This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ഡന്‍ മോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോള്‍ഡന്‍ മോള്‍

Golden Mole

ഇന്‍സെക്റ്റീവോറ ജന്തുഗോത്രത്തിലെ ക്രൈസോക്ലോറിഡേ കുടുംബത്തില്‍ ഉള്‍പ്പെടുന്ന ചെറിയ സസ്തനി. ആഫ്രിക്കയാണ് ഇവയുടെ ആവാസകേന്ദ്രം. ക്രൈസോക്ലോറിഡേ കുടുംബത്തില്‍ ഏഴ് ജീനസുകളും (Cholorotalpa, Amblysomus, Chrysochloris, Chrysospalax, Cryptochlorism, Eremitalpa, Calcochloris) ഏകദേശം പതിനെട്ടു സ്പീഷീസുകളുമുണ്ട്. ഏറ്റവും ചെറിയ ഗോള്‍ഡന്‍ മോള്‍ എറിമിടാല്‍പ്പ ഗ്രാന്റി (Eremitalpa granti) ആണ്. ഏറ്റവും വലിയ ഇനമായ ക്രൈസോസ്പലാക്സ് ട്രെവല്‍യാനി (Chrysispalax trevelyani) ആഫ്രിക്കയിലെ കേപ് പ്രൊവിന്‍സിലാണ് കാണപ്പെടുന്നത്.

ഗോള്‍ഡന്‍ മോള്‍

ജീവിതരീതിയിലും സ്വഭാവത്തിലും ഗോള്‍ഡന്‍ 'മോളു'കള്‍ സാധാരണ 'മോളു'കളില്‍ നിന്നും വിഭിന്നമാണ്. ഇവയ്ക്ക് സാധാരണ 'മോളു'കളുമായി(Talpidae)മായി രൂപസാദൃശ്യമുണ്ടെങ്കിലും ശരീരഘടന തികച്ചും വ്യത്യസ്തമാണ്. കൂടാതെ ഈ ജന്തുക്കള്‍ തമ്മില്‍ ജാതിവൃത്തീയമായി (phylogenetic) യാതൊരു ബന്ധവുമില്ല. ഇത് അഭിസരണ പരിണാമ (convergent evolution)ത്തിനുദാഹരണമാണ്. ആന്തരികഘടനാപരമായി ഗോള്‍ഡന്‍ മോളുകള്‍ക്ക് കൂടുതല്‍ സാദൃശ്യം മറ്റൊരു കീടഭോജി (Insectivora) ജന്തുയിനമായ ടെന്റെക്കളോടാണ്.

ഏകദേശം 8-25 സെ.മീ. വലുപ്പമുള്ള ഗോള്‍ഡന്‍ മോളുകള്‍ക്ക് ഭൂമിക്കടിയില്‍ മാളമുണ്ടാക്കി ജീവിക്കുന്നതിനനുയോജ്യമായ വിധത്തിലുള്ള ശാരീരിക അനുകൂലനങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. ഇവയുടെ ദൃഢമായ ശരീരത്തിന് സിലിണ്ടറിന്റെ ആകൃതിയാണുള്ളത്. കുറുകിയ കഴുത്ത്, കൂര്‍ത്ത മുഖം, രോമം കൊണ്ട് മൂടപ്പെട്ട അവശോഷാവസ്ഥയിലുള്ള കണ്ണുകള്‍ എന്നിവ ഇവയുടെ സവിശേഷതകളാണ്. വാലും ബാഹ്യകര്‍ണവും (pinna) ഇല്ലെന്നു തന്നെ പറയാം. കുറുകിയ ശക്തമായ മുന്‍കാലുകളില്‍ നാലുവിരലുകള്‍ വീതമുണ്ട്. ഇവയെല്ലാം നഖരിതവുമാണ്. രണ്ടു മധ്യവിരലുകളില്‍ ശക്തിയേറിയ നഖങ്ങളുമുണ്ട്. ഇത് മണ്ണ് കുഴിക്കുന്നതിന് ഇവയെ സഹായിക്കുന്നു. എന്നാല്‍ യഥാര്‍ഥ 'മോളി'ല്‍ ഓരോ മുന്‍കാലിലും അഞ്ച് വിരലുകള്‍ വീതമാണുള്ളത്. ഗോള്‍ഡന്‍ മോളുകളുടെ പിന്‍കാലുകള്‍ ചെറുതും ബലം കുറഞ്ഞവയുമാണ്. ഇവയില്‍ ഓരോന്നിലും നഖരിതമായ അഞ്ച് വിരലുകള്‍ വീതമുണ്ട്. ഈ വിരലുകള്‍ ചര്‍മസ്തരത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ചര്‍മം ദൃഢമെങ്കിലും അയഞ്ഞ രീതിയിലാണ് ശരീരത്തോട് ചേര്‍ന്നിരിക്കുന്നത്. ദന്തനിര പൂര്‍ണമാണ്. മുപ്പത്തിയാറ് പല്ലുകളുള്ള ആംബ്ലിസോമസ് (Amblysomus) ജീനസ് ഒഴിച്ചാല്‍ മറ്റെല്ലാ ജീനസുകളിലും നാല്പത് പല്ലുകളാണുള്ളത്. ശരീരമാസകലം മിനുസവും തിളക്കവുമുള്ള രോമം ഇടതൂര്‍ന്ന് കാണപ്പെടുന്നു. പിച്ചള, മഞ്ഞ, ചുവപ്പ്, പച്ച, വയലറ്റ് എന്നിവ ചേര്‍ന്ന ഒരു പ്രത്യേക തിളക്കം ഗോള്‍ഡന്‍ മോളുകളുടെ രോമത്തിന്റെ സവിശേഷതയാണ്. ഈ തിളക്കം തന്നെയാണ് ഇവയുടെ പേരിന്റെ അടിസ്ഥാനവും. ബാഹ്യലക്ഷണങ്ങള്‍ വഴി ഇവയുടെ ലിംഗം തിരിച്ചറിയാന്‍ പ്രയാസമാണ്. പെണ്‍ഗോള്‍ഡന്‍ മോളിന് രണ്ട് ജോഡി സ്തനങ്ങള്‍ ഉണ്ട്.

സാധാരണയായി മാളങ്ങള്‍ക്കുള്ളിലാണ് ഇവ കഴിയുന്നതെങ്കിലും അപൂര്‍വമായി രാത്രികാലങ്ങളില്‍ ആഹാരത്തിനായി പുറത്തുവരുന്നു. മണല്‍ക്കൂനകള്‍, വനങ്ങള്‍, കൃഷിസ്ഥലങ്ങള്‍ എന്നീ പ്രദേശങ്ങളിലാണ് സാധാരണയായി ഇവയെ കണ്ടുവരുന്നത്. രാപ്പകല്‍ ഇവ ഊര്‍ജസ്വലങ്ങളാണ്. ഇത് ശരീരോഷ്മാവിനെ സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മണ്ണിനടിയില്‍ കാണപ്പെടുന്ന നട്ടെല്ലില്ലാത്ത ചെറിയ ജന്തുക്കള്‍, ചെറിയ ഇഴജന്തുക്കള്‍ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം. വര്‍ഷകാലങ്ങളിലാണ് സാധാരണയായി ഇവയുടെ പ്രജനനം നടക്കുന്നത്. ആഴം കൂടിയ മാളത്തില്‍ പ്രത്യേകം തയ്യാറാക്കിയ അറകളിലാണ് ഇവ പ്രസവിക്കാറുള്ളത്. ഒരു പ്രസവത്തില്‍ രണ്ടു കുഞ്ഞുങ്ങള്‍ കാണാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍