This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദന്‍ നായര്‍, സി.കെ. (1896 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദന്‍ നായര്‍, സി.കെ. (1896 - 1964)

സി.കെ. ഗോവിന്ദന്‍ നായര്‍

കേരളത്തിലെ മുന്‍കോണ്‍ഗ്രസ് നേതാവ്. കെ.എം. അപ്പുനായരുടെയും ചിങ്ങോരം കേളോത്ത് നാരായണി അമ്മയുടെയും പുത്രനായി 1896 ജൂലായില്‍ തലശ്ശേരിയില്‍ ജനിച്ചു. കോഴിക്കോട് പുതിയങ്ങാടിയിലെ ഇംഗ്ലീഷ് സ്കൂളിലും തലശ്ശേരി മുനിസിപ്പല്‍ സ്കൂളിലും പഠിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടു. 1917-ല്‍ പാലക്കാട്ടു നടന്ന വിദ്യാര്‍ഥി സമ്മേളനത്തില്‍ പങ്കെടുത്തു. അധികൃതരുടെ വിലക്കിനെ മറികടന്ന് 1918-ല്‍ തലശ്ശേരിയില്‍ നടന്ന മലബാര്‍ ഡിസ്ട്രിക്ട് കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന് ഗോവിന്ദന്‍ നായരെ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്നു പുറത്താക്കി. ബ്രണ്ണന്‍ കോളജില്‍ നിന്നും 1918-ല്‍ ഇദ്ദേഹം ഇന്റര്‍മീഡിയറ്റ് പാസായി. 1922-ല്‍ നിയമബിരുദം നേടി തലശ്ശേരിയിലും കൊയിലാണ്ടിയിലും അഭിഭാഷക വൃത്തിയിലേര്‍പ്പെട്ടു. 1931-ല്‍ വിവാഹിതനായി. കോണ്‍ഗ്രസ് പാര്‍ട്ടിയിലും സ്വാതന്ത്ര്യസമരത്തിലും സജീവമായി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് 1932-ല്‍ അറസ്റ്റുചെയ്ത്, കണ്ണൂരും കോഴിക്കോട്ടുമായി ആറുമാസത്തെ തടവിനു ശിക്ഷിക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സെന്‍ഗുപ്തയുടെ അധ്യക്ഷതയില്‍ കൊല്‍ക്കത്തയില്‍ വച്ചു നടന്ന യോഗത്തില്‍ പങ്കെടുത്തതിന് 1933-ല്‍ വീണ്ടും അറസ്റ്റുചെയ്ത് ആറ് ആഴ്ചക്കാലം ശിക്ഷ അനുഭവിച്ചു. വ്യക്തി സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ തയ്യാറായിരുന്നെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം മലബാറിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് മലബാറില്‍ നടത്തിയ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ട് നാട്ടികയില്‍ പ്രവര്‍ത്തിച്ചു. 1933-ല്‍ ഇദ്ദേഹത്തെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തു. കമ്യൂണിസ്റ്റുകളുടെ സ്വാധീനം കോണ്‍ഗ്രസ് കക്ഷിയില്‍ വര്‍ധിച്ചിരിക്കുന്നുവെന്നു കണ്ട് ഇദ്ദേഹം കോണ്‍ഗ്രസ്സിന്റെ റിബല്‍ കമ്മിറ്റിയുണ്ടാക്കി അതിന്റെ സെക്രട്ടറിയായി. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കുകൊണ്ടതിനെത്തുടര്‍ന്ന് 1942-ല്‍ അറസ്റ്റിലായി മൂന്നുവര്‍ഷം തടവില്‍ കഴിഞ്ഞു. 1945 ജൂണ്‍ 30-നു വെല്ലൂര്‍ ജയിലില്‍ നിന്നും മോചിതനായി. 1946-ല്‍ കൊയിലാണ്ടി മണ്ഡലത്തില്‍ നിന്നും മദ്രാസ് നിയമസഭാംഗമായി. 1947-ല്‍ വീണ്ടും കെ.പി.സി.സി. സെക്രട്ടറിയായി. മലബാറില്‍ സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ 1951-ല്‍ കോഴിക്കോട്ടു നിന്നും ജനവാണി പത്രം തുടങ്ങി. 1952-ല്‍ പത്രത്തിന്റെ പ്രവര്‍ത്തനം നിലച്ചു. 1952-ല്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും എ.കെ. ഗോപാലനെതിരായി ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വിമോചന സമരകാലത്ത് (1959) തലശ്ശേരിയില്‍ നിരോധനം ലംഘിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റുചെയ്തു. 1960-ലും 1962-ലും കെ.പി.സി.സി. പ്രസിഡന്റായി. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയിലും അംഗമായിരുന്നു. 1964-ല്‍ ഇദ്ദേഹം രാജ്യസഭാംഗമായി. 1964 ജൂണ്‍ 27-ന് കോഴിക്കോട്ട് സി.കെ. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍