടാഗോറിന്റെ ഗീതാഞ്ജലിയും ഇദ്ദേഹം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1924 ഡി. 29-നു ഗോവിന്ദപ്പിള്ള നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍