This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവിന്ദഗുരു (1666 - 1708)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവിന്ദഗുരു (1666 - 1708)

പത്താമത്തേതും അവസാനത്തേതുമായ സിക്കു ഗുരു. ഒന്‍പതാമത്തെ ഗുരുവായ തേജ് ബഹദൂറിന്റെ പുത്രനായി 1666 ഡി. 26-നു പാറ്റ്നയില്‍ ജനിച്ചു. ഗുജറി (Gujari) എന്നായിരുന്നു മാതാവിന്റെ പേര്. പാറ്റ്നയിലായിരുന്നു ശൈശവം. പിന്നീട് പൂര്‍വികന്മാരുടെ നാടായ ഹിമാലയത്തിന്റെ താഴ്വരയിലുള്ള അനന്തപ്പൂരിലേക്കു താമസം മാറ്റി. ഗോവിന്ദിന് 9 വയസ്സുള്ളപ്പോള്‍ പിതാവായ തേജ് ബഹദൂറിന് മുഗള്‍ ചക്രവര്‍ത്തി മരണശിക്ഷ വിധിച്ചു. 1675 ന. 11-ന് ഡല്‍ഹിയില്‍ വധശിക്ഷ നടപ്പാക്കി. മരണശിക്ഷ ഏറ്റുവാങ്ങുന്നതിനു മുന്‍പ് ഗോവിന്ദിനെ തന്റെ പിന്‍ഗാമിയായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഗുരു ഗോവിന്ദ്

9-ാമത്തെ വയസ്സില്‍ സിക്ക് ഗുരുവായി അവരോധിക്കപ്പെട്ട ഗോവിന്ദ് മുഗള്‍ ചക്രവര്‍ത്തിമാരുടെ കുരുതിയില്‍ നിന്ന് രക്ഷ നേടാനായി അനുയായികളോടൊപ്പം യമുനാ തീരത്തുള്ള പൗന്താ (Paonta) എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അവിടെ വച്ച് സംസ്കൃതം, പേര്‍ഷ്യന്‍, പഞ്ചാബി, ബ്രജ് (Braj) തുടങ്ങിയ ഭാഷകളും ആയുധവിദ്യയും യുദ്ധമുറകളും ഇദ്ദേഹം അഭ്യസിച്ചു. കവിതാ രചനയിലും ഹിന്ദുപുരാണങ്ങളിലും നായാട്ടിലും കുട്ടിക്കാലത്തു ഗോവിന്ദ് താത്പര്യം പ്രകടിപ്പിച്ചിരുന്നു.

യൗവനത്തിലേക്കു പ്രവേശിച്ചതോടെ ഗോവിന്ദിന്റെ ചിന്തയില്‍ പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമായി. തന്റെ അനുയായികളെ ശക്തമായ ഒരു സൈനിക സംഘടനയായി മാറ്റണമെന്ന് ഇദ്ദേഹം തീരുമാനിച്ചു. ഈ ലക്ഷ്യം മനസ്സില്‍ വച്ചു പ്രവര്‍ത്തിച്ച ഗോവിന്ദ് വളരെ വേഗംതന്നെ ഒരു ചെറുസൈന്യത്തെ സംഘടിപ്പിക്കുകയും ചുറ്റുമുള്ള രജപുത്രഗോത്രത്തലവന്മാരുമായി സംഘട്ടനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. 1686-ല്‍ ഭന്‍ഗാനിയില്‍ (Bhanjani)വച്ച് രജപുത്രരുടെ സംയുക്ത സൈന്യത്തെയും ഒരു വര്‍ഷം കഴിഞ്ഞ് നാഡോം (Nadaum) എന്ന സ്ഥലത്തുവച്ച് മുഗള്‍ സാമ്രാജ്യത്തിന്റെ പഞ്ചാബ് ഗവര്‍ണറെയും യുദ്ധത്തില്‍ തോല്പിച്ചു. ഗോവിന്ദിന്റെ വര്‍ധിച്ചുവന്ന ശക്തിയെ മുഗള്‍ സാമ്രാജ്യം ഭയപ്പെട്ടു. ഇതേത്തുടര്‍ന്ന് അറംഗസീബ് ചക്രവര്‍ത്തി തന്റെ മൂത്തപുത്രന്‍ മൊസ്സാം രാജകുമാരനെ (Prince Moazzam) ഗോവിന്ദിനെതിരെ നിയോഗിച്ചു. എന്നാല്‍ രാജകുമാരന്‍ ബുദ്ധിപൂര്‍വം ഗോവിന്ദിനെ തഴഞ്ഞുകൊണ്ടു തന്റെ സേനാനായകന്മാരെ ഉപയോഗിച്ചു ഗോത്രത്തലവന്മാരെ ബലഹീനരാക്കുകയാണു ചെയ്തത്. ഗോവിന്ദ് ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തി അനന്തപ്പൂര്‍ സംരക്ഷിക്കുന്നതിനായി കോട്ടകളുടെ ഒരു ശൃംഖലതന്നെ പണികഴിപ്പിച്ചു. ഈ കാലഘട്ടത്തില്‍ ഗോവിന്ദ് മൂന്നു സ്ത്രീകളെ വിവാഹം കഴിക്കുകയും അവരില്‍ ഇദ്ദേഹത്തിനു നാലു പുത്രന്മാര്‍ ജനിക്കുകയും ചെയ്തു.

തന്റെ പിതാവ് തേജ് ബഹദൂറും ആറാമത്തെ ഗുരുവായിരുന്ന മുത്തച്ഛന്‍ ഹര്‍ ഗോവിന്ദും നടപ്പാക്കിയിരുന്ന ആരാധനാക്രമങ്ങള്‍ ഗോവിന്ദും പിന്തുടര്‍ന്നു. 1699-ന്റെ ആരംഭത്തില്‍ തന്റെ അനുയായികളോട് മുടിയും താടിയും മറച്ച് അനന്തപ്പൂരില്‍ സമ്മേളിക്കാന്‍ ഗോവിന്ദ് ആഹ്വാനം ചെയ്തു.

ഇതേവര്‍ഷം ഏപ്രില്‍ മാസം 13-നു പ്രഭാത ചടങ്ങുകള്‍ക്കുശേഷം കുരുതി സമര്‍പ്പണത്തിനായി അഞ്ചുപേര്‍ സ്വമേധയാ മുന്നോട്ടുവരാന്‍ ഗുരു ആഹ്വാനം ചെയ്തു. ഉടന്‍തന്നെ അഞ്ചുപേര്‍ ഹാജരായി. അവരെ ഇദ്ദേഹം കൂടാരത്തിലേക്കു കൊണ്ടുപോയി. കുറേക്കഴിഞ്ഞു രക്തംവാര്‍ന്നു വീഴുന്ന വാളുമായി തിരിച്ചെത്തി. പിന്നീട് അനുയായികളോടായി ഇദ്ദേഹം പറഞ്ഞു: 'ആ അഞ്ചുമനുഷ്യര്‍ക്കു പകരം ഞാന്‍ അഞ്ചു ആടുകളെയാണ് ബലിയര്‍പ്പിച്ചത്. ആ അഞ്ചു സഹോദരന്മാരും ഇനിമുതല്‍ 'പഞ്ചപ്രിയര്‍' (Panja priyare - five brothers) എന്ന പേരില്‍ അറിയപ്പെടും. ആ അഞ്ചുപേരാണ് പിന്നീട് ഖാല്‍സ (Khalsa) എന്ന പുതിയ ഒരു കമ്യൂണിറ്റിയുടെ കേന്ദ്രബിന്ദുവായിത്തീര്‍ന്നത്. അവരെ ഗോവിന്ദ് ജ്ഞാനസ്നാനം ചെയ്യിക്കുകയും പേരിനോടൊപ്പം സിംഹം എന്നര്‍ഥമുള്ള സിങ് എന്ന പദം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ആ വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളും പേരിനോട് പെണ്‍സിംഹം എന്നര്‍ഥമുള്ള കൗര്‍ എന്ന പദവിയും കൂട്ടിച്ചേര്‍ത്തു. ഗോവിന്ദ് റായ് എന്നായിരുന്നു ഗോവിന്ദ് സിങ്ങിന്റെ യഥാര്‍ഥപേര്. ജ്ഞാനസ്നാനത്തെത്തുടര്‍ന്നാണ് ഇദ്ദേഹം തന്റെ പേര് ഗോവിന്ദ് സിങ് എന്നാക്കി മാറ്റിയത്. 'ഖാല്‍സ'കള്‍ക്ക് അഞ്ചു പ്രതീകാത്മക ചിഹ്നങ്ങള്‍ ഉണ്ടായിരിക്കണമെന്നു ഗോവിന്ദ് സിങ് നിര്‍ദേശിച്ചിരുന്നു. മുടിയും താടിയും മറയ്ക്കുവാനുള്ള ആവരണം (Kais), മുടിയും താടിയും വെടിപ്പായി സൂക്ഷിക്കുവാനുള്ള ഒരു ചീപ്പ് (Kangha), കാല്‍മുട്ടുവരെ നീളമുള്ള ഒരു അടിവസ്ത്രം (Kachha), വലതുകൈയുടെ മണിബന്ധത്തില്‍ അണിയാന്‍ ഒരു ഉരുക്കുവള (Kara), വിശ്വാസസംരക്ഷണത്തിനായി ഒരു വാള്‍ (Kirpan) എന്നിവയാണ് ഈ അഞ്ചു ചിഹ്നങ്ങള്‍. ഇതിനുപുറമേ ഖാല്‍സകള്‍ പുകവലി, പുകയില ചവയ്ക്കല്‍, മദ്യപാനം, രക്തം ഒഴുകി കൊലചെയ്യപ്പെടുന്നവയുടെ മാംസം എന്നിവ വര്‍ജിക്കണമെന്നും ഇദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഒറ്റവെട്ടിനു കൊല്ലുന്ന ജന്തുക്കളുടെ മാംസം സിക്കുകാര്‍ക്ക് വര്‍ജ്യമല്ല. സുശക്തവും വിശുദ്ധവുമായ ഒരു സൈനികവ്യൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗോവിന്ദ് സിങ് ഇത്തരം ആചാരങ്ങള്‍ നടപ്പാക്കിയത്.

ഗോവിന്ദ് സിങ്ങിന്റെ വര്‍ധിച്ചുവന്ന സൈനികശക്തി അയല്‍പക്കത്തുള്ള ഹിന്ദു രാജാക്കന്മാരെയും മുഗള്‍ ഭരണാധികാരികളെയും ഒരുപോലെ ഭയപ്പെടുത്തി. ഇവരുടെ സമ്മര്‍ദഫലമായി ഗോവിന്ദിന് അനന്തപ്പൂര്‍ ഉപേക്ഷിച്ചു പോകേണ്ടതായിവന്നു. ഗോവിന്ദ് അനന്തപ്പൂര്‍ വിട്ടുപോയ തക്കംനോക്കി വംശനാശം വരുത്തണമെന്ന ലക്ഷ്യത്തോടെ പഞ്ചാബിലെ മുഗള്‍ ഗവര്‍ണര്‍ വസീര്‍ഖാന്‍ (Wazir Khan) ഗോവിന്ദിന്റെ ശിശുക്കളായിരുന്ന രണ്ടു പുത്രന്മാരെ പിടികൂടി വധിച്ചു. തുടര്‍ന്നു നടന്ന യുദ്ധത്തില്‍ ഗോവിന്ദിന്റെ അവശേഷിച്ചിരുന്ന രണ്ടു പുത്രന്മാരും വധിക്കപ്പെട്ടു. തന്നെ പിന്‍തുടര്‍ന്നിരുന്ന ശത്രുക്കളെ കബളിപ്പിച്ച് ഗോവിന്ദ് മുക്ക്സ്താറില്‍ (Mukstar) അഭയം തേടുകയും ഏതാണ്ട് ഒരു വര്‍ഷക്കാലം അവിടെ താമസിക്കുകയും ചെയ്തു. അവിടെ ധാരാളം ഹൈന്ദവ കര്‍ഷകരെ ജ്ഞാനസ്നാനം ചെയ്തു സിക്കുമതത്തില്‍ ചേര്‍ക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.

പ്രസിദ്ധീകരണ രംഗത്തും ഗോവിന്ദ് സിങ് തന്റെ ശ്രദ്ധ പതിപ്പിച്ചിരുന്നു. മണിസിങ് (Moneysingh) എന്ന ശിഷ്യന്റെ സഹായത്തോടെ തന്റെ പിതാവും ഒന്‍പതാമത്തെ ഗുരുവുമായ തേജ് ബഹദൂറിന്റെ വചനങ്ങള്‍ ഉള്‍പ്പെടുത്തി വിശുദ്ധ ഗ്രന്ഥമായ ആദിഗ്രന്ഥ് ഇദ്ദേഹം പുതുക്കി പ്രസിദ്ധീകരിച്ചു. സ്വന്തം രചനകള്‍ ദസാം ഗ്രന്ഥ് (Dasam Granth - Tenth Vol.) എന്ന പേരിലും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. സിക്കുകാരുടെ ആരാധനാ ഗ്രന്ഥങ്ങളില്‍ രണ്ടാംസ്ഥാനം ഇതിനാണ്; ഒന്നാംസ്ഥാനം ആദിഗ്രന്ഥത്തിനും.

മുഗള്‍ ചക്രവര്‍ത്തി അറംഗസീബ് മരിക്കുകയും മക്കള്‍ തമ്മില്‍ അധികാര വടംവലി ആരംഭിക്കുകയും ചെയ്തതോടെ ഗോവിന്ദ്സിങ് മുഗള്‍ സാമ്രാജ്യ ആസ്ഥാനത്തേക്കു പുറപ്പെട്ടു. അധികാര വടംവലിയില്‍ ഗോവിന്ദ്, ചക്രവര്‍ത്തിയുടെ മൂത്തപുത്രനായ മൊസ്സാം രാജകുമാരന്റെ ഭാഗം ചേരുകയും അദ്ദേഹത്തിനുവേണ്ടി തന്റെ സിക്കു ഭടന്മാരെയും കൊണ്ടു യുദ്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 1707 ജൂണ്‍ 8-നു ജാജുവാ (Jajua) എന്ന സ്ഥലത്തുവച്ച് ഗോവിന്ദ് വിജയശ്രീലാളിതനായി. തുടര്‍ന്ന് ആഗ്രയില്‍ച്ചെന്ന് ചക്രവര്‍ത്തിയെ സന്ദര്‍ശിക്കുകയും കുറെ മാസം അവിടെ താമസിക്കുകയും ചെയ്തു.

ശിശുക്കളായിരുന്ന തന്റെ രണ്ടു പുത്രന്മാരെ വധിച്ച പഞ്ചാബ് ഗവര്‍ണറെപ്പറ്റി ചക്രവര്‍ത്തിയോട് ഗോവിന്ദ് പരാതിപ്പെട്ടതായി രേഖകള്‍ ഇല്ല. എന്തായാലും പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായി ചക്രവര്‍ത്തി യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല. ആയിടയ്ക്കു ചക്രവര്‍ത്തിയുടെ സഹോദരന്‍ കാം ബാക്ഷ് (Kam Baksh) അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അയാളെ നേരിടാന്‍ ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിന്റെ തെക്കന്‍ ഭാഗത്തേക്ക് യാത്രതിരിച്ചപ്പോള്‍ ഗോവിന്ദ് സിങ് അദ്ദേഹത്തെ അനുഗമിച്ചു. നന്ദറില്‍ (Nander) വച്ച് (ഇപ്പോള്‍ ഈ സ്ഥലം മഹാരാഷ്ട്ര സംസ്ഥാനത്തിലാണ്) ചക്രവര്‍ത്തിയുടെ പരിചാരണഗണത്തില്‍ ഉണ്ടായിരുന്ന രണ്ടു പത്താന്‍ യുവാക്കള്‍ ഗോവിന്ദിന്റെ കൂടാരത്തില്‍ പ്രവേശിച്ച് ഇദ്ദേഹത്തെ കുത്തി പരുക്കേല്പിച്ചു. ഇതേത്തുടര്‍ന്ന് 1708 ഒ. 7-ന് ഇദ്ദേഹം അന്തരിച്ചു. പഞ്ചാബ് ഗവര്‍ണറായിരുന്ന വസീര്‍ ഖാന്‍ ആണ് ഈ കൊലയാളികളെ അയച്ചിരുന്നതെന്നു കരുതപ്പെടുന്നു. തന്റെ മരണത്തിനുമുന്‍പ് സിക്കു പരമ്പര അവസാനിച്ചതായി ഗോവിന്ദ് പ്രഖ്യാപിക്കുകയും ആ സ്ഥാനത്തു പ്രതീകാത്മകമായി ആദിഗ്രന്ഥത്തെ സ്വീകരിക്കാന്‍ അനുയായികളെ ഉപദേശിക്കുകയും ചെയ്തു. ഗോവിന്ദ് ആത്മകഥയില്‍ (Bicitra natak - The Wonderful Drama) തന്റെ ജീവിതലക്ഷ്യത്തെക്കുറിച്ച് ഇപ്രകാരം എഴുതിയിരുന്നു: 'ഞാന്‍ ഈ ലോകത്തു ഭൂജാതനായത് സത്യവും നീതിയും എല്ലായിടത്തും എപ്പോഴും ഉയര്‍ത്തിപ്പിടിക്കുക എന്ന ഉത്തരവാദിത്വത്തോടു കൂടിയാണ്. തിന്മയെ നശിപ്പിക്കുക എന്റെ ലക്ഷ്യമാണ്... നീതി എല്ലായിടത്തും കൊടികുത്തി വാഴണം... നല്ലവര്‍ ജീവിക്കണം... സ്വേച്ഛാധിപതികളെ വേരോടെ നശിപ്പിക്കണം.'

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍