This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോള്‍ജി കോംപ്ലക്സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോള്‍ജി കോംപ്ലക്സ്

Golgi Complex

ജീവകോശ സൈറ്റോപ്ലാസത്തിലെ ജൈവാന്തര്‍വേശങ്ങളില്‍ ഒരിനം. ഡിക്ടിയോസോമുകള്‍ (Dictyosomes) എന്ന പേരിലും ഇത് അറിയപ്പെടുന്നു. 1898-ല്‍ ഇറ്റാലിയന്‍ സൈറ്റോളജിസ്റ്റായ കാമില്ലോ ഗോള്‍ജിയാണ് ജീവകോശങ്ങള്‍ക്കുള്ളില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഗോള്‍ജിയുടെ ബഹുമാനാര്‍ഥം ഇതിന് ഗോള്‍ജി കോംപ്ലക്സ് എന്ന പേരും ലഭിച്ചു. ബാണ്‍മൂങ്ങയുടെയും (barn Owl) പൂച്ചയുടെയും നാഡീകോശങ്ങളിലാണ് ഗോള്‍ജി ആദ്യമായി ഗോള്‍ജി ശൃംഖല കണ്ടെത്തിയത്.

ജന്തുകോശങ്ങളിലും ചിലയിനം ശൈവാലങ്ങളിലും കശേരുകികളുടെ (chordates) അണ്ഡകങ്ങളിലും (Oocytes) ഒരു ഗോള്‍ജി കോംപ്ലക്സ് മാത്രമേ കാണാറുള്ളൂ. ശൈവാലങ്ങളുടെ റൈസോയിഡുകളില്‍ 25,000 ഗോള്‍ജി ക്ലോപ്ലക്സ് വരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സസ്യങ്ങളിലെ സീവ് (sieve) നാളികളിലും പ്രോകാരിയോട്ടിക കോശങ്ങളിലും ചിലയിനം ഫംഗസുകളിലും ബ്രയോഫൈറ്റുകളുടെയും പന്നലുകളുടെയും പുരുഷ ബീജത്തിലും ചുവന്ന രക്താണുക്കളിലും മറ്റും ഗോള്‍ജി വസ്തുക്കള്‍ ഇല്ല. സസ്യകോശങ്ങളില്‍ അവിടവിടെയാണ് ഗോള്‍ജി വസ്തുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ ജന്തുകോശങ്ങളില്‍ ഇവ പ്രത്യേക സ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കും. കോശഭിത്തിക്കകത്തായി ന്യൂക്ലിയസ്സിനു ചുറ്റുമായിട്ടാണ് ഇവ കാണപ്പെടുന്നത്.

ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് വഴി എടുത്തിട്ടുള്ള സൂക്ഷ്മ ചിത്രങ്ങള്‍ ഇവയുടെ സാന്നിധ്യം സംശയാതീതമാംവണ്ണം തെളിയിച്ചിട്ടുണ്ട്. ഗോള്‍ജിശൃംഖലയ്ക്കു 1.3 μ നീളവും 0.5 μ ഉയരവുമുണ്ട്. ഓരോ ശൃംഖലയിലും സാധാരണയായി മൂന്നുതരം ചര്‍മബന്ധിത ഡിസ്കുകളും പുടികകളും കാണപ്പെടുന്നു. അവയില്‍ ഏറ്റവും വ്യക്തമായി കാണുന്നത് പരന്ന ഡിസ്കുകള്‍ (cisternae) സമരേഖീയമായി തൊട്ടുതൊട്ട് അടുക്കിയിരിക്കുന്നതാണ്. ഓരോ പുടികയ്ക്കും ഇരട്ട സ്തരമാണുള്ളത്. ഡിസ്കുകളുടെയും പുടികകളുടെയും എണ്ണത്തിലും വലുപ്പത്തിലും കോശങ്ങള്‍ തമ്മില്‍ ചില്ലറ വ്യതിയാനങ്ങള്‍ കാണാം. ഗോള്‍ജിവസ്തുക്കളുടെ സ്തരങ്ങള്‍ക്ക് എന്‍ഡോപ്ലാസ്മികസ്തരങ്ങളോടു സാമ്യമുണ്ട്.

സ്രവണ കോശങ്ങളില്‍ ഗോള്‍ജിശൃംഖല ധാരാളമായുള്ളതിനാല്‍ ചില കോശകീയ സംശ്ളേഷണവുമായി ഇവയ്ക്കു ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. കോശഭിത്തി നിര്‍മാണത്തിനുവേണ്ട സെല്ലുലോസ് രൂപികരണത്തില്‍ ഇവയ്ക്കു ഗണ്യമായ പങ്കുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍