This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോര്‍ക്കി, മാക്സിം (1868 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോര്‍ക്കി, മാക്സിം (1868 - 1936)

Gorky, Maksim

മാക്സിം ഗോര്‍ക്കി

റഷ്യന്‍ സാഹിത്യകാരന്‍. അലിക്സെയ് മക്സ്യെയ് മക്സീമവിച് പിഷ്കോഫിന്റെ തൂലികാനാമമാണ് മാക്സിം ഗോര്‍ക്കി. സവ്യെത് (സോവിയറ്റ്) സാഹിത്യത്തിന്റെ പിതാവും സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സ്ഥാപകനുമായ ഇദ്ദേഹം 1868 മാ. 16-ന് നിഷ്നിയ്നോവ്ഗരത് എന്ന സ്ഥലത്ത് (ഇപ്പോള്‍ ഗോര്‍ക്കി എന്ന് അറിയപ്പെടുന്നു) എം.എസ്. വിഷ്കോഫിന്റെയും വി.വി. കഷിരിനയുടെയും പുത്രനായി ജനിച്ചു. ബാല്യകാലത്തുതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഗോര്‍ക്കി മാതൃകുടുംബത്തിലാണ് വളര്‍ന്നത്. സാമ്പത്തിക ശേഷി നശിച്ചുകൊണ്ടിരുന്ന കുടുംബത്തിലെ കാലുഷ്യം നിറഞ്ഞ അന്തരീക്ഷത്തില്‍ ഗോര്‍ക്കിയുടെ ഏക ആശ്രയം കഥകളും നാടന്‍ പാട്ടുകളും മറ്റും ഹൃദ്യമായി പകര്‍ന്നു കൊടുത്തിരുന്ന മുത്തശ്ശിയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഉപജീവനം തേടി എട്ടാം വയസ്സുമുതല്‍ പല തൊഴിലുകളിലുമേര്‍പ്പെടേണ്ടിവന്നു. വോള്‍ഗയിലെ ഒരു ആവിക്കപ്പലില്‍ പണിയെടുക്കുമ്പോഴാണ് പാചകക്കാരന്‍ ഇദ്ദേഹത്തെ പുസ്തക വായനയ്ക്കു പ്രേരിപ്പിച്ചത്. തുടര്‍ന്നു വായന ഗോര്‍ക്കിക്ക് പ്രിയങ്കരമായിത്തീര്‍ന്നു. തൊഴിലുടമകളുടെ മര്‍ദനത്തിനും നീചമായ പെരുമാറ്റത്തിനും ഇരയായിരുന്ന ഗോര്‍ക്കി തെക്കന്‍ റഷ്യയില്‍ സഞ്ചരിക്കുകയും സമൂഹത്തിലെ താഴേക്കിടയിലുള്ള ജനങ്ങളുടെ ജീവിതരീതി അനുഭവിച്ചറിയുകയും ചെയ്തു. ഇക്കാലത്തു രാഷ്ട്രീയത്തില്‍ താത്പര്യം ജനിച്ച ഗോര്‍ക്കി, ഭരണകൂടം വിലക്കു കല്പിച്ചിരുന്ന ജനകീയ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും 1889 മുതല്‍ പൊലീസിന്റെ നോട്ടപ്പുള്ളിയായിത്തീരുകയും ചെയ്തു.

1890-കളില്‍ എഴുത്തുകാരനായി അറിയപ്പെട്ടു തുടങ്ങിയ ഗോര്‍ക്കി തന്റെ ആദ്യകാല ആക്ഷേപഹാസ്യകൃതികളില്‍ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ യാതനകള്‍ എടുത്തുകാട്ടി, അവര്‍ക്കായി ശബ്ദമുയര്‍ത്തി. ജോര്‍ജിയയിലെ തിഫ്ലിസില്‍വച്ച് ആദ്യത്തെ ചെറുകഥ 'മകാര്‍ചൂദ്ര' (1892) പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്നു മൂന്നു വാല്യങ്ങളിലായി പുറത്തിറങ്ങിയ ലേഖനങ്ങളും കഥകളും (1898-99) റഷ്യയ്ക്കുള്ളിലും വിദേശത്തും ആവേശകരമായ പ്രതികരണം ഉളവാക്കുകയും ഇദ്ദേഹത്തിന് വിശ്വപ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു. കാല്പനികതയുടെ സ്വാധീനം പ്രകടമായിരുന്ന സ്തറുഹ ഇസെര്‍ഗില്‍ (Old Izergil, 1895), പ്യെസ്ന്യ ബുരിവ്യെസ്തനിക (Song of the Stormy Petrel, 1901) തുടങ്ങിയ കൃതികള്‍ വിപ്ലവത്തിന്റെ ആഹ്വാനമായി കരുതപ്പെട്ടിരുന്നു.

20-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തില്‍ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായ ഗോര്‍ക്കി, ലെനിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊള്ളുകയും വിപ്ലവപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 1917-ലെ ഒക്ടോബര്‍ വിപ്ലവത്തിനു തൊട്ടുമുമ്പുള്ള കാലഘട്ടത്തില്‍ ഗോര്‍ക്കി മുഖ്യമായി 6 നോവലുകളും നാടകങ്ങളും രചിക്കുന്നതില്‍ വ്യാപൃതനായി. ഫോമ ഗര്‍ദ്യേയെഫ് (Foma Gordeeyev 1899) എന്ന ആദ്യ നോവലില്‍ തൊഴിലാളിവര്‍ഗത്തെ അഭിമാനപുരസ്സരം ചിത്രീകരിച്ചിട്ടുണ്ട്. ലോകത്തിലെ മിക്ക ഭാഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള മതര്‍ (Mother, 1906) എന്ന കൃതിയില്‍ ഗോര്‍ക്കി തൊഴിലാളിവര്‍ഗം സോഷ്യലിസം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തെയും, തത്ഫലമായി ഉദ്ഭവിച്ച പുതിയ വ്യക്തിത്വത്തെയും യഥാതഥമായി വര്‍ണിച്ചിരിക്കുന്നു. ഈ കാലയളവിലെ മറ്റു നോവലുകള്‍ ഇസ്പെവ്യെദ് (A Confession, 1908), ഗറദോവ് അകൂറഫ് (The Town of Okurou, 1909) തുടങ്ങിയവയാണ്. ഇക്കാലത്തുതന്നെ ഗോര്‍ക്കി നദ്ന്വെ (The Lower Depths, 1902, അടിത്തട്ടില്‍), മെശാനെ (The Philisti-nes-പൈറ്റി ബൂര്‍ഷ്വാകള്‍, 1901), ദാച്നികി (Summer Residents, 1905), വ്റോഗീ (The Enemies, 1906), വാസഷിലൊസ്നവ (Vassa Zheleznova-ആദ്യപതിപ്പ്, 1910) തുടങ്ങിയ നാടകങ്ങളും രചിച്ചു. മോസ്കോ ആര്‍ട്ട് തിയെറ്റര്‍ ഇവയെല്ലാം അക്കാലത്തുതന്നെ അവതരിപ്പിക്കുകയുണ്ടായി. ഏറ്റവും പ്രസിദ്ധമായ നദ്ന്വെ ബെര്‍ലിനില്‍ രണ്ടുവര്‍ഷം പ്രദര്‍ശിപ്പിച്ചതായി പറയപ്പെടുന്നു. തന്റെ ഇതരകൃതികളിലെന്നപോലെ പ്രസ്തുത നാടകത്തിലും സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനജീവിതത്തെ കേന്ദ്രീകരിച്ച് യഥാതഥമായി രചന നടത്തിയ ഗോര്‍ക്കി ഓരോ മനുഷ്യനിലും അന്തര്‍ലീനമായ മാനുഷികതയും അന്തസ്സും ഉയര്‍ത്തിക്കാട്ടി.

1905 ഗോര്‍ക്കിയെ സംബന്ധിച്ചിടത്തോളം സുപ്രധാന വര്‍ഷമായിരുന്നു. അന്നു നടന്ന പ്രഥമ തൊഴിലാളി വിപ്ലവത്തില്‍ ഇദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് ബോള്‍ഷെവിക് പാര്‍ട്ടിയില്‍ ചേര്‍ന്ന ഗോര്‍ക്കി ലെനിനുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം ഇദ്ദേഹം നടത്തിയ ഏകാധിപത്യവിരുദ്ധ പ്രക്ഷോഭണത്തിന്റെ പേരില്‍ തുറുങ്കില്‍ അടയ്ക്കപ്പെട്ടുവെങ്കിലും താമസിയാതെ പൊതുജനാഭിപ്രായത്തെ മാനിച്ച് വിട്ടയയ്ക്കപ്പെട്ടു. 1906-ല്‍ ഗോര്‍ക്കി അമേരിക്കയിലേക്കു പോകുകയും റഷ്യന്‍ വിപ്ലവത്തിനു പിന്തുണ നേടുന്നതിന് പ്രചാരപ്രക്ഷോഭണം നടത്തുകയുമുണ്ടായി.

ഇറ്റലിയിലെ കപ്രീദ്വീപില്‍ ഗോര്‍ക്കി കുറേക്കാലം (1906-13) ചെലവഴിച്ചു. ബോള്‍ഷെവിക് പാര്‍ട്ടിയുമായി ചെറിയതോതില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്ന ഇദ്ദേഹം കുറേക്കാലം മത-തത്ത്വ ചിന്താപരമായ (God building) പ്രസ്ഥാനത്തിന്റെ വക്താവാകുകയും, പ്രസ്തുത കാഴ്ചപ്പാട് ഇസ്മവ്യെദ് എന്ന നോവലില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ലെനിന്റെ ഉപദേശം മാനിച്ച് ആ പ്രസ്ഥാനത്തില്‍നിന്നു മാറുകയുണ്ടായി. 1913-ല്‍ റഷ്യയില്‍ തിരിച്ചെത്തിയ ഗോര്‍ക്കി നോവല്‍ രൂപേണയുള്ള ആത്മകഥയുടെ ആദ്യഭാഗം-ദെത്സ്തവ (Childhood, 1913-14) രചിച്ചു. ഏറെ സാഹിത്യമൂല്യമുള്ളതും ഇദ്ദേഹത്തിന്റെ ഏറ്റവും മെച്ചപ്പെട്ട കൃതികളിലൊന്നായി കരുതപ്പെടുന്നതുമായ പ്രസ്തുത രചനയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ വ്ലൂദ്യാഹ് (In the world, 1915), മയീ ഉനിവെര്‍സിത്യെതി (My Universities, 1922) എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിനകം ക്ഷയരോഗബാധിതനായിക്കഴിഞ്ഞിരുന്ന ഗോര്‍ക്കി 1921-ല്‍ ചികിത്സാര്‍ഥം ഇറ്റലിയിലേക്കു താമസം മാറ്റുകയുണ്ടായി. ഇക്കാലത്താണ് (1924-31) ലെനിനെക്കുറിച്ചും തന്റെ സുഹൃത്തുക്കളും പ്രസിദ്ധ എഴുത്തുകാരുമായിരുന്ന ടോള്‍സ്റ്റോയി, ചെഖോഫ്, കറെല്യന്‍ക തുടങ്ങിയവരെക്കുറിച്ചും വിഖ്യാതമായ ഓര്‍മക്കുറിപ്പുകള്‍ രചിച്ചത്. ഗോര്‍ക്കിയുടെ ഏറ്റവും മഹത്തായ രചനകളായി കരുതപ്പെടുന്നത് ആത്മകഥയും ഓര്‍മക്കുറിപ്പുകളുമാണ്. ഹൃദ്യവും ചടുലവുമായ വര്‍ണനാസമ്പ്രദായവും ഭാവനാവൈഭവവും ഇതിലെ ശൈലിയുടെ സവിശേഷതകളാണ്.

1925-ല്‍ എഴുതപ്പെട്ട ദ്യെള അര്‍തമോനവിഹ് (The Artamanov affair) എന്ന നോവലില്‍ ഗോര്‍ക്കി ബൂര്‍ഷ്വാ മൂല്യങ്ങളുടെ അധഃപതനത്തിലേക്കു വിരല്‍ ചൂണ്ടുന്നു. മുതലാളിത്ത വ്യവസ്ഥയുമായി നിരന്തര സമരത്തിലായിരുന്ന ഗോര്‍ക്കി തന്റെ എല്ലാ കൃതികളിലും അതിനെ എതിര്‍ത്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അവസാന കൃതി ഷീസന്‍ ക്ലീമ സാംഗിന (The life of Klim Sanghin, 192736) എന്നു പേരായ പൂര്‍ത്തീകരിച്ചിട്ടില്ലാത്ത ഇതിഹാസ നോവല്‍ ആണ്.

കലാസാംസ്കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ തത്പരനായിരുന്ന ഗോര്‍ക്കി 1934-ല്‍ സോവിയറ്റു യൂണിയനിലെ 'എഴുത്തുകാരുടെ സംഘടന' (Writers Union) യുടെ ആദ്യത്തെ അധ്യക്ഷനായിരുന്നു. ഇദ്ദേഹം നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കു തുടക്കം കുറിക്കുകയും പ്രസിദ്ധീകരണശാലകള്‍ സ്ഥാപിക്കുകയും ചെയ്തു. ലെനിന്റെ അഭിപ്രായത്തില്‍ 'പ്രോലിറ്റേറിയന്‍' എഴുത്തുകാരനായ ഗോര്‍ക്കിക് ആഗോള തൊഴിലാളി പ്രസ്ഥാനവുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. തന്റെ ജീവിതകാലത്തുതന്നെ പ്രശസ്തിയും ജനപ്രീതിയും ആഗോളാടിസ്ഥാനത്തില്‍ത്തന്നെ നേടാന്‍ കഴിഞ്ഞ മനുഷ്യസ്നേഹിയും പ്രതിഭാധനനുമായിരുന്നു ഇദ്ദേഹം. സോവിയറ്റ് സാഹിത്യത്തിലെ ഏറ്റവും ശുഭാപ്തിവിശ്വാസിയായ എഴുത്തുകാരന്‍ എന്നറിയപ്പെടുന്ന ഗോര്‍ക്കി 1936 ജൂണ്‍ 18-ന് അന്തരിച്ചു. മോസ്കോയിലെ ക്രെംലിന്‍ ചുവരിനു (Kremlin Wall) സമീപം സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ റെഡ് സ്ക്വയറില്‍ (Red Square) ആണ് ഇദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്.

ഗോര്‍ക്കിയുടെ നാടകങ്ങളുടെ അവതരണം നിര്‍വഹിച്ച മോസ്കോ ആര്‍ട്ട് തിയെറ്ററും ലെനിന്‍ഗ്രാദിലെ വിഖ്യാതമായ ബാല്‍ഷോയ് തിയെറ്ററും ഗോര്‍ക്കിയുടെ നാമം വഹിക്കുന്നു. ഗോര്‍ക്കി, കസാന്‍ കൂയ്ബിഷെഫ് എന്നീ നഗരങ്ങളിലും ഉക്രെയ്നിലെ മനുയിലഫ്ക ഗ്രാമത്തിലും ഗോര്‍ക്കി മ്യൂസിയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിസ്മരണീയനായ ഇദ്ദേഹത്തിന്റെ നാമധേയത്തില്‍ വിവിധ സര്‍വകലാശാലകള്‍, ഫാക്ടറികള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തെ സോവിയറ്റ് സാംസ്കാരിക കേന്ദ്രം 'ഗോര്‍ക്കിഭവന്‍' എന്ന പേരിലറിയപ്പെടുന്നു. ഗോര്‍ക്കിയുടെ മിക്ക കൃതികളും ലോകത്തിലെ പ്രമുഖ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍