This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദന്‍കുട്ടി, എന്‍. (1925 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദന്‍കുട്ടി, എന്‍. (1925 - 94)

മലയാള ചലച്ചിത്രനടനും എഴുത്തുകാരനും. ചെറുവാരണത്ത് നാരായണന്റെയും നാണിക്കുട്ടിയമ്മയുടെയും മകനായി 1925-ല്‍ ഫോര്‍ട്ടുകൊച്ചിയില്‍ ജനിച്ചു. വിദ്യാഭ്യാസാനന്തരം കുറേനാള്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചു. അവിടെനിന്നും വിരമിച്ചശേഷം മുഴുവന്‍ സമയ അഭിനേതാവും എഴുത്തുകാരനുമായി. കെ.പി.എ.സി., കേരള തിയെറ്റേഴ്സ് മുതലായ നാടകസമിതികളില്‍ വളരെക്കാലം പ്രവര്‍ത്തിക്കുകയുണ്ടായി.

നാടകരംഗത്തുനിന്നും മുള്‍ക്കിരീടം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്കു കടന്ന ഗോവിന്ദന്‍കുട്ടി നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം തിരക്കഥാ രചനയിലും ഇദ്ദേഹം നിഷ്ണാതനായിരുന്നു. 85-ഓളം ചിത്രങ്ങള്‍ക്ക് തിരക്കഥകള്‍ രചിച്ചിട്ടുള്ള ഗോവിന്ദന്‍കുട്ടി അതില്‍ ചിലതില്‍ വടക്കന്‍ പാട്ടുകളുടെ ചലച്ചിത്ര സാധ്യത കണ്ടെത്തി. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ തച്ചോളി അമ്പു, ആദ്യത്തെ 70 എം.എം. ചിത്രമായ പടയോട്ടം എന്നിവയുടെ തിരക്കഥകള്‍ ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. നടന്‍ എന്ന നിലയില്‍ വില്ലന്‍ റോളുകളിലാണ് ഗോവിന്ദന്‍കുട്ടി ഏറെ തിളങ്ങിയിരുന്നത്.

35-ഓളം ചെറുകഥാ സമാഹാരങ്ങളും 15 നാടകങ്ങളും രണ്ട് ലേഖന സമാഹാരങ്ങളും ഗോവിന്ദന്‍കുട്ടിയുടേതായുണ്ട്. ഗൂര്‍ഖ, അറബിക്കടലില്‍ പത്തേമാരി കാണുമ്പോള്‍, നീലക്കണ്ണുകളും പ്രേതങ്ങളും, ഒഴിഞ്ഞ കസേര മുതലായവ ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. യുവകേരളം, സ്വരാജ് മുതലായ പത്രങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1994 ആഗ. 23-ന് ഗോവിന്ദന്‍കുട്ടി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍