This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡ്, തോമസ് (1920 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോള്‍ഡ്, തോമസ് (1920 - 2004)

Gold, Thomas

തോമസ് ഗോള്‍ഡ്

ഓസ്റ്റ്രിയന്‍-അമേരിക്കന്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1920 മേയ് 22-ന് വിയന്നയില്‍ ജനിച്ചു. കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി. കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ ലക്ചറര്‍, റോയല്‍ ഗ്രീനിച്ച് വാനനിരീക്ഷണാലയത്തില്‍ ചീഫ് അസിസ്റ്റന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചശേഷം 1956-ല്‍ അമേരിക്കയിലേക്കു കുടിയേറി. 1959-ല്‍ 'സെന്റര്‍ ഫോര്‍ റേഡിയോ ഫിസിക്സ് ആന്‍ഡ് സ്പേസ് റിസര്‍ച്ചില്‍' ഡയറക്ടര്‍ പദവിയില്‍ നിയമിതനായി.

ജ്യോതിശ്ശാസ്ത്രത്തില്‍ കോസ്മോളജി എന്ന ശാഖയിലാണ് ഗോള്‍ഡിന്റെ മുഖ്യ സംഭാവനകള്‍. പ്രപഞ്ചത്തിന്റെ ഉത്പത്തി, പരിണാമം, ഘടന എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഈ ശാഖയിലേത്. പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള വിവിധാശയങ്ങളില്‍ മഹാവിസ്ഫോടന സിദ്ധാന്ത (The Big-Bang Theory)ത്തിനായിരുന്നു അക്കാലത്ത് പ്രാമുഖ്യം കല്പിച്ചിരുന്നത്. എന്നാല്‍ ഗോള്‍ഡ് 1948-ല്‍ ഹെര്‍മന്‍ ബോണ്ടി (Hermann Bondi)യുമൊത്ത് വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന്റെ സ്ഥിരാവസ്ഥാ സിദ്ധാന്തം (The Steady-State Theory of the Expanding Universe) പ്രസിദ്ധീകരിച്ചു. പ്രപഞ്ചം മൊത്തത്തില്‍ സ്ഥലകാലങ്ങള്‍ക്ക് അതീതമായി മാറ്റമില്ലാതെ സ്ഥിതിചെയ്യുന്നു എന്ന് വാദിക്കുന്നതാണ് ഈ സിദ്ധാന്തം. ഇതനുസരിച്ച് പ്രപഞ്ചം ആദ്യന്തങ്ങളില്ലാതെ സ്ഥിരസാന്ദ്രതയോടെ നിലകൊള്ളുന്നു. എന്നാല്‍ ഹബിളിന്റെ ആശയപ്രകാരം പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയും തദ്വാരാ ഗാലക്സികള്‍ അകന്നുപോവുകയുമാണ്. ഈ രണ്ടു സിദ്ധാന്തങ്ങളും പൊരുത്തപ്പെടണമെങ്കില്‍ ശൂന്യതയില്‍നിന്നും പുതിയ പദാര്‍ഥം ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ പ്രശ്നത്തിനു പരിഹാരം കാണാന്‍ സ്ഥിരസ്ഥിതി സിദ്ധാന്തത്തിനു കഴിഞ്ഞില്ല. പിന്നീട് പരഭാഗവികിരണത്തിന്റെ കണ്ടെത്തലോടെ ഈ സിദ്ധാന്തം പിന്തള്ളപ്പെട്ടു. 1968-ല്‍ പള്‍സാറുകളുടെ കണ്ടുപിടിത്തം നടന്നു. ഉച്ചാവൃത്തിയിലുള്ള റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രത്യേകതരം നക്ഷത്രങ്ങളാണ് പള്‍സാറുകള്‍. ദ്രുതഗതിയില്‍ ഭ്രമണം ചെയ്തുകൊണ്ട് ചെറുപുഞ്ജങ്ങളായി ഊര്‍ജ വികിരണം നടത്തുന്ന ന്യൂട്രോണ്‍ നക്ഷത്രങ്ങളായി ഗോള്‍ഡ് ഇവയെ വ്യാഖ്യാനിച്ചു. ഈ പഠനങ്ങള്‍ പില്ക്കാലത്ത് അംഗീകരിക്കപ്പെടുകയും ചെയ്തു. ചെറുതോതിലാണെങ്കിലും നിശ്ചിതയളവിലുള്ള ഊര്‍ജ നഷ്ടത്താല്‍ പള്‍സാറുകളുടെ ഭ്രമണം മന്ദഗതിയിലാവുമെന്ന് ഇദ്ദേഹം ഊഹിച്ചു. ക്രാബ് നെബുലയിലെ പള്‍സാറിനെ നിരീക്ഷിച്ചതില്‍ നിന്നും ഭ്രമണം മന്ദീഭവിക്കുന്നുവെന്നും ഭ്രമണ കാലം 3.46 x 10-1010 സെ. കണ്ട് വര്‍ധിക്കുന്നുവെന്നും കണ്ടുപിടിച്ചു.

2004 ജൂണ്‍ 22-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍