This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദന്‍ I, II, III & IV

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദന്‍ I, II, III & IV

രാഷ്ട്രകൂട രാജാക്കന്മാര്‍. മാന്യകേതം തലസ്ഥാനമാക്കി (ഇന്നത്തെ മാല്‍ഖഡ്) ഡക്കാനില്‍ ആധിപത്യം സ്ഥാപിച്ച രാഷ്ട്രകൂട രാജവംശത്തിലെ രാജാക്കന്മാരില്‍പ്പെട്ടവരാണ് ഗോവിന്ദന്‍ ഒന്നും രണ്ടും മൂന്നും നാലും. രാഷ്ട്രകൂടര്‍ കന്നഡ ഭാഷയുടെ പ്രചാരകരായിരുന്നു. രാഷ്ട്രകൂടര്‍ യദുവംശജരായിരുന്നുവെന്ന് ഒരു അഭിപ്രായമുണ്ട്.

ആദ്യകാല രാജാക്കന്മാരില്‍പ്പെട്ട ഗോവിന്ദന്‍ I -ന്റെ കാലത്ത് രാഷ്ട്രകൂടരാജ്യം പ്രായേണ അപ്രസിദ്ധമായിരുന്നു. അന്ന് ബീഹാര്‍ ദേശത്തെങ്ങോ ആയിരുന്നത്രെ അവരുടെ കൊച്ചുരാജ്യം. ഗോവിന്ദന്‍ I-നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഭാരതത്തിന്റെ ശില്പകലാ സമ്പത്തിലെ മഹാദ്ഭുതമെന്ന് പരക്കെ വാഴ്ത്തപ്പെടുന്ന എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണിത കൃഷ്ണന്‍ 1-നെ (756-75) പിന്‍തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ മൂത്ത പുത്രനായ ഗോവിന്ദന്‍ II (775-80) രാജ്യഭാരം ഏറ്റെടുത്തത്. 'പ്രഭുവര്‍ഷവിക്രമ ലോകവീരന്‍' എന്ന ബിരുദം സ്വീകരിച്ച ഗോവിന്ദന്‍ യുവരാജാവായിരുന്ന വേളയില്‍ പൊഗിയിലെ ചാലൂക്യരാജാവിനെ പരാജയപ്പെടുത്തി. രാജാവായശേഷം ഇദ്ദേഹം ദുര്‍വൃത്തനായി. ഭരണം അനുജനായ ധ്രുവരാജകുമാരനെ ഏല്പിച്ചു. എന്നാല്‍ പിന്നീട് ധ്രുവനില്‍ നിന്നും അധികാരം വീണ്ടെടുത്തു. ശത്രുവായി മാറിയ ധ്രുവന്‍ ഗോവിന്ദന്‍ II-നെ വധിച്ച് രാഷ്ട്രകൂടരാജാവായി.

ധ്രുവനെ പിന്തുടര്‍ന്ന് ഗോവിന്ദന്‍ III രാജാവായി (794-814). എന്നാല്‍ ഗംഗാവാടിയിലെ പ്രതിപുരുഷനും ഗോവിന്ദന്റെ മൂത്ത സഹോദരനുമായ സ്തംഭന്‍ അവകാശത്തര്‍ക്കം ഉന്നയിച്ചു. സ്തംഭനെ സഹായിക്കുവാന്‍ അനേകം സാമന്തരാജാക്കന്മാര്‍ തയ്യാറായി. ഭരണാരംഭത്തില്‍ ഈ ഭീഷണി ഗോവിന്ദനെ ശരിക്കും അസ്വസ്ഥനാക്കി. പന്ത്രണ്ട് സാമന്ത രാജാക്കന്മാര്‍ സഹായിച്ചെങ്കിലും നിര്‍ണായകയുദ്ധത്തില്‍ സ്തംഭനും കൂട്ടരും പരാജിതരായി. ഗോവിന്ദന്‍ തന്റെ ജ്യേഷ്ഠസഹോദരനെ വീണ്ടും ഗംഗാവാടിയിലെ പ്രതിപുരുഷനായി നിയമിച്ചു.

ഗോവിന്ദന്‍ III ഉത്തര ഭാരതത്തില്‍ ഒരു ജൈത്രയാത്ര നടത്തി. ഭോപ്പാല്‍, ഝാന്‍സി എന്നിവിടങ്ങളില്‍ക്കൂടി കടന്നുപോയ ഗോവിന്ദന്റെ വമ്പിച്ച പട കന്യാകുബ്ജത്തിലെത്തി. കന്യാകുബ്ജത്തിലെ രാജാവ് നാഗഭടന്‍ II-നെ ബുന്ദേല്‍ഖണ്ഡില്‍ വച്ച് ഗോവിന്ദന്‍ തോല്പിച്ചു.

ഗോവിന്ദന്റെ ഈ വിജയം വംഗരാജ്യത്തിലെ ഭരണാധികാരിയായ ധര്‍മപാലനെയും ബാധിക്കുന്നതായിരുന്നു. ഒരു ഏറ്റുമുട്ടലിന് തയ്യാറാകാതെ ധര്‍മപാലന്‍ ഗോവിന്ദന് കീഴടങ്ങി. കന്യാകുബ്ജത്തിന്റെ പരാജയം വംഗനാഥന്‍ ഒരനുഗ്രഹമായി കരുതി. ഉത്തരേന്ത്യയിലെ ഇതര ശക്തികളും ഗോവിന്ദന്റെ മേല്‍ക്കോയ്മ അംഗീകരിച്ചു. കീഴടങ്ങിയവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അവരവരുടെ രാജ്യവും പദവിയും തിരികെ നല്കി ഗോവിന്ദന്‍ തന്റെ ജൈത്രയാത്ര ഹിമാലയ സാനുക്കള്‍വരെ നടത്തി. തന്റെ തലസ്ഥാനത്ത് തിരിച്ചെത്തിയ ഉടന്‍ ഗോവിന്ദന്‍ ദക്ഷിണാപഥത്തിന്റെ അധീശനായി സ്വയം പ്രഖ്യാപിച്ചു. ദക്ഷിണാപഥത്തിലെ പ്രമുഖ രാജ്യങ്ങളായ കോസലം, കലിംഗം എന്നിവ രാഷ്ട്രകൂട രാജാവിനു കീഴടങ്ങി. ഗോവിന്ദന്റെ ദക്ഷിണപഥ പര്യടനം 800-നും 802-നും മധ്യേ ആണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ഗംഗാരാജാവ്, ചേര-പല്ലവ-പാണ്ഡ്യ രാജാക്കന്മാര്‍ എന്നിവര്‍ ഗോവിന്ദനെ ഏതിര്‍ക്കുവാന്‍ സഖ്യം ചെയ്തു. ഈ യുദ്ധത്തിലും ഗോവിന്ദന്‍ വിജയിച്ചു. ദക്ഷിണ ഭാരതത്തിലെ ഈ പ്രശസ്ത വിജയം സിംഹളേശ്വരനെ സംഭീതനാക്കി. ഗോവിന്ദന്റെ രാഷ്ട്രീയാധികാരം അംഗീകരിക്കുകയും ഇദ്ദേഹത്തെ അധീശശക്തിയായി അനുസരിക്കുകയും ചെയ്ത സിംഹളാധിപന്‍ ഗോവിന്ദന്റെ പ്രീതി നേടുന്നതിന് തന്റെയും തന്റെ മന്ത്രിയുടെയും പ്രതിമകള്‍ രാഷ്ട്രകൂട ചക്രവര്‍ത്തിക്ക് കാഴ്ചവച്ചു. ഇവ രണ്ടും കാഞ്ചിയിലെ ശിവക്ഷേത്രത്തില്‍ ഇന്നും കാണപ്പെടുന്നു. ഗോവിന്ദന്‍ III ഭാരതത്തിന്റെ ചക്രവര്‍ത്തിയായി. വിപുലമായ ഭാരതത്തെ ഒരു കൊടിക്കീഴില്‍ സംവിധാനം ചെയ്ത അവസാനത്തെ ഹൈന്ദവ രാജാവ് ഗോവിന്ദന്‍ III ആയിരുന്നു.

ഇന്ദ്രന്‍ III 925-ല്‍ മരിച്ചതിനെത്തുടര്‍ന്ന് മകന്‍ അമോഘവര്‍ഷന്‍ II രാജാവായി. അദ്ദേഹത്തെ അനുജന്‍ ഗോവിന്ദന്‍ IV വധിക്കുകയും സിംഹാസനം തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് അമോഘവര്‍ഷന്‍ III 935-ല്‍ ഗോവിന്ദന്‍ IV -നെ വധിച്ച് രാജാവായി.

(പ്രൊഫ. എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍