This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോവര്‍ധനന്‍ മാര്‍ത്താണ്ഡന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോവര്‍ധനന്‍ മാര്‍ത്താണ്ഡന്‍

വേണാട്ടിലെ മുന്‍ രാജാവ്. മഹോദയപുരത്തെ പെരുമാക്കന്മാരുടെ ഭരണകാലത്തു (800-1102) ചേര സാമ്രാജ്യത്തിലെ ഏറ്റവും തെക്കേയറ്റത്തെ നാടായിരുന്നു വേണാട്. അവരുടെ സാമന്തന്മാരായിരുന്ന നാടുവാഴികളായിരുന്നു ഇവിടത്തെ ഭരണാധികാരികള്‍. ഈ ഭരണാധികാരികളുടെ കൂട്ടത്തില്‍ പ്രധാനിയായിരുന്നു ഗോവര്‍ധന മാര്‍ത്താണ്ഡന്‍. 10-ാം ശ.-ത്തിന്റെ അന്ത്യപാദവും 11-ാം ശ.-ത്തിന്റെ ആരംഭവുമാണ് ഇദ്ദേഹത്തിന്റെ ഭരണകാലം. തൃക്കൊടിത്താനം ക്ഷേത്രത്തിലുള്ള ഒരു ശാസനത്തില്‍ നിന്ന് (976) ആ ക്ഷേത്രത്തിലെ ഉത്തിരോത്സവം നടത്തുന്നതിന് മുന്‍പിലത്തെ നാടുവാഴിയായിരുന്ന ശ്രീവല്ലഭന്‍കോത കുറേ ഭൂമി ദാനം ചെയ്തതായും ഗോവര്‍ധന മാര്‍ത്താണ്ഡന്‍ അതിന്റെ നടത്തിപ്പിനു വേണ്ട സംവിധാനം ഏര്‍പ്പെടുത്തിയതായും കാണാം. അയല്‍നാടായ നന്റുഴൈ നാട്ടിലും ഗോവര്‍ധന മാര്‍ത്താണ്ഡന് ഭരണപരമായ നിയന്ത്രണമുണ്ടായിരുന്നു എന്നും വ്യക്തമാക്കുന്നു. ഭാസ്കര രവിവര്‍മന്റെ ജൂതശാസനത്തില്‍ (1000) സാക്ഷി നില്‍ക്കുന്ന വേണാട് രാജാവ് ഗോവര്‍ധന മാര്‍ത്താണ്ഡനാണ്. ചോളാക്രമണകാലത്ത് ഗോവര്‍ധന മാര്‍ത്താണ്ഡന്‍ ഭാസ്കര രവിവര്‍മനെ കാര്യമായി സഹായിച്ചിരുന്നു. ആ യുദ്ധത്തില്‍ ഇദ്ദേഹം മരിച്ചിരിക്കാനാണ് സാധ്യത.

(എ. ശ്രീധരമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍