This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോലിയാത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോലിയാത്ത്

ബൈബിളിലെ പഴയനിയമത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭീമാകാരനായ ഒരു യോദ്ധാവ്. യഹൂദരുടെ ബദ്ധശത്രുക്കളായിരുന്ന ഫിലിസ്ത്യരുടെ സൈനിക നേതാവായിരുന്നു ഗോലിയാത്ത്. ബൈബിളിലെ പഴയനിയമത്തില്‍ സാമുവലിന്റെ ഒന്നാം പുസ്തകത്തില്‍ (17) ഗോലിയാത്തിനെക്കുറിച്ച് വിവരണമുണ്ട്. ഗാത്ത് എന്ന മല്ലന്റെ നാലു മക്കളില്‍ ഒരാളായിരുന്ന ഗോലിയാത്തിന് എതാണ്ട് മൂന്നുമീ. ഉയരമുണ്ടായിരുന്നുവത്രെ. സാവൂള്‍ യഹൂദ രാജാവായിരുന്ന കാലത്ത് യഹൂദരും ഫിലിസ്ത്യരും തമ്മില്‍ ഒരു യുദ്ധമുണ്ടായി. സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനുപകരം ഇരുസൈന്യങ്ങളിലെയും രണ്ടു മല്ലന്മാര്‍ തമ്മില്‍ ഒരു ദ്വന്ദ്വയുദ്ധം നടത്തി ജയാപജയങ്ങള്‍ നിശ്ചയിക്കാമെന്ന് ഫിലിസ്ത്യര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഫിലിസ്ത്യ സൈന്യത്തിലെ ഗോലിയാത്ത്, യഹൂദരില്‍ നിന്നും ഏതെങ്കിലും ഒരു പോരാളിയെ ദ്വന്ദ്വയുദ്ധത്തിന് വെല്ലുവിളിച്ചു. ഗോലിയാത്തിന്റെ കായികശക്തി അറിയാമായിരുന്ന യഹൂദസൈനികര്‍ ആരുംതന്നെ ആ വെല്ലുവിളി സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. നാല്പതു ദിവസം ഈ വെല്ലുവിളി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അതിനുശേഷം ഈ വെല്ലുവിളിയെ നേരിടുവാന്‍ താന്‍ തയ്യാറാണെന്ന് യഹൂദബാലനായ ദാവീദ് അറിയിച്ചു. ഗോലിയാത്തും ദാവീദും തമ്മില്‍ നടന്ന ദ്വന്ദ്വയുദ്ധത്തില്‍ വെറും കല്ലും കവണിയും ഉപയോഗിച്ച് ദാവീദ് ഗോലിയാത്തിനെ വീഴ്ത്തി എന്നാണു കഥ. ഗോലിയാത്തിന്റെ വാള്‍ എടുത്തുതന്നെ ദാവീദ് ഗോലിയാത്തിന്റെ ശിരസ്സ് ഛേദിച്ചു. ഗോലിയാത്തിന്റെ മരണത്തോടുകൂടി ഫിലിസ്ത്യസേന യഹൂദസേനയ്ക്കു കീഴടങ്ങി.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍