This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡിങ്, വില്യം ജെറാള്‍ഡ് (1911 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോള്‍ഡിങ്, വില്യം ജെറാള്‍ഡ് (1911 - 93)

Golding , William Gerald

വില്യം ഗോള്‍ഡിങ്

ഇംഗ്ലീഷ് സാഹിത്യകാരന്‍. ഒട്ടൊരു ദാര്‍ശനിക ഭാവത്തോടെ മനുഷ്യമനസ്സുകളിലെ നന്മതിന്മകളെ അപഗ്രഥിക്കുന്നതില്‍ അസാമാന്യ പാടവം പ്രകടിപ്പിച്ചിട്ടുള്ള ഈ നോവലിസ്റ്റിനു സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം 1983-ല്‍ ലഭിക്കുകയുണ്ടായി. അലെക്-മില്‍ഡ് റെഡ് ഗോള്‍ഡിങ് ദമ്പതികളുടെ പുത്രനായി കോണ്‍വാളിലെ സെന്റ് കൊളംബ് മൈനറില്‍ 1911 സെപ്. 19-നു ഗോള്‍ഡിങ് ജനിച്ചു. ഓക്സ്ഫഡിലെ ബ്രിസെനോസ് കോളജില്‍ നിന്ന് ബിരുദം നേടിയശേഷം കുറേക്കാലം പിതാവിനെപ്പോലെ അധ്യാപകനായി ജോലി നോക്കി. പിന്നീട് വില്‍റ്റ്ഷയറിലെ തിയെറ്ററില്‍ നടനായും സംവിധായകനായും എഴുത്തുകാരനായും വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുകയുണ്ടായി. ഈ കാലഘട്ടത്തിലെ അനുഭവങ്ങളാണ് ദ പിരമിഡ് എന്ന നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാംലോകയുദ്ധകാലത്തു നേവിയില്‍ ചേര്‍ന്നു യുദ്ധത്തില്‍ പങ്കെടുത്തു. ഈജിപ്തിലെ ചരിത്രപൂര്‍വ മനുഷ്യന്‍ മുതല്‍ തന്റെ കാലഘട്ടത്തിലെ ബ്രിട്ടീഷ് നാവികര്‍ വരെ ഗോള്‍ഡിങ്ങിന്റെ കൃതികളില്‍ കഥാപാത്രങ്ങളാണ്.

ദ പിരമിഡ് (1967), ദ സ്കോര്‍പ്പിയന്‍ ഗോഡ് (1971), ദ ഹോട്ട് ഗേറ്റ്സ് ആന്‍ഡ് അദര്‍ ഒക്കേഷണല്‍ പീസസ് (ലേഖന സമാഹാരം), ദ പേപ്പര്‍മെന്‍ (1984), റൈറ്റ്സ് ഒഫ് പാസ്സേജ് (1980), ലോര്‍ഡ് ഒഫ് ദ് ഫ്ളൈസ് (1954), ദ ഇന്‍ഹെറിറ്റേഴ്സ് (1955), ദ സ്പൈര്‍ (1964), ഡാര്‍ക്നെസ് വിസിബിള്‍ (1979) മുതലായവ ഗോള്‍ഡിങ്ങിന്റെ ശ്രേഷ്ഠ രചനകളാണ്. നോബല്‍ സമ്മാനത്തിനര്‍ഹമായ ലോര്‍ഡ് ഒഫ് ദ ഫ്ളൈസ് 1963-ല്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്.

മനുഷ്യാത്മാവിന്റെ നിഷ്കളങ്കതയാണ് തന്റെ രചനകളുടെ അടിസ്ഥാന തത്ത്വമെങ്കിലും അവയിലൊക്കെ അവിശ്വാസത്തിന്റെ ഒരംശവും ലയിച്ചിരിക്കുന്നതു കാണാം. രക്ഷാകര്‍ത്തൃത്വത്തിന്റെ വിലക്കുകളില്ലാതെ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ഒരു ദ്വീപില്‍ ഏകരായി എത്തപ്പെടുന്ന ഒരു സംഘം കുട്ടികളുടെ മാത്സര്യത്തിന്റെയും ഏറ്റുമുട്ടലിന്റെയും നാശത്തിന്റെയും കഥയാണ് ലോര്‍ഡ് ഒഫ് ദ ഫ്ളൈസ്. നിഷ്കളങ്ക മനസ്സുകളില്‍ പൈശാചികത്വത്തിന്റെ വിത്തുകള്‍ മുളയ്ക്കുന്ന കഥയാണിതെങ്കിലും മനുഷ്യപ്രകൃതത്തിന്റെ മൊത്തമായ മൂല്യത്തകര്‍ച്ചയാണ് ഈ കൃതിയുടെ ആത്മാവ്. അധാര്‍മികത ഒരു പാര്‍ട്ടിയുടെയോ രാഷ്ട്രത്തിന്റെയോ മാത്രം ശാപമല്ല. കാലഘട്ടങ്ങളിലൂടെ, ദേശങ്ങളിലൂടെ അവ രൂപഭാവങ്ങള്‍ മാറി മനുഷ്യരാശിയെ അലട്ടിക്കൊണ്ടിരിക്കുന്നെന്ന ഗോള്‍ഡിങ്ങിന്റെ പ്രവചനം ദിവസം കഴിയുന്തോറും അര്‍ഥവത്താകുന്നു. സങ്കീര്‍ണമായ കഥാപാത്രങ്ങളും മുറ്റിയ സദാചാരഗൗരവവും സാന്ദ്രമായ പ്രതിരൂപാത്മകതയും ചേര്‍ന്ന കൃതിയാണ് ഡാര്‍ക്നെസ് വിസിബിള്‍.

ഓക്സ്ഫഡ്, സോര്‍ബോണ്‍ തുടങ്ങിയ സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് ബിരുദം നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1993 ജൂണ്‍ 19-നു വില്യം ഗോള്‍ഡിങ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍