This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോറെ, മൃണാള്‍ (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോറെ, മൃണാള്‍ (1928 - )

മൃണാള്‍ ഗോറെ

സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകയും. 1928-ല്‍ മുംബൈയിലെ പാല്‍ഗാറില്‍ ജനിച്ചു. ഉന്നത വിദ്യാഭ്യാസ പശ്ചാത്തലമുള്ള കുടുംബത്തിലെ അംഗമായ മൃണാള്‍ ഗോറെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരിക്കെ ഗാന്ധിജിയുടെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ ആകൃഷ്ടയാവുകയും മെഡിക്കല്‍ പഠനം ഉപേക്ഷിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാവുകയും ചെയ്തു. 1940-കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി സഹകരിച്ചുപോന്നിരുന്ന ഹിന്ദുഐക്യ സംഘടനയായ രാഷ്ട്രീയ സേവാദള്‍ (ആര്‍.എസ്.ഡി.)ന്റെ സജീവപ്രവര്‍ത്തകയെന്ന നിലയില്‍ വീട്ടമ്മമാരെ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കുന്നതിലാണ് ആദ്യം ഏര്‍പ്പെട്ടത്. 1948-ല്‍ കോണ്‍ഗ്രസ് വിടുകയും സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അണിചേരുകയും ചെയ്തു. ഇക്കാലത്താണ് സോഷ്യലിസ്റ്റ് നേതാവായ കേശവ് ബന്ധുഗോറെയെ വിവാഹം ചെയ്തത്. ജാതിക്കതീതമായ വിവാഹമായിരുന്നു ഇവരുടേത്. 1950-ല്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി മുംബൈയിലെ ഗ്രാമപ്രദേശമായ ഗോറെഗാവോണില്‍ പ്രവര്‍ത്തിച്ചിരുന്ന മഹിളാമണ്ഡലിന്റെ സെക്രട്ടറിയായി. അനിയന്ത്രിതമായ ജനപ്പെരുപ്പവും അസമത്വവും ഈ ഗ്രാമത്തില്‍ പട്ടിണി സൃഷ്ടിച്ചിരുന്ന പശ്ചാത്തലത്തില്‍ മൃണാള്‍ ഗോറെയുടെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് ഒരു കുടുംബാസൂത്രണകേന്ദ്രം സ്ഥാപിക്കുകയുണ്ടായി. ഇതിനു ശേഷവുമുള്ള വര്‍ഷങ്ങളിലാണ് കേന്ദ്രഗവണ്‍മെന്റുപോലും ഇത്തരം ഒരു ബൃഹത്പദ്ധതി നടപ്പിലാക്കിത്തുടങ്ങിയത്. 1954-55 കാലയളവില്‍ ഗോറെഗോവന്‍ ഗ്രാമസഭയില്‍ അംഗമായിരുന്നു. പോര്‍ച്ചുഗീസ് ആധിപത്യത്തില്‍ നിന്നും ഗോവയെ മോചിപ്പിക്കുന്ന സമരത്തിലും മഹാരാഷ്ട്രയ്ക്കു പ്രത്യേക സംസ്ഥാന പദവിക്കായുള്ള മുന്നേറ്റങ്ങളിലും ഗോറെ ദമ്പതികള്‍ സജീവ പങ്കാളികളായി. സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഇവര്‍ക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

1958-ല്‍ നിര്യാതനായ ഭര്‍ത്താവ് കേശവ് ഗോറെയുടെ സ്മരണാര്‍ഥം സഹപ്രവര്‍ത്തകരുമൊത്ത് കേശവ് ഗോറെ ട്രസ്റ്റ് എന്ന പേരില്‍ ഒരു സാമൂഹിക സന്നദ്ധ സംഘടനയ്ക്കു രൂപം നല്‍കി. ഇക്കാലഘട്ടത്തില്‍ ശുചിത്വവും മെച്ചപ്പെട്ട ജീവിതവും നിഷേധിക്കപ്പെട്ട ഗ്രാമീണരുടെ ശബ്ദമായി മാറുവാനും അധികാരികളില്‍ നിന്നും ഗ്രാമീണര്‍ക്ക് അവരുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും മൃണാള്‍ ഗോറെക്കായി. സമൂഹത്തിലെ വന്‍കിടക്കാര്‍ക്കായി ചേരികള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനെതിരെയുള്ള സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ മൃണാള്‍ ഗോറെ, ചേരിനിവാസികള്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ഉറപ്പുവരുത്തി.

1961-ല്‍ ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കു വിജയിച്ച ഇവര്‍ അക്കാലത്ത് ദരിദ്ര-മധ്യവര്‍ഗജന വിഭാഗങ്ങള്‍ അനുഭവിച്ചിരുന്ന ശുദ്ധജല ദൗര്‍ലഭ്യത്തിനെതിരെ ജനമുന്നേറ്റം സംഘടിപ്പിച്ചു. ഇത്തരം പോരാട്ടങ്ങള്‍ മൃണാള്‍ ഗോറെക്ക് 'പാനിപാലാഭായ്' എന്ന സ്നേഹോഷ്മളമായ പേര് സമ്മാനിച്ചു.

1972-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഗോറെ പാര്‍ശ്വവത്കരിക്കപ്പെട്ട കര്‍ഷകര്‍, ദലിതര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്കു നേരെയുള്ള ഭരണകൂട-സമ്പന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി.

1975-ല്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിച്ചതിന് ജയിലിലടയ്ക്കപ്പെട്ട മൃണാള്‍ ഗോറെ തൊട്ടടുത്ത ദേശീയ തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ ലോക്സഭാംഗമായി.

1983-ല്‍ സ്ത്രീകള്‍ക്കുനേരെയുള്ള മാനഭംഗം, സ്ത്രീധനപീഡനം, ഗാര്‍ഹിക പീഡനങ്ങള്‍ എന്നിവയെ ചെറുക്കാന്‍ സ്വാധര്‍ (swadhar) എന്ന പേരില്‍ ഒരു സംഘടനയ്ക്കു രൂപം നല്‍കുകയും അതേ കാലയളവില്‍ത്തന്നെ വനിതാജീവനക്കാരുടേതായ സംഘടനയ്ക്കു നേതൃത്വം നല്കുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭാംഗമായിരിക്കെ മൃണാള്‍ ഗോറെ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിന്റെ വെളിച്ചത്തിലാണ് 1986-ല്‍ സംസ്ഥാനത്ത് ലിംഗനിര്‍ണയ പരിശോധന നിരോധിക്കപ്പെട്ടത്.

രോഗബാധിതയായിരിക്കുമ്പോഴും 80-കളുടെ അവസാനവും തൊണ്ണൂറുകളിലും ജനപക്ഷത്തു നിന്നു കൊണ്ടുള്ള സാമൂഹിക പോരാട്ടങ്ങളില്‍ മൃണാള്‍ ഗോറെ സജീവമായിരുന്നു. എന്‍റോണ്‍ താപനില പദ്ധതിക്കെതിരെയും നര്‍മദാ അണക്കെട്ടിന്റെ നിര്‍മാണത്തിലൂടെ കുടിയൊഴിക്കപ്പെടുന്ന ജനങ്ങള്‍ക്കൊപ്പവും അവര്‍ ശക്തവും സജീവവുമായി നിലയുറപ്പിച്ചു.

2005-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു നിര്‍ദേശിക്കപ്പെട്ട 1000 മഹദ്വ്യക്തികളില്‍ ഒരാള്‍ മൃണാള്‍ ഗോറെയായിരുന്നു.

വാര്‍ധക്യത്തിന്റെ ശാരീരിക പരിമിതികളിലും ദലിതര്‍, സ്ത്രീകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, ആദിവാസി സമൂഹങ്ങള്‍ തുടങ്ങിയവരുടെ സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളിലെ ശബ്ദമായി മൃണാള്‍ ഗോറെ നിലകൊള്ളുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍