This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോറെ, നാരായണ്‍ ഗണേശ് (1907 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോറെ, നാരായണ്‍ ഗണേശ് (1907 - 93)

ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി. മഹാരാഷ്ട്രയിലെ ഹിന്റാളയില്‍ ജനിച്ചു. പിതാവായ ഗണേശ് ഒരു ഗവണ്‍മെന്റ് ആഫീസിലെ ക്ലാര്‍ക്കായിരുന്നു.

ഗോറെ ന്യൂ ഇംഗ്ലീഷ് സ്കൂളിലും പൂണെയിലെ ഫര്‍ഗൂസണ്‍ കോളജിലും വിദ്യാഭ്യാസം ചെയ്തശേഷം 1925-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ പാസ്സാവുകയും 1929-ല്‍ ബിരുദമെടുക്കുകയും ചെയ്തു. 1935-ല്‍ ഇദ്ദേഹം വിധവയായ സുമുതിയെ വിവാഹം ചെയ്തു. 1935-ല്‍ നിയമബിരുദവും നേടി. 1930 മുതല്‍ സജീവരാഷ്ട്രീയത്തില്‍ പങ്കെടുത്തിരുന്ന ഇദ്ദേഹം ഗാന്ധിജിയുടെ അനുഭാവിയായി ഉപ്പുസത്യാഗ്രഹത്തിലും മറ്റും സജീവമായി പങ്കെടുത്തു. 1942-ലെ ക്വിറ്റിന്ത്യാ സമരത്തിലും ഇദ്ദേഹം പങ്കാളിയായി. വിദ്യാഭ്യാസത്തെയും സാമൂഹിക പരിഷ്കരണത്തെയും കുറിച്ച് വിശാലമായ കാഴ്ചപ്പാടാണ് ഇദ്ദേഹത്തിനുള്ളത്. ധാരാളം വായിക്കാറുണ്ടായിരുന്ന ഗോറെ, ലെനിന്‍, റസ്കിന്‍, മാര്‍ക്സ്, മാവോ-സേതുങ് തുടങ്ങിയവരുടെ ആരാധകനായിരുന്നു. സാമൂഹികവും മാനുഷികവുമായ ജീവിതവീക്ഷണമുണ്ടായിരുന്ന ഗോറെ ജാതിക്കും ജാതിജന്യമായ അന്ധവിശ്വാസങ്ങള്‍ക്കുമെല്ലാമെതിരായിരുന്നു.

സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ സംഘാടകരില്‍ പ്രമുഖനായിരുന്നു ഗോറെ. പൂണെ ഡിസ്റ്റ്രിക്ട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി, ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി; ചെയര്‍മാന്‍, കോണ്‍ഗ്രസ് സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചു. പൂണെയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 1967-68 കാലത്ത് മേയറായി. ഇദ്ദേഹം സംയുക്തമഹാരാഷ്ട്ര ആള്‍ പാര്‍ട്ടി ഓര്‍ഗനൈസേഷന്റെ സ്ഥാനാര്‍ഥിയായി. 1957-ല്‍ പൂണെ സിറ്റിയില്‍ നിന്നു മത്സരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.വി. ഗാഡ്ഗിലിനെ തോല്പിച്ചു. 1962 വരെ പാര്‍ലമെന്റംഗമായി തുടര്‍ന്നു. 1970 മുതല്‍ 76 വരെ രാജ്യസഭാംഗമായിരുന്നു. 1977 മുതല്‍ 79 വരെ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി സേവനമനുഷ്ഠിച്ചു.

ഗോറെ പോര്‍ച്ചുഗീസ് സാമ്രാജ്യത്വത്തിനെതിരായി ഗോവ വിമോചനസമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം വരിക്കുകയും ചെയ്തിട്ടുണ്ട്. ജനായത്തഭരണത്തിലും സ്ഥിതിസമത്വത്തിലും അടിയുറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ഗോറെ.

ഒരു നല്ല സാഹിത്യകാരന്‍ കൂടിയായായിരുന്നു ഗോറെ. മറാഠിയിലും ഇംഗ്ലീഷിലും ആണ് ഇദ്ദേഹം സാഹിത്യ രചന നടത്തിയിരുന്നത്. സോഷ്യലിസ്റ്റ് വാരികയായ സാധനയിലെ സ്ഥിരം ലേഖകനായിരുന്നു ഗോറെ. കൂടാതെ ധാരാളം ഉപന്യാസങ്ങളും ലേഖനങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യലിസത്തെയും സാമ്രാജ്യത്വത്തെയും ജയിലിലെ അനുഭവങ്ങളെയുമൊക്കെ അടിസ്ഥാനമാക്കി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഗാന്ധിഞ്ചന്‍ വിവിധ ദര്‍ശിനി (Gandhinchen Vividha Darsanee) എന്ന ഇദ്ദേഹത്തിന്റെ കൃതിയില്‍ ഗാന്ധിജിയുടെ കാഴ്ചപ്പാടുകള്‍ പ്രതിപാദിച്ചിരിക്കുന്നു.

1993 മേയ് 1-നു ഗോറെ അന്തരിച്ചു.

(എസ്. ബീന)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍