This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദന്‍ നായര്‍, ഇടശ്ശേരി (1906 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദന്‍ നായര്‍, ഇടശ്ശേരി (1906 - 74)

ഇടശ്ശേരി ഗോവിന്ദന്‍ നായര്‍

മലയാള കവിയും നാടകകൃത്തും. ഇടശ്ശേരി എന്ന പേരിലും അറിയപ്പെടുന്നു. തിരൂര്‍ താലൂക്കിലെ കുറ്റിപ്പുറത്ത് ഇടശ്ശേരിക്കളം തറവാട്ടില്‍ പി. കൃഷ്ണക്കുറുപ്പിന്റെയും കുഞ്ഞിക്കുട്ടിയമ്മയുടെയും പുത്രനായി 1906 ഡി. 23-ന് ജനിച്ചു. കുറ്റിപ്പുറം ഹയര്‍ എലിമെന്ററി സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പതിനഞ്ചാമത്തെ വയസ്സില്‍ ആലപ്പുഴയിലെത്തി. അവിടെ വക്കീല്‍ ഗുമസ്തനായി ജോലി ആരംഭിച്ചു. എട്ടുകൊല്ലത്തിനു ശേഷം (1929) അവിടെ നിന്നും കോഴിക്കോട്ടെത്തി ഗുമസ്തപ്പണി തുടര്‍ന്നു. ഇടയ്ക്ക് ഒരു കൊല്ലം നാട്ടില്‍ ജോലിയില്ലാതെ കഴിച്ചുകൂട്ടിയെങ്കിലും പിന്നീട് പൊന്നാനിയിലെത്തി സ്ഥിരമായി വക്കീല്‍ ഗുമസ്തന്റെ ജോലിയില്‍ ഏര്‍പ്പെട്ടു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

മലയാള കവിതയെ കാല്പനികതയില്‍ നിന്നു മോചിപ്പിച്ച് കരുത്തും ഗൗരവവും നല്‍കി ജീവിത യാഥാര്‍ഥ്യങ്ങളോട് ഉറ്റ ബന്ധമുള്ളതാക്കിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തിയ കവികളില്‍ പ്രമുഖനാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍.

ശക്തമായ വികാരങ്ങള്‍ ശക്തമായ ഭാഷയില്‍ പ്രകടിപ്പിക്കുവാന്‍ സമര്‍ഥനായ കവിയാണ് ഇടശ്ശേരി. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളാണ് ഇദ്ദേഹത്തിന്റെ കവിതകള്‍ക്ക് നിദാനം. അനുഭവസമ്പന്നമായ ജീവിതചിത്രങ്ങളും കാലിക പ്രശ്നങ്ങളും ഇടശ്ശേരിക്കവിതകളില്‍ തുടിച്ചു നില്ക്കുന്നു. സാമൂഹികവീക്ഷണമുള്ള ഈ കവി മനുഷ്യകൃതങ്ങളായ ദുഃഖങ്ങളിലേക്കാണ് പലപ്പോഴും വിരല്‍ചൂണ്ടുന്നത്. അതിരുകടന്ന ഭയവും സ്നേഹവും സഹതാപവും സ്ഫുരിപ്പിക്കുന്നതല്ല ഇടശ്ശേരിയുടെ കവിതകള്‍. 'അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യന്‍', എന്നു പാടുകയല്ല, ഗര്‍ജിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. അന്ധവിശ്വാസത്തെ കവി നിശിതമായി എതിര്‍ക്കുന്നു. 'കുഴിവെട്ടിമൂടുക വേദനകള്‍ കുതികൊള്‍ക ശക്തിയിലേക്ക് നമ്മള്‍' ഇതാണ് ഇടശ്ശേരിക്കവിതയുടെ ദാര്‍ശനികമായ അന്തര്‍ധാര.

പുത്തന്‍ കലവും അരിവാളും, കറുത്ത ചെട്ടിച്ചികള്‍, ലഘുഗാനങ്ങള്‍, പണിമുടക്കം, അളകാവലി, പൂതപ്പാട്ട്, കാവിലെ പാട്ട് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികള്‍. ഷഷ്ഠിപൂര്‍ത്തി പ്രമാണിച്ച് പ്രസിദ്ധീകരിച്ച ഉപഹാരഗ്രന്ഥമാണ് ഇതാ ഒരു കവി. കൂട്ടുകൃഷി, തിരിച്ചെത്തല്‍, ഓമനേ നീയെന്റെ സ്വത്താണ്, പൊടിപൊടിച്ച സംബന്ധം, രണ്ടും ഒന്നുതന്നെ, കളിയും ചിരിയാണ് (ഏകാങ്കം), ചാലിയത്തി, തൊടിയില്‍ വിടരാത്ത മുല്ല തുടങ്ങിയ നാടകങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്.

പ്രാചീന നാടന്‍പാട്ടുകളുടെ സങ്കല്പസൗഷ്ഠവവും അഭ്യന്തരപ്രകൃതിയും കാവ്യശൈലിയും ഗാനാത്മകതയും ഒത്തിണങ്ങിയ ഒരു ഉത്തമസൃഷ്ടിയാണ് ഇദ്ദേഹത്തിന്റെ പൂതപ്പാട്ട് എന്ന കവിത.

1950-ല്‍ പ്രസിദ്ധീകരിച്ച കൂട്ടുകൃഷി നാട്ടിന്‍പുറത്തെ ജീവിതത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണ്. മലയാള നാടകരംഗത്ത് 7വിപ്ലവകരമായ പരിവര്‍ത്തനം സൃഷ്ടിച്ച കൂട്ടുകൃഷി, സാധാരണ കൃഷിക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും തദ്വാരാ സമൂഹത്തിലെ കാലിക പ്രശ്നങ്ങളെയും വൈകാരിക സംഭാഷണങ്ങള്‍കൊണ്ട് നാടകരംഗത്ത് ഇടിമുഴക്കം സൃഷ്ടിച്ചു. സമൂഹത്തെ ജാതിമതാദി വിഭാഗീയ ചിന്തകളുടെ വരമ്പിട്ടു തിരിക്കരുതെന്നും ഐക്യമാണ് ആവശ്യമെന്നുമാണ് നാടകത്തിന്റെ സന്ദേശം. കൂട്ടുകൃഷി എന്ന നാടകത്തിനും പുത്തന്‍കലവും അരിവാളും എന്ന കവിതാസമാഹാരത്തിനും മദ്രാസ് ഗവണ്‍മെന്റില്‍ നിന്നും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 1970-ല്‍ കാവിലെ പാട്ട് എന്ന ഗ്രന്ഥത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെയും 1971-ല്‍ ഒരു പിടി നെല്ലിക്ക എന്ന കവിതാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. കേരള സാഹിത്യ അക്കാദമിയിലും കേരള സംഗീത നാടക അക്കാദമിയിലും ഇദ്ദേഹം അംഗമായിരുന്നു. ഇടക്കണ്ടിയില്‍ ദേവകിയമ്മയാണ് ഭാര്യ. പൊന്നാനി ഗ്രാമത്തിലെ വളക്കൂറുള്ള മണ്ണുമായി പൊരുതി ജീവിക്കുന്ന സാധാരണ കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതപ്രശ്നങ്ങളില്‍ നിന്നു കൂമ്പെടുത്തുവന്ന്, അവരുടെ രക്തത്തിലും വിയര്‍പ്പിലും അഭിമാനം കൊണ്ടുവളര്‍ന്ന്, അവര്‍ക്കുവേണ്ടി ഗ്രാമീണ ജീവിതത്തിന്റെ ഹൃദയതാളങ്ങളെ ഭാവോജ്ജ്വല ഗാനങ്ങളാക്കി മാറ്റിയ ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ 1974 ഒ. 16-ന് പൊന്നാനിയില്‍ വച്ച് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍