This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോര്‍ഡന്‍, ജോര്‍ജ് (1751 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോര്‍ഡന്‍, ജോര്‍ജ് (1751 - 93)

Gordon, George

ബ്രിട്ടനിലെ പ്രൊട്ടസ്റ്റന്റ് നേതാവ്. ഗോര്‍ഡനിലെ ഡ്യൂക്കായ കോസ്മോ ജോര്‍ജിന്റെ ഇളയ പുത്രന്‍. 1751 ഡി. 26-നു ലണ്ടനില്‍ ജനിച്ചു. ഈറ്റണില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാവികസേനയില്‍ ചേര്‍ന്ന ഇദ്ദേഹം 1772-ല്‍ ലഫ്റ്റനന്റായി. എന്നാല്‍ അഡ്മിറലായിരുന്ന ലോഡ് സാന്‍വിച്ച് ഇദ്ദേഹത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്കാതിരുന്നതില്‍ പ്രതിഷേധിച്ച് ഗോര്‍ഡന്‍ 1774-ല്‍ ജോലി രാജിവച്ചു.

1779-ല്‍ ഇദ്ദേഹം പ്രൊട്ടസ്റ്റന്റ് അസോസിയേഷന്‍ രൂപവത്കരിക്കുകയും, അതിന്റെ തലവനാകുകയും ചെയ്തു. 1778-ലെ കാത്തലിക് റിലീഫ് ആക്റ്റിനെതിരെ ഇദ്ദേഹം 1780 ജൂണ്‍ 2-നു പാര്‍ലമെന്റിലേക്ക് ഒരു പ്രകടനം നയിക്കുകയുണ്ടായി. 50,000 പേരടങ്ങുന്ന ഈ പ്രകടന ജാഥ റോമന്‍ കത്തോലിക്കര്‍ക്കെതിരെ തിരിഞ്ഞു. കോമണ്‍ സഭയിലേക്ക് അതിക്രമിച്ചു കയറുമെന്ന ഭീഷണി ഇവര്‍ മുഴക്കി. റോമന്‍ കത്തോലിക്കാ സഭയുടെ നിരവധി പള്ളികള്‍ ഇവര്‍ നശിപ്പിച്ചു. തടവറകള്‍ തുറന്ന് തടവുപുള്ളികളെ പുറത്തുവിട്ടു. ബാങ്ക് ഒഫ് ഇംഗ്ലണ്ട് ആക്രമിച്ചു. ജൂണ്‍ 8-നു 20,000 പേര്‍ അടങ്ങുന്ന പട്ടാളം ഇടപെട്ടു. 450-ഓളം പേര്‍ മരണമടഞ്ഞതിനുശേഷം മാത്രമാണ് ഈ ആക്രമണങ്ങള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് ഗോര്‍ഡന്റെമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. 1786-ല്‍ കാന്റര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് ഇദ്ദേഹത്തെ മതഭ്രഷ്ടനാക്കി. ഫ്രഞ്ചു രാജ്ഞിയെ അപകീര്‍ത്തിപ്പെടുത്തിയതിന് 1787-ല്‍ ഇദ്ദേഹത്തെ ശിക്ഷിച്ചു. എന്നാല്‍ ഇദ്ദേഹത്തിനു ഹോളണ്ടിലേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. എങ്കിലും വാഴ്സായില്‍സ് കോടതിയുടെ നിര്‍ദേശാനുസരണം ഇദ്ദേഹത്തിനു ഹോളണ്ടും വിടേണ്ടിവന്നു. ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ഗോര്‍ഡനെ 1788 ജനു.-യില്‍ അഞ്ചു വര്‍ഷത്തേക്ക് തടവുശിക്ഷയ്ക്കു വിധിച്ചു. 1793 ന. 1-ന് ഇദ്ദേഹം ന്യൂഗേറ്റില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍