This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദന്‍ വൈദ്യന്‍, വല്ലഭശ്ശേരി (1872 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദന്‍ വൈദ്യന്‍, വല്ലഭശ്ശേരി (1872 - 1953)

സമുദായ പരിഷ്കര്‍ത്താവായ സാമൂഹിക പ്രവര്‍ത്തകന്‍. മാവേലിക്കര, 'ലക്ഷണ' കുടുംബാംഗമായ കൊച്ചുകുഞ്ഞു പണിക്കരുടെയും തിരുവല്ല വല്ലഭശ്ശേരിയില്‍ കുഞ്ഞമ്മയമ്മയുടെയും മകനായി കൊ.വ. 1047 മേടം 5-നു (1872 ഏ.) ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രസിദ്ധ പണ്ഡിതനും സാഹിത്യകാരനുമായിരുന്ന മൂലൂരില്‍ നിന്നും സംസ്കൃതം അഭ്യസിച്ചു. ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ മൂത്ത കോയിത്തമ്പുരാനില്‍ നിന്നും വൈദ്യശാസ്ത്രം സ്വായത്തമാക്കി. വൈദ്യവൃത്തി ആരംഭിക്കുന്നതിനുമുന്‍പ് കുട്ടികളെ സംസ്കൃതം പഠിപ്പിച്ചിരുന്നതുകൊണ്ട് ഇദ്ദേഹം ഗോവിന്ദനാശാനായി. ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ സമുദായ സേവനം ആരംഭിച്ചു. ഗുരുദേവന്റെയും കുമാരനാശാന്റെയും അഭിപ്രായങ്ങളെ ആദരിച്ച് എസ്.എന്‍.ഡി.പി. യോഗത്തിന്റെ സംഘാടകനായി താലൂക്കു തോറും സഞ്ചരിച്ച് അംഗങ്ങളെ ചേര്‍ത്തും സമ്മേളനങ്ങളില്‍ ഗുരുദേവ സന്ദേശങ്ങളുടെ മഹത്ത്വം പ്രതിപാദിച്ചും കാലികമായ കാര്യങ്ങളില്‍ ഉപദേശം നല്കിയും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ശക്തി വളര്‍ത്തി. കൃത്യനിഷ്ഠയും സത്യസന്ധതയും ഇദ്ദേഹത്തിന്റെ എല്ലാ പ്രവൃത്തികളിലും പ്രകടമായിരുന്നു. പ്രഭാഷണങ്ങള്‍ കൊണ്ടുമാത്രം തൃപ്തനാകാതെ സംഘടനയുടെ സ്ഥിരതയ്ക്കുവേണ്ടി നിരന്തരം യത്നിച്ചു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദൂരീകരിക്കുവാനും സ്ത്രീകളെ ബോധവത്കരിക്കാനും വേണ്ട പരിപാടികള്‍ ആവിഷ്കരിച്ചു. സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം നേടിക്കൊടുക്കുന്നതിനുള്ള പ്രചാരണ പരിപാടികളിലും പങ്കെടുത്തു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ സഞ്ചാര സെക്രട്ടറിയെന്ന നിലയില്‍ ഇദ്ദേഹം അനുഷ്ഠിച്ച സേവനം അതുല്യമാണ്. കോട്ടയത്തെ ആചന്ദ്രതാര-പ്രശോഭിനി സഭയും ശിവക്ഷേത്രവും സ്ഥാപിക്കുന്നതില്‍ മുന്‍നിന്നു പ്രവര്‍ത്തിച്ചു. ഏറ്റുമാനൂര്‍, മീനച്ചല്‍, മൂവാറ്റുപുഴ, തൊടുപുഴ മുതലായ സ്ഥലങ്ങളില്‍ എസ്.എന്‍.ഡി.പി. ശാഖകളും ഭജന മന്ദിരങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കുവാന്‍ നേതൃത്വം നല്‍കി. കൊ.വ. 1103 മകരം 2-നു 'ശിവഗിരി തീര്‍ഥാടന പ്രസ്ഥാനം' സമാരംഭിക്കുന്നതിനുള്ള ഗുരുദേവാനുമതി ടി.കെ. കിട്ടന്‍ റൈട്ടറുമൊന്നിച്ച് സമ്പാദിച്ചു. അങ്ങനെ അധഃസ്ഥിത സമുദായത്തിന്റെ, വിശേഷിച്ചും ഈഴവസമുദായത്തിന്റെ സര്‍വതോമുഖമായ അഭിവൃദ്ധിക്കു കാരണമായിത്തീര്‍ന്ന എന്‍.എന്‍.ഡി.പി.യുടെ ഉപജ്ഞാതാവെന്ന നിലയില്‍ ചിരസ്മരണീയനായിത്തീര്‍ന്നു.

നാരായണഗുരുവിന്റെ നിര്‍ദേശപ്രകാരം വൈദ്യവൃത്തിയിലേക്കു തിരിഞ്ഞു. കൊ.വ. 1129 തുലാം 24-നു (1953 ന.) ഗോവിന്ദന്‍ വൈദ്യന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍