This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോര്‍ഡിയന്‍ നോട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോര്‍ഡിയന്‍ നോട്ട്

Gordian Knot

ഗ്രീക്കുകഥകളുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം. ഗോര്‍ഡിയന്‍ നോട്ടിനെ സംബന്ധിച്ചു ഗ്രീക്കുകാരുടെ ഇടയിലുള്ള കഥ ഇതാണ്.

ഒരു വണ്ടി തെളിച്ചു സീയൂസ് (Zeus) ദേവന്റെ ക്ഷേത്രനടയിലെത്തുന്ന ആളിനെ രാജാവാക്കിയാല്‍ അവരുടെ കഷ്ടതകള്‍ തീരുമെന്ന് യാതനയനുഭവിച്ചുകൊണ്ടിരുന്ന ഫ്രിജിയന്‍ ജനതയ്ക്കു വെളിപാടുണ്ടായി. സീയുസ് ദേവനു തന്റെ വണ്ടി കാഴ്ചയര്‍പ്പിച്ച ദരിദ്രനായ ഫ്രിജിയന്‍ ഗ്രാമീണന്‍ ഗോര്‍ഡിയസ് (മിഡാസിന്റെ പിതാവ്) അങ്ങനെ അവരുടെ രാജാവായി. ഗോര്‍ഡിയസ് ഈ വണ്ടി അഴിക്കാന്‍ വയ്യാത്ത വിധത്തില്‍ ഒരു കഴയോടു ചേര്‍ത്തു വളരെ വിദഗ്ധമായാണ് ബന്ധിപ്പിച്ചിരുന്നത്. ഈ കെട്ട് (Gordian Knot) അഴിക്കുന്നവന് ഏഷ്യയുടെ ചക്രവര്‍ത്തിപദം ലഭിക്കുമെന്നും ഗ്രീസിലെ പഴമക്കാര്‍ വിശ്വസിച്ചു പോന്നു. മഹാനായ അലക്സാണ്ടര്‍ തന്റെ വാളുകൊണ്ട് ഈ കെട്ട് അറുത്തു എന്നാണ് പറയപ്പെടുന്നത്. ചരിത്രസത്യം ഇതിലെത്രത്തോളമുണ്ട് എന്നു പറയുകവയ്യ. എന്തായാലും അലക്സാണ്ടര്‍ ഏഷ്യ ആക്രമിച്ചു എന്നതു സത്യം തന്നെ. അപരിഹാര്യമായ ഒരു പ്രശ്നത്തിന്റെ പ്രതീകം എന്ന നിലയില്‍ ഇതൊരു ശൈലിയായി മാറിയിട്ടുണ്ട്.

ഏതെങ്കിലും പ്രയാസപ്പെട്ട കാര്യം എളുപ്പവഴിയില്‍ സാധിച്ചെടുക്കുക എന്നതിനു 'റ്റു കട്ട് ദ ഗോര്‍ഡിയന്‍ നോട്ട്' എന്ന പ്രയോഗം ഇംഗ്ലീഷില്‍ നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍