This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോര്‍ബച്ചേവ്, മിഖായേല്‍ സെര്‍ജിയേവിച് (1931 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോര്‍ബച്ചേവ്, മിഖായേല്‍ സെര്‍ജിയേവിച് (1931 - )

Gorbachev, Mikhail Sergeyevich

മുന്‍ യു.എസ്.എസ്.ആര്‍. പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ ജനറല്‍ സെക്രട്ടറിയും. 'മനുഷ്യ മുഖമാര്‍ന്ന സോഷ്യലിസം' എന്ന പേരില്‍ ഇദ്ദേഹം നടപ്പിലാക്കുവാന്‍ ശ്രമിച്ച 'ഗ്ലാസ് നോസ്ത്', 'പെരിസ്ത്രോയ്ക' പരിഷ്കാരങ്ങളാണ് സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനു വഴിയൊരുക്കിയത്.

മിഖായേല്‍ ഗോര്‍ബച്ചേവ്

1931 മേയ് 2-ന് സ്ട്രാവ്റോ പോളിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗോര്‍ബച്ചേവ്, മോസ്കോ യൂണിവേഴ്സിറ്റിയിലും സ്ട്രാവ്റോ പോള്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നിയമപഠനാനന്തരം ഇദ്ദേഹം 1955-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ക്രൂഷ്ചേവിന്റെ നേതൃത്വത്തില്‍ 1961 ഒക്ടോബറില്‍ നടന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഗോര്‍ബച്ചേവും പങ്കെടുത്തിരുന്നു. സ്ട്രാവ്റോ പോള്‍ സിറ്റിയുടെ സെക്രട്ടറിയായിരുന്ന (1966) ഇദ്ദേഹം 1971-ല്‍ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയംഗവും തുടര്‍ന്ന് മോസ്കോയിലെ പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗവും (1978) അതേവര്‍ഷംതന്നെ പാര്‍ട്ടി സെന്‍ട്രല്‍ സെക്രട്ടറിയുമായി. 1980-ല്‍ പോളിറ്റ് ബ്യൂറോ അംഗമായതോടുകൂടി മോസ്കോയിലേക്ക് താമസം മാറ്റി. യൂറി ആന്ത്രോപ്പോവ് റഷ്യന്‍ പ്രസിഡന്റായിരുന്ന കാലത്ത് (1982-84) പാര്‍ട്ടിക്കാര്യങ്ങളിലും വിദേശകാര്യങ്ങളിലും മുഴുവന്‍ ചുമതലയും ഗോര്‍ബച്ചേവിനായിരുന്നു. 1972-ല്‍ ബെല്‍ജിയവും 1975-ല്‍ പശ്ചിമജര്‍മനിയും 83-ല്‍ കാനഡയും 84-ല്‍ ബ്രിട്ടണും സന്ദര്‍ശിച്ച സി.പി.എസ്.യു. പ്രതിനിധി സംഘത്തെ നയിച്ചത് ഗോര്‍ബച്ചേവാണ്. യു.എസ്.എസ്.ആര്‍. പ്രസിഡന്റ് വിക്തോര്‍ ചെര്‍ണങ്കോയുടെ മരണത്തെ(1985 മാ. 10)ത്തുടര്‍ന്ന് ഇദ്ദേഹം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി.

1985 മേയില്‍ രാജ്യത്ത് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് ലെനിന്‍ഗ്രാഡില്‍ പ്രസംഗിച്ച ഇദ്ദേഹം ആധുനികവത്കരണത്തിനും ഉത്പാദനവര്‍ധനവിനും പാര്‍ട്ടിയുടെ അടിസ്ഥാന തത്ത്വങ്ങളിലും രാഷ്ട്രത്തിന്റെ ഭരണക്രമത്തിലും മാറ്റങ്ങള്‍ അനിവാര്യമാണെന്ന സൂചന നല്കി. പാര്‍ട്ടിയിലും രാജ്യത്തെ സമ്പദ്ഘടനയിലും പുനഃസംഘടനയും ജനാധിപത്യവത്കരണവും ആവശ്യപ്പെടുന്ന പ്രമേയം 1986 ഫെബ്രുവരിയില്‍ സി.പി.എസ്.യുവിന്റെ 27-ാമത് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സാമ്പത്തിക രംഗത്തെ അഴിച്ചുപണി ലക്ഷ്യമിട്ടു പെരിസ്ട്രോയ്ക നടപ്പിലാക്കുവാന്‍ ശ്രമിച്ചു. 1987-ല്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. പാര്‍ട്ടി അംഗങ്ങളല്ലാത്തവരെ ഭരണകൂടത്തിന്റെ പദവികളില്‍ അവരോധിക്കുകയും വിപണിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. ഇതേ വര്‍ഷം നവംബറിലാണ് ഗോര്‍ബച്ചേവ് തന്റെ പെരിസ്ത്രോയ്ക: ന്യൂ തിങ്കിങ് ഫോര്‍ അവര്‍ കണ്‍ട്രി ആന്‍ഡ് ദി വേള്‍ഡ് പ്രസിദ്ധീകരിച്ചത്.

1988-ല്‍ ഗ്ലാസ്നോസ്ത് അവതരിപ്പിക്കപ്പെട്ടതോടെ സോവിയറ്റ് റഷ്യയില്‍ പത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാന്ത്യ്രവും ലഭ്യമായി. ആയിരക്കണക്കിനു കുറ്റവാളികളെ ജയില്‍ മോചിതരാക്കി. ഉദാരീകരണം ലക്ഷ്യമാക്കി സഹകരണ മേഖലയില്‍ കൊണ്ടുവന്ന നിയമം ലെനിന്റെ പുത്തന്‍ സാമ്പത്തിക നയത്തിനു ശേഷം സോവിയറ്റ് യൂണിയനില്‍ നടപ്പിലാക്കിയ ഏറ്റവും സമഗ്രമായ സാമ്പത്തിക പരിഷ്കാരമായിരുന്നു. വിപണിയില്‍ സ്വകാര്യ സംരംഭകരെ അനുവദിച്ചതിനെത്തുടര്‍ന്ന് ഉത്പാദന മേഖലയിലും, വിദേശവ്യാപാര മേഖലയിലും പുതിയ തൊഴില്‍ സംഘടനകള്‍ രൂപീകൃതമായി. ഇത്തരം വാണിജ്യ സംഘടനകള്‍-രാജ്യത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചു. 1988 ജൂണിലെ സി.പി.എസ്.യുവിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് ഭരണകൂടത്തിനുമേലുണ്ടായിരുന്ന പാര്‍ട്ടിയുടെ നിയന്ത്രണം വെട്ടിച്ചുരുക്കിക്കൊണ്ട് രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിന് പുതിയ അധികാരങ്ങള്‍ നല്കി. ഭരണസംവിധാനം അഴിച്ചുപണിയുന്നതിന്റെ ആദ്യപടിയായി സോവിയറ്റ് സോഷ്യലിസ്റ്റ് യൂണിയന്‍ എന്നത് പരമാധികാര സോവിയറ്റ് റിപ്പബ്ലിക്കുകളുടെ യൂണിയന്‍ എന്നാക്കിമാറ്റി. ഇതോടെ റിപ്പബ്ലിക്കുകള്‍ ഓരോന്നായി സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ തുടങ്ങി.

1980-കളുടെ അവസാനത്തോടെ രാജ്യത്ത് രൂക്ഷമായ ഭക്ഷ്യക്ഷാമമുണ്ടായി. യുദ്ധകാല സാഹചര്യങ്ങളെ ഓര്‍മിപ്പിക്കുമാറ് ഓരോ പൗരനും ഭക്ഷണത്തിന് കാര്‍ഡ് സമ്പ്രദായം ഏര്‍പ്പെടുത്തുകയുണ്ടായി. പത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ലഭ്യമായതോടെ സോവിയറ്റ് യൂണിയനിലെ വിവിധ ഭാഷാ-വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ അമര്‍ത്തിവയ്ക്കപ്പെട്ടിരുന്ന അതൃപ്തികള്‍ അണപൊട്ടിയൊഴുകി. ജോര്‍ജിയ, ഉക്രെയ്ന്‍, അര്‍മേനിയ, അസര്‍ബെയ്ജാന്‍ എന്നിവിടങ്ങളില്‍ റഷ്യന്‍വിരുദ്ധവികാരം ആളിക്കത്തി. ഉക്രെയ്നില്‍ നടന്ന ജനഹിതപരിശോധനയ്ക്കു ശേഷം മൂന്നു സ്ളാവ് റിപ്പബ്ലിക്കുകളിലെ നേതാക്കള്‍ യെല്‍റ്റ്സിന്റെ നേതൃത്വത്തില്‍ ഒരു കോമണ്‍വെല്‍ത്ത് രൂപവത്കരിച്ചു. തുടര്‍ന്ന് ഗോര്‍ബച്ചേവിനെ പുറത്താക്കാന്‍ അട്ടിമറിശ്രമം നടന്നു. ഒരു കേന്ദ്രനേതൃത്വത്തിന് അധികാരം വിട്ടുകൊടുക്കാനുള്ള റിപ്പബ്ലിക്കുകളുടെ വൈമനസ്യം ഒടുവില്‍ ഗോര്‍ബച്ചേവിന്റെ രാജിയില്‍ കലാശിച്ചു. 1991 ഡി. 26-ന് ഇദ്ദേഹം രാജിവച്ചു.

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷവും ഗോര്‍ബച്ചേവ് റഷ്യന്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 2001-ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, 2007-ല്‍ യൂണിയന്‍ ഒഫ് സോഷ്യല്‍ ഡെമോക്രാറ്റ്സ് എന്നീ പാര്‍ട്ടികള്‍ക്ക് രൂപം നല്കിയെങ്കിലും അവ ദീര്‍ഘകാലം നിലനിന്നില്ല. റഷ്യയിലെ കോടീശ്വരനായ അലക്സാണ്ടര്‍ ലെബേദേഫുമൊത്ത് 2008-ല്‍ ഇന്‍ഡിപെന്‍ഡന്‍ഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് രൂപം നല്കുന്നതായി പ്രഖ്യാപിച്ചുവെങ്കിലും പ്രസ്തുത ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. വിദേശബന്ധങ്ങളെ സംബന്ധിച്ച ബ്രഷ്നേവ് സിദ്ധാന്തത്തെ മാറ്റുകയും കിഴക്കന്‍ രാഷ്ട്രങ്ങളുമായി ആഭ്യന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സഹകരണം സാധ്യമാക്കുകയും ചെയ്തതിന് ഇദ്ദേഹത്തിന് 1989-ല്‍ സമാധാനത്തിനുള്ള ഓട്ടോ ഹാന്‍ സുവര്‍ണ മെഡല്‍ ലഭിച്ചു. അഫ്ഗാനിസ്താനില്‍ നിന്നും മംഗോളിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചു. ആണവ നിരായുധീകരണ(നിയന്ത്രണം)ത്തിനായി ഒട്ടേറെ ശ്രമങ്ങള്‍ക്കും ഗോര്‍ബച്ചേവ് അന്തരീക്ഷമൊരുക്കുകയുണ്ടായി. 1985-ലെ ജനീവ ഉച്ചകോടി, 1986-ലെ സ്ട്രാറ്റജിക് ഡിഫന്‍സ് ഇനിഷ്യേറ്റീവ് (എസ്.ഡി.ഐ.), 1987-ലെ ഇന്റര്‍മീഡിയറ്റ് റേഞ്ച് ന്യൂക്ളിയര്‍ ഫോഴ്സസ് (ഐ.എന്‍.എഫ്.) ഉടമ്പടി തുടങ്ങിയവ ഇവയില്‍ ചിലതാണ്.

ശീതയുദ്ധം അവസാനിപ്പിക്കുന്നതില്‍ വഹിച്ച പങ്കിനും ആണവ നിരായുധീകരണം, ആയുധനിയന്ത്രണം തുടങ്ങിയവയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതിനും 1990-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായി. 1992-ല്‍ ആദ്യത്തെ റൊണാള്‍ഡ് റെയ്ഗന്‍ സ്വാതന്ത്ര്യ പുരസ്കാരവും 1993-ല്‍ ഒട്ടാവയിലെ കാര്‍ലിടോണ്‍ സര്‍വകലാശാലയുടെ ഓണററി ബിരുദവും 1994-ല്‍ ലൂയിസ് പെല്ലി സര്‍വകലാശാലയുടെ ഗ്രഹിമീവര്‍ അവാര്‍ഡും ദര്‍ഹം, ട്രിനിറ്റി തുടങ്ങി നിരവധി സര്‍വകലാശാലകളുടെ ഡി.ലിറ്റ് ബിരുദവും ഗോര്‍ബച്ചേവിന് ലഭിച്ചു. കുട്ടികളുടെ ആല്‍ബത്തിനായുള്ള 2004-ലെ ഗ്രാമി അവാര്‍ഡ് ഗോര്‍ബച്ചേവിനായിരുന്നു. ആണവ നിരായുധീകരണത്തിനായുള്ള 2010-ലെ ആദ്യത്തെ ഡ്രസ്ഡണ്‍ അവാര്‍ഡും ഇദ്ദേഹത്തിനായിരുന്നു. സാമൂഹ്യസേവനം മുന്‍നിര്‍ത്തി 1992-ല്‍ സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമാക്കി ഇദ്ദേഹം ഗോര്‍ബച്ചേവ് ഫൗണ്ടേഷന് രൂപം നല്കി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍