This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോള്‍ഫ്

ഒരു കായികവിനോദം. വിസ്തൃതമായ ഒരു വെളിമ്പ്രദേശത്ത് വിവിധ ദൂരത്തില്‍ തയ്യാറാക്കുന്ന 18 കുഴികള്‍ (holes) കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന അന്താരാഷ്ട്ര പ്രശസ്തിയുള്ള ഈ കായിക വിനോദത്തിന് സമ്പന്നവര്‍ഗത്തിന്റെ ഇടയിലാണ് പ്രചാരം ലഭിച്ചു കാണുന്നത്. വിവിധ ഇനത്തിലുള്ള 14 ക്ലബ്ബുകളും (പന്തടിക്കാനുള്ള കോല്) പ്രത്യേകം തയ്യാറാക്കിയിട്ടുള്ള റബ്ബര്‍ പന്തുകളുമാണ് കളിക്കുവേണ്ട ഉപകരണങ്ങള്‍. ഓരോ കളിക്കാരനും സ്വന്തം ഉപകരണമാണ് കളിക്ക് ഉപയോഗിക്കേണ്ടത്.

ഗോള്‍ഫ് പന്ത്

'ടീ' (Tee) എന്ന് അറിയപ്പെടുന്ന പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സ്ഥലത്തുനിന്നും പുട്ടിങ് ഗ്രീന്‍ (putting green) എന്ന കുഴി പ്രദേശത്തേക്ക് സ്വന്തം ക്ലബ്ബുകൊണ്ട് ഏറ്റവും കുറഞ്ഞ തവണകള്‍ കൊണ്ട് പന്തടിച്ച് കുഴിയിലിടുക എന്നതാണ് കളിയുടെ രീതി. അങ്ങനെ പന്ത് 18 കുഴികളിലും അടിച്ചിടുന്നതാണ് ഒരു ചുറ്റുകളി. ഏറ്റവും കുറഞ്ഞ അടികള്‍കൊണ്ട് എല്ലാ കുഴികളും ഒരു ചുറ്റു പൂര്‍ത്തിയാക്കുന്ന ആള്‍ വിജയി ആയി കണക്കാക്കപ്പെടുന്നു.

എല്ലാ കുഴികള്‍ക്കും രണ്ടു 'ടീ' വീതമുണ്ട്. ഒന്ന് പുരുഷന്മാര്‍ക്കും മറ്റേത് സ്ത്രീകള്‍ക്കും. 'ഗ്രീനി'ന്റെ നടുക്കുള്ള 108 മി.മീ. വ്യാസമുള്ള കുഴിയുടെ സ്ഥാനം ദുരെ നിന്നും വീക്ഷിക്കുവാന്‍ കുഴിയുടെ സമീപം ഒരു കൊടി നാട്ടിയിരിക്കും. ടീ മുതല്‍ ഗ്രീന്‍ വരെ പന്ത് അടിച്ചു കൊണ്ടുപോകേണ്ട വഴിക്ക് ഫെയര്‍വേ എന്നുപറയുന്നു. കാടും പടലും മറ്റും വെട്ടിമാറ്റി, നല്ല ഒരു വഴിയായിട്ടായിരിക്കും ഈ സ്ഥലം തയ്യാറാക്കുന്നത്. എന്നാല്‍ ഈ പാതയില്‍ മണല്‍ത്തിട്ടകളോ വെള്ളക്കെട്ടോ മറ്റു പ്രതിബന്ധങ്ങളോ കണ്ടേക്കാം. 'ഹസ്സാര്‍ഡ്' (hazard) എന്നാണ് പൊതുവേ ഇവ അറിയപ്പെടുന്നത്. അതുപോലെ ഫെയര്‍വേയുടെ രണ്ടുവശങ്ങളും നിരോധനമേഖലയാണ്. അവിടെ പന്തുചെന്നുവീണാല്‍ അവിടെനിന്നും പന്തെടുത്ത് പാതയില്‍ കൊണ്ടുവന്ന് ചില നിയമങ്ങള്‍ അനുസരിച്ച് പന്തു വീണ്ടും അടിക്കാം. 'ഹസ്സാര്‍ഡില്‍' വീണ പന്തടിക്കുന്നതും ചില നിയമങ്ങള്‍ക്ക് വിധേയമായാണ്. ഓരോ കുഴിക്കും ടീ മുതല്‍ ഗ്രീന്‍ വരെ വ്യത്യസ്ത ദൂരമാണുള്ളത്. 90 മീ. മുതല്‍ 540 മീ. വരെയാണ് സാധാരണ ദൂരം.

ഗ്രീനില്‍ രണ്ട് അടി ഉള്‍പ്പെടെ ഇത്ര അടികൊണ്ട് ഓരോ കുഴിയും കീഴടക്കുവാന്‍ ഒരു മാനദണ്ഡം വച്ചിട്ടുണ്ട്. പാര്‍ (par) എന്നാണ് ഇതിനു പറയുക. സാധാരണ ഒരു റൗണ്ട് കളിക്ക് പുരുഷന്മാര്‍ക്ക് 71-ഉം വനിതകള്‍ക്ക് 72-ഉം ആണ് മാനദണ്ഡം.

ഗോള്‍ഫ് കളിക്ക് അധികൃതമായി കണക്കാക്കപ്പെടുന്നത് സ്കോട്ട്ലന്‍ഡിലെ റോയല്‍ ആന്‍ഡ് എന്‍ഷ്യന്റ് ഗോള്‍ഫ് ക്ലബ്ബ് ഒഫ് സെന്റ് ആന്‍ഡ്രൂസ്, യു.എസ്സിലെ ഗോള്‍ഫ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ പ്രഖ്യാപിക്കുന്ന നിയമങ്ങളാണ്.

ഒരു അടി (score) കൂട്ടുകയും അടിച്ച ദൂരം (ഒരടിയുടെ) റദ്ദാക്കുകയും ചെയ്യുക എന്നതാണ് ഗോള്‍ഫിലെ സാധാരണ ശിക്ഷാക്രമം (penalty).

ടീയില്‍ നിന്നും പന്ത് അടിച്ചു കഴിഞ്ഞാല്‍ പിന്നെ കുഴിയില്‍ നിന്നും പന്ത് പുറത്തെടുക്കാന്‍ മാത്രമേ കൈകൊണ്ട് പന്തു തൊടാവൂ. പന്ത് കിടക്കുന്ന കിടപ്പിലടിക്കുക എന്നതാണ് ഗോള്‍ഫ് കളിയുടെ ഒരു പ്രധാന നിയമം.

ഒരു നല്ല പന്തടിക്കളത്തിന് (golf course) 4572 മീ. മുതല്‍ 6400 മീ. വരെയാണ് ദൂരം. പ്രകൃതിദത്തമായ ഒരു വിസ്തൃത ഭൂപ്രദേശം അടക്കിയുള്ള ഒരു കളി ആയതിനാല്‍ പന്തടിക്കുന്ന സ്ഥലങ്ങളില്‍ പലതരത്തിലുള്ള വിഘ്നങ്ങള്‍ ഉണ്ടാകും. അതുകാരണം പന്തടിച്ചു മുന്നേറുവാന്‍ പ്രയാസങ്ങള്‍ ഉണ്ടാകുന്നു. ഈ പ്രയാസങ്ങള്‍ തരണം ചെയ്യുവാന്‍ ഓരോ തരത്തിലുള്ള ശിക്ഷണ നടപടികള്‍ക്ക് വിധേയമാകണം. കളി തുടരാന്‍ സാധിക്കാതെ പന്തു കിടക്കുക, ഹസ്സാര്‍ഡുകളില്‍ പന്ത് അകപ്പെടുക, നിരോധന മേഖലയില്‍ പന്തു പതിക്കുക, പന്തു കാണാതാവുക എന്നിവയാണ് തരണം ചെയ്യേണ്ട പ്രധാന പ്രശ്നങ്ങള്‍.

സ്വന്തം ഉപകരണങ്ങള്‍ ഉപയോഗിച്ച്, ഒന്നോ ഒന്നില്‍ക്കൂടുതലോ എതിരാളികളുമായോ, അല്ലെങ്കില്‍ ഒരു ഗ്രൂപ്പിലെ അംഗവുമായോ ആണ് ഗോള്‍ഫ് കളിക്കുന്നത്. 'സ്റ്റ്രോക് പ്ലേ' എന്നും 'മാച്ച് പ്ലേ' എന്നും രണ്ടു വിധത്തിലുള്ള മത്സരക്കളികളാണ് പ്രധാനമായും ഗോള്‍ഫിലുള്ളത്. 18 കുഴികളുള്ള പന്തടിക്കളത്തില്‍ നാലുവട്ടം ഏറ്റവും കുറഞ്ഞ അടികള്‍ (stroke)കൊണ്ട് കളി പൂര്‍ത്തിയാക്കുന്നവര്‍ വിജയം വരിക്കുന്നു. ചില പ്രധാന 'സ്റ്റ്രോക് പ്ലേ' മത്സരങ്ങളില്‍ 'സ്ഥിതിസമീകരണം' (handicap) നല്കി കളി നടത്തുക പതിവുണ്ട്. പ്രഗല്ഭരും നവാഗതരും തമ്മില്‍ മത്സരിക്കുമ്പോഴാണ് 'സ്ഥിതിസമീകരണം' വേണ്ടിവരുന്നത്. പ്രധാന കളിക്കാരുടെ സ്കോര്‍ കാര്‍ഡില്‍ അവരുടെ പേര്, കുഴികള്‍ തമ്മിലുള്ള യഥാര്‍ഥ ദൂരം, അയാള്‍ക്കു നല്കപ്പെട്ടിട്ടുള്ള ഹാന്റികാപ്പ്, കുഴികള്‍ക്കുള്ള പാര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കും. മത്സരത്തില്‍ സ്ഥിതിസമീകരണം മൊത്തം സ്കോറിന്റെ കൂടെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും.

മാച്ച് പ്ലേയില്‍ എത്ര കുഴികള്‍ ഒരു കളിക്കാരന്‍ കൈയടക്കി എന്നുള്ളതാണ് വിജയത്തിനടിസ്ഥാനം. ഈ കളിക്ക് മുഴുവന്‍ കുഴികളും ഉപയോഗിക്കണമെന്നില്ല. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങള്‍ക്ക് 18 കുഴികളും ഉപയോഗിക്കും.

ഒരു ഗോള്‍ഫ്കളിക്കാരന്റെ സഞ്ചിയില്‍ 14 ക്ലബ്ബുകളും റബ്ബര്‍ നാരില്‍ ചുരുട്ടിക്കെട്ടി ഉണ്ടാക്കിയിട്ടുള്ളതും പ്ലാസ്റ്റിക് കേസിട്ടു പൊതിഞ്ഞതുമായ ഒരു പ്രത്യേകതരം പന്തും കാണും. ക്യാഡി എന്നു വിളിക്കുന്ന ഒരു സഹായിയുടെ സേവനം ഓരോ കളിക്കാരനും ഉണ്ടാക്കിയിരിക്കും. 'ഗ്രീനി'ല്‍ ഉപയോഗിക്കേണ്ട ക്ലബ്ബിന് പുട്ടര്‍ (putter) എന്നുപറയുന്നു. മറ്റു ക്ലബ്ബുകള്‍ തടികൊണ്ടും ലോഹം കൊണ്ടും ഉണ്ടാക്കിയിട്ടുള്ള ക്ലബ്ബ് ഹെഡ്ഡോടുകൂടിയവയാണ്.

ഗോള്‍ഫ് കളിയുടെ ഒരു പ്രാകൃതരൂപം പുരാതന റോമില്‍ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇന്നു നാം കാണുന്ന ഗോള്‍ഫിന്റെ ഉദ്ഭവം സ്കോട്ട്ലന്‍ഡിലാണ്. 1754-ല്‍ സെന്റ് ആന്‍ഡ്രൂസില്‍ റോയല്‍ ആന്‍ഡ് എന്‍ഷ്യന്റ് ഗോള്‍ഫ് ക്ലബ്ബ് സ്ഥാപിക്കപ്പെട്ടത് ഗോള്‍ഫ് കളിയുടെ ചരിത്രത്തില്‍ അതിപ്രധാനമായ ഒരു സംഭവമാണ്. കളിക്കുവേണ്ടി അതിപ്രധാനമായ 13 നിയമങ്ങള്‍ അവര്‍ എഴുതി ഉണ്ടാക്കി. 18, 19, 20 എന്നീ ശതകങ്ങളില്‍ യൂറോപ്പിലും ബ്രിട്ടീഷ് സാമ്രാജ്യ പ്രദേശങ്ങളിലും ഗോള്‍ഫ് കളി പ്രചരിച്ചു തുടങ്ങിയപ്പോള്‍ സെന്റ് ആന്‍ഡ്രൂസ് ക്ലബ്ബിന്റെ നിയമാവലിയാണ് പ്രധാനമായും കളിക്കാര്‍ ആശ്രയിച്ചത്. ഇന്നും അമേരിക്കയിലെ ഗോള്‍ഫ് അസോസിയേഷ(U.S.G.A)നോടൊപ്പമാണെങ്കിലും റോയല്‍ ആന്‍ഡ് എന്‍ഷ്യന്റ് ക്ലബ് ഒഫ് സെന്റ് ആന്‍ഡ്രൂസ് ഗോള്‍ഫ് ക്ലബ്ബ് നിയമാവലിയുടെ കാര്യത്തില്‍ അധീശത്വവും പരമാധികാരവും ഉള്ളവരാണ്. ആദ്യകാലത്ത് പ്രാദേശിക തലങ്ങളില്‍ മാത്രമാണ് ഈ കളി ഒതുങ്ങി നിന്നിരുന്നത്. 1885-ല്‍ ആദ്യമായി ബ്രിട്ടീഷ് അമച്വര്‍ ഗോള്‍ഫ് ചാമ്പ്യന്‍ഷിപ്പ് നടന്നു. ക്രമേണ മറ്റു രാജ്യങ്ങളിലും ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഇന്ന് അന്താരാഷ്ട്ര രംഗത്തെ കായിക വിനോദ മത്സരവേദിയില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന കളിയാണ് ഗോള്‍ഫ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D%E0%B4%AB%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍