This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡ്സ്മിത്ത്, ഒലിവര്‍ (1730 - 74)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോള്‍ഡ്സ്മിത്ത്, ഒലിവര്‍ (1730 - 74)

Goldsmith, Oliver

ഇംഗ്ലീഷ് സാഹിത്യകാരന്‍. കവി, നോവലിസ്റ്റ്, നാടകകൃത്ത്, ഉപന്യാസകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഇദ്ദേഹം 1730 ന. 10-ന് അയര്‍ലണ്ടിലുള്ള ലോങ് ഫെഡിലെ പാലസ് മോര്‍കൗണ്ടിയില്‍ ജനിച്ചു. റോസ്കോമണിലെ എല്‍ഫിന്‍ ആണ് ഗോള്‍ഡ് സ്മിത്തിന്റെ ജന്മദേശം എന്നും അഭിപ്രായമുണ്ട്. റവ. ചാള്‍സ് ഗോള്‍ഡ്സ്മിത്ത് ആയിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്.

ഒലിവര്‍ ഗോള്‍ഡ്സ്മിത്ത്

വെസ്റ്റ്മോറിലെ ലിസ്സോയിയിലുള്ള ഗ്രാമീണ വിദ്യാലയത്തിലും എല്‍ഫിന്‍ സ്കൂളിലും ലോങ്ഫെഡിലെ എഡ്വേര്‍ത്ത്സ് ടൗണിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാവപ്പെട്ടവര്‍ക്കുള്ള സഹായം പറ്റിക്കൊണ്ട് ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. 1747-ല്‍ പിതാവ് മരിച്ചു. വിരൂപമായ തന്റെ മുഖവും മുഖത്തെ പാടും ഇദ്ദേഹത്തെ വിഷാദിപ്പിച്ചിരുന്നു. ബി.എ. ബിരുദം സമ്പാദിച്ചശേഷം വൈദ്യശാസ്ത്രപഠനത്തിനായി എഡിന്‍ബറോയിലേക്കും പിന്നീട് ഹോളണ്ടിലേക്കും പോയി.

ലൈഡന്‍ യൂണിവേഴ്സിറ്റിയിലെ വൈദ്യ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം ഫ്രാന്‍സ്, സ്വിറ്റ്സര്‍ലണ്ട്, ഇറ്റലി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് 1756-ല്‍ ലണ്ടനില്‍ മടങ്ങിയെത്തി. യൂറോപ്യന്‍ പര്യടന കാലത്ത് ഇദ്ദേഹത്തിന് ദരിദ്രമായ ജീവിതം നയിക്കേണ്ടിവന്നു.

അധ്യാപനവും വൈദ്യവൃത്തിയും പരാജയമായി മാറിയപ്പോള്‍ ഗോള്‍ഡ്സ്മിത്ത് നിത്യവൃത്തിക്കുള്ള മാര്‍ഗം എന്ന നിലയില്‍ സാഹിത്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. മാസികകളില്‍ നിരൂപണങ്ങളും പരിഭാഷകളും എഴുതിക്കൊണ്ട് സാഹിത്യജീവിതം ആരംഭിച്ച ഇദ്ദേഹം 1760-61 കാലയളവില്‍ പ്രസിദ്ധീകരിച്ച ഉപന്യാസങ്ങളിലൂടെ സഹൃദയശ്രദ്ധ നേടിയെടുത്തു. ദ പബ്ലിക് ലെഡ്ജര്‍ എന്ന പത്രത്തിനുവേണ്ടി രചിച്ച ഉപന്യാസങ്ങള്‍ പില്ക്കാലത്ത് ദ സിറ്റിസണ്‍ ഒഫ് ദ വേള്‍ഡ് ഓര്‍ ലെറ്റേഴ്സ് ഫ്രം എ ചൈനീസ് ഫിലോസഫര്‍ റിസൈഡിങ് ഇന്‍ ലണ്ടന്‍ റ്റു ഹിസ് ഫ്രണ്ട്സ് ഇന്‍ ദി ഈസ്റ്റ് എന്ന പേരില്‍ സമാഹരിച്ച് പുസ്തകമാക്കി. ദ ട്രാവലര്‍ (1764), ദ ഡെസേര്‍ട്ടഡ് വില്ലേജ് (1770) എന്നീ കവിതകളും ദ വികാര്‍ ഒഫ് വേക്ഫീല്‍ഡ് (1766) എന്ന നോവലും, ദ ഗുഡ്നേയ്ച്ചഡ് മാന്‍ (1768), ഷി സ്റ്റൂപ്ഡ് റ്റു കോണ്‍ക്വര്‍, ഓര്‍ ദ മിസ്റ്റേക്സ് ഒഫ് എ നൈറ്റ് (1773) എന്നീ ശുഭാന്തനാടകങ്ങളുമാണ് ഇദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍. ഡോക്ടര്‍ പ്രിംറോസ് എന്ന ഗ്രാമ പുരോഹിതന്റെയും കുടുംബത്തിന്റെയും ജീവിതകഥയുടെ രസകരമായ ആവിഷ്കാരമാണ് ദ വികാര്‍ ഒഫ് വേക്ഫീല്‍ഡ്. ദ ഡെസേര്‍ട്ടഡ് വില്ലേജ് നഗരവത്കരണത്തിന്റെയും ധനമോഹത്തിന്റെയും ദുഷിച്ച വശങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ദ സിറ്റിസണ്‍ ഒഫ് ദ വേള്‍ഡ് നൂറ്റി ഇരുപത്തിമൂന്നോളം ഉപന്യാസങ്ങളുടെ സമാഹാരമാണ്. ഇംഗ്ലണ്ട് സന്ദര്‍ശിക്കാനെത്തിയ ലിയു ചി അല്‍തങ്ങി എന്ന ചീനസഞ്ചാരി ഇംഗ്ലണ്ടിലെ ആചാര മര്യാദകളെക്കുറിച്ച് നാട്ടിലുള്ള സുഹൃത്തുക്കള്‍ക്കെഴുതിയ കത്തുകളുടെ രൂപത്തിലാണ് ഈ കൃതി. ആക്ഷേപഹാസ്യപ്രധാനമായ പ്രസ്തുത കൃതിയിലെ ബോറ്റബ്സ്, മാന്‍ ഇന്‍ ബ്ളാക്ക് എന്നീ കഥാപാത്രങ്ങള്‍ പ്രസിദ്ധങ്ങളാണ്. ആധുനിക കാലഘട്ടത്തില്‍പ്പോലും രംഗത്തവതരിപ്പിക്കാറുള്ള ഷി സ്റ്റൂപ്ഡ് റ്റു കോണ്‍ക്വറിനോളം ആസ്വാദകശ്രദ്ധ പിടിച്ചുപറ്റാന്‍ ദ ഗുഡ് നേയ്ച്ചഡ്മാന്‍ എന്ന നാടകത്തിന് കഴിയാതെ പോയി. ശുഭാന്തനാടകങ്ങള്‍ കാഴ്ചക്കാരെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും വേണമെന്ന് ഗോള്‍ഡ്സ്മിത്ത് ഉറച്ചു വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹം സമകാലികരുടെ സെന്റിമെന്റല്‍ കോമഡികളെ വിമര്‍ശിച്ചിരുന്നു. എ കമ്പാരിസണ്‍ ബിറ്റ്വീന്‍ ലാഫിങ് ആന്‍ഡ് സെന്റിമെന്റല്‍ കോമഡി (1773) എന്ന ഉപന്യാസത്തിന്റെ പ്രതിപാദ്യം ഇതാണ്. സമാഹര്‍ത്താവ് എന്ന നിലയില്‍ പല പ്രസിദ്ധീകരണങ്ങളിലും ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്. ഹിസ്റ്ററി ഒഫ് ദ എര്‍ത്ത് ആന്‍ഡ് അനിമേറ്റഡ് നേച്ചര്‍, പ്ളൂട്ടാര്‍ക്കിന്റെ ലൈവ്സ്, ചില കാവ്യസമാഹാരങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്.

ഡോക്ടര്‍ സാമുവല്‍ ജോണ്‍സണ്‍, സര്‍ ജോഷ്വോ റെയിനോള്‍ഡ്സ് തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സുഹൃത്തായിരുന്നു ഗോള്‍ഡ്സ്മിത്ത്. ഇവരുള്‍പ്പെട്ട ദ ലിറ്റററി ക്ലബ്ബിലെ ആദ്യകാല അംഗങ്ങളില്‍ ഒരാളായിരുന്നു ഇദ്ദേഹം. സാഹിത്യത്തിനു നല്കിയ സംഭാവനകളുടെ അംഗീകാരം എന്ന നിലയില്‍ 1770-ല്‍ റോയല്‍ അക്കാദമിയില്‍ എന്‍ഷ്യന്റ് ഹിസ്റ്ററി പ്രൊഫസര്‍ ആയി നിയമിക്കപ്പെട്ടു. 1774 ഏ. 4-നു ഗോള്‍ഡ്സ്മിത്ത് ലണ്ടനില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍