This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോറിങ്, ഹെര്‍മന്‍ വില്‍ഹെം (1893 - 1946)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോറിങ്, ഹെര്‍മന്‍ വില്‍ഹെം (1893 - 1946)

Goring, Herman Wilhelm

നാസിപാര്‍ട്ടിയുടെ പ്രചാരകനും സൈനികമേധാവിയും. ബവേറിയയിലെ റോസന്‍ഹൈമില്‍ 1893 ജനു. 12-നു ജനിച്ച ഗോറിങ് 19-ാം വയസ്സില്‍ കമ്മിഷന്‍ഡ് ആഫീസറായി പട്ടാളത്തില്‍ ചേര്‍ന്നു. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചു. 1922-ല്‍ ഇദ്ദേഹം കറിന്‍ ഫൊണ്‍ കാന്റ് സോവിനെ വിവാഹം കഴിച്ചു. അക്കൊല്ലം തന്നെയാണ് ഗോറിങ് ഹിറ്റ്ലറുടെ നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്സ് (നാസി) പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഹിറ്റ്ലര്‍ ഗോറിങ്ങിനെ S.A. (സ്റ്റോം ടൂപ്പേഴ്സ്)യുടെ കമാന്‍ഡര്‍ ആയി നിയമിച്ചു. 1925-ല്‍ നടന്ന പട്ടാള അട്ടിമറി ശ്രമത്തില്‍ ഗോറിങ് വലിയ പങ്കു വഹിച്ചു. അട്ടിമറിശ്രമം വിഫലമായതിനെത്തുടര്‍ന്ന് നാടുവിടേണ്ടിവന്നു. 1927-ല്‍ ഇദ്ദേഹം ജര്‍മനിയില്‍ തിരിച്ചെത്തി. 1928-ല്‍ ജര്‍മന്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടു നാസികളില്‍ ഒരാളായിരുന്നു ഗോറിങ്. 1932-ലെ തെരഞ്ഞെടുപ്പില്‍ 230 സീറ്റുകളോടെ അധികാരത്തില്‍ വന്ന നാസിപാര്‍ട്ടി ഇദ്ദേഹത്തെ റൈഹ് സ്റ്റാഗിന്റെ പ്രസിഡന്റാക്കി.

പാര്‍ലമെന്റിന്റെ ജനായത്ത സ്വഭാവം ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഗോറിങ് ഓരോ ചാന്‍സലര്‍മാരെയായി പുറത്താക്കിക്കൊണ്ടിരുന്നു. അവസാനം 1933 ജനു. 30-നു ചാന്‍സലര്‍ ഹിന്റന്‍ബര്‍ഗ് ഹിറ്റ്ലര്‍ക്കുവേണ്ടി സ്ഥാനമൊഴിഞ്ഞുകൊടുത്തു. രണ്ടു മാസത്തിനകം ഹിറ്റ്ലറെ സ്വേച്ഛാധിപതിയാക്കിക്കൊണ്ടുള്ള ബില്‍ ഗോറിങ് പാര്‍ലമെന്റില്‍ പാസാക്കിയെടുത്തു. പ്രഷ്യന്‍ പൊലീസിനെ തന്റെ വരുതിയിലാക്കി 'ഗെസ്റ്റപോ' എന്ന രഹസ്യ പൊലീസ് സംഘടന രൂപവത്കരിച്ചു. പ്രതിയോഗികളെ മയപ്പെടുത്തിയെടുക്കാന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ നിലവില്‍ക്കൊണ്ടുവന്നതും ഇദ്ദേഹമാണ്.

ഹിറ്റ്ലറുടെ വലതുകൈയായിരുന്ന ഗോറിങ് 'ലുഫ്ത് വാഫെ' (വ്യോമസേന)യുടെ തലവനും ചതുര്‍വര്‍ഷയുദ്ധകാലസാമ്പത്തിക പദ്ധതിയുടെ കമ്മിഷണറുമായിരുന്നു. നിരവധി തവണ ഹിറ്റ്ലറുടെ നയതന്ത്രപ്രതിനിധിയായിരുന്ന ഗോറിങ് വിദേശ നേതാക്കളുടെയിടയിലും സ്വന്തം നാട്ടിലും വളരെ പ്രസിദ്ധനായിരുന്നു.

രണ്ടാം ലോകയുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മന്‍ വ്യോമസേന വന്‍വിജയങ്ങള്‍ നേടിയെങ്കിലും യുദ്ധമേഖല യൂറോപ്പാകെ പരന്നു കഴിഞ്ഞപ്പോള്‍ നാശനഷ്ടങ്ങള്‍ ഏറിവന്നു തുടങ്ങി. യുദ്ധത്തില്‍ ലുഫ്ത് വാഫെയ്ക്ക് പരാജയം സംഭവിച്ചതോടെ ഗോറിങ്ങിന്റെയും നാസി ജര്‍മനിയുടെയും പതനം ആരംഭിച്ചു. 1940-ല്‍ ഹിറ്റ്ലറുടെ പിന്‍ഗാമിയായി നിശ്ചയിച്ചിരുന്ന ഗോറിങ്, ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്യുന്നതുവരെ കൂടെയുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞപ്പോള്‍ ഗോറിങ് സഖ്യകക്ഷികള്‍ക്കു കീഴടങ്ങി. വിചാരണയ്ക്കു ശേഷം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗോറിങ് തൂക്കിക്കൊല നിശ്ചയിച്ച ദിവസത്തിന്റെ തലേദിവസം (1946 ഒ. 15) രാത്രി ന്യൂറെന്‍ബര്‍ഗ് തടവറയില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

(എസ്. ബീന)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍