This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡീ, ജോര്‍ജ് ഡാഷ്വുഡ് ടാബ്മാന്‍ (1846 - 1925)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോള്‍ഡീ, ജോര്‍ജ് ഡാഷ്വുഡ് ടാബ്മാന്‍ (1846 - 1925)

Goldie, George Dashwood Tabman

നൈജീരിയയില്‍ കോളനി സ്ഥാപിക്കുന്നതിന് അടിസ്ഥാനമിട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍. 1846 മേയ് 20-നു മാഞ്ചസ്റ്ററില്‍ ജനിച്ചു. വുള്‍വിച്ചിലെ റോയല്‍ മിലിട്ടറി അക്കാദമിയിലെ പഠനത്തിനുശേഷം 1865 മുതല്‍ 1867 വരെ റോയല്‍ എന്‍ജിനീയേഴ്സില്‍ ജോലിനോക്കി. 1876-ല്‍ ആഫ്രിക്കയില്‍ എത്തി സെന്‍ട്രല്‍ ആഫ്രിക്കന്‍ ട്രേഡിങ് കമ്പനി സ്ഥാപിച്ചു. പിന്നീട് നൈജര്‍ തീരത്തെത്തി ബ്രിട്ടീഷ് സിംഹാസനത്തിന്റെ ഭരണ സൗകര്യാര്‍ഥം ആഫ്രിക്കയിലെ ബ്രിട്ടീഷ് കമ്പനികള്‍ ഏകോപിപ്പിച്ച് 1879-ല്‍ യുണൈറ്റഡ് ആഫ്രിക്കന്‍ കമ്പനി സ്ഥാപിച്ചു. ഇതിനെ നാഷണല്‍ ആഫ്രിക്കന്‍ കമ്പനി എന്ന പേരില്‍ ചാര്‍ട്ടേര്‍ഡ് കമ്പനിയാക്കാന്‍ 1881 മുതല്‍ ഇദ്ദേഹം ശ്രമമാരംഭിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇതിനെ 1886 ജൂല. 10-നു റോയല്‍ നൈജര്‍ കമ്പനി എന്ന പേരില്‍ ചാര്‍ട്ടേര്‍ഡ് കമ്പനിയാക്കി. നൈജീരിയയുടെ മിക്കഭാഗവും ഈ കമ്പനിയുടെ കീഴിലായിരുന്നു. ഗോള്‍ഡീ കമ്പനിയുടെ വൈസ് ഗവര്‍ണറും 1895 മുതല്‍ 1900 വരെ ഗവര്‍ണറുമായിരുന്നു. 1887-ല്‍ ഗോള്‍ഡീക്ക് നൈറ്റ് (knight) പദവി ലഭിച്ചു. 1898-ല്‍ പ്രിവി കൗണ്‍സില്‍ അംഗമായി. 1900-ല്‍ ഗോള്‍ഡീ ചൈനയിലേക്കു പോയെങ്കിലും ബോക്സര്‍ വിപ്ലവത്തെത്തുടര്‍ന്ന് ബ്രിട്ടനിലേക്കു തിരിച്ചുപോയി. ദക്ഷിണ ആഫ്രിക്കന്‍ യുദ്ധത്തെ (1899-1902)ത്തുടര്‍ന്നു രൂപവത്കരിച്ച റോയല്‍ കമ്മിഷനില്‍ 1902 മുതല്‍ 1903 വരെയും 1905 മുതല്‍ 1906 വരെയും സേവനമനുഷ്ഠിച്ചു. 1905 മുതല്‍ 1908 വരെ റോയല്‍ ജ്യോഗ്രഫിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി. 1908 മുതല്‍ 1919 വരെ ലണ്ടന്‍ കൗണ്ടി കൗണ്‍സിലിന്റെ എല്‍ഡര്‍മാന്‍ ആയി. 1905 മുതല്‍ 1914 വരെയും 1915 മുതല്‍ 1920 വരെയും ഇദ്ദേഹം നാഷണല്‍ ഡിഫന്‍സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. 1925 ആഗ. 20-നു ഗോള്‍ഡീ ലണ്ടനില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍