This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോരഖ്പൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോരഖ്പൂര്‍

ഉത്തര്‍പ്രദേശിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനനഗരവും 3324 ച.കി.മീ. വിസ്തൃതിയുള്ള ഗോരഖ്പൂര്‍ ജില്ല, തെ. ഘാഘരാ നദിക്കും വ. നേപ്പാള്‍ അതിര്‍ത്തിക്കുമിടയിലായി സ്ഥിതി ചെയ്യുന്നു. ജില്ലയിലെ വിസ്തൃതമായ എക്കല്‍സമതലത്തില്‍ അങ്ങിങ്ങായി മണല്‍ക്കുന്നുകളും, ചതുപ്പുനിലങ്ങളും തടാകങ്ങളും കാണാം. ജില്ലയുടെ വ.ഭാഗം വനപ്രദേശമാണ്. ധാരാളം മഴ ലഭിക്കുന്ന ഇവിടെ വേനല്‍ക്കാലത്തുപോലും ഹിമാലയത്തിന്റെ സമീപ്യം നിമിത്തം ചൂട് കുറവാണ്. രപ്തി, അമി, ഘാഘരാ എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍. ജനസംഖ്യ: 37,67,720 (2001). ഹിന്ദിയും ഉര്‍ദുവുമാണ് മുഖ്യവ്യവഹാര ഭാഷകള്‍.

ഫലപുഷ്ടമായ മണ്ണും സുലഭമായ മഴയും ജില്ലയിലെ കാര്‍ഷികാഭിവൃദ്ധിക്കു സഹായകമാകുന്നു. നെല്ല്, ഗോതമ്പ്, കരിമ്പ്, ബാര്‍ലി എന്നിവയാണ് പ്രധാന കൃഷികള്‍. ഉയര്‍ന്ന വര്‍ഷപാതംമൂലം ഇടവിട്ടുണ്ടാകുന്ന വെള്ളപ്പൊക്കം കൃഷിയെ വന്‍തോതില്‍ ബാധിക്കാറുണ്ട്.

1400-ല്‍ ഗോരഖ്നാഥ് ക്ഷേത്രത്തെ ചുറ്റി രപ്തീനദിക്കരയില്‍ ഗോരഖ്പൂര്‍ നഗരം നിലവില്‍വന്നു. നദിമൂലമുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ നിന്നും നഗരത്തെ സംരക്ഷിക്കുവാന്‍ നദീതീരത്ത് ഭിത്തികള്‍ നിര്‍മിച്ചിട്ടുണ്ട്. അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഗോരഖ്പൂര്‍ ഒരു ഡിവിഷന്റെ തലസ്ഥാനമായിരുന്നു. അറംഗസേബിന്റെ ഭരണകാലത്ത് ഇവിടെ ജുമാ മസ്ജിദ് നിര്‍മിച്ചു. 1801-ല്‍ ഈ ജില്ല ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി. ബ്രിട്ടീഷ് പട്ടാളത്തിലേക്ക് ഗൂര്‍ഖകളെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഗോര്‍ഖ്പൂര്‍ അറിയപ്പെട്ടിരുന്നു. ഇവിടെയുള്ള ബസന്ത്പൂര്‍ കോട്ട, ഉര്‍ദു ബസാര്‍, പരേഡ് ഗ്രൌണ്ട് എന്നിവ യഥാക്രമം രജപുത്രര്‍, മുസ്ലിം രാജവംശജര്‍, ബ്രിട്ടീഷുകാര്‍ എന്നിവര്‍ വരുത്തിയ പരിഷ്കാരങ്ങള്‍ക്കു ദൃഷ്ടാന്തങ്ങളാണ്.

വ്യവസായ-വാണിജ്യ മേഖലകളിലും ഈ നഗരം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. തുണിമില്ലുകള്‍, പഞ്ചസാരമില്ലുകള്‍, ലോക്കൊമോട്ടീവ് വര്‍ക്ക്ഷോപ്പുകള്‍, അച്ചടിശാലകള്‍, പേപ്പര്‍ മില്ലുകള്‍, തേയില ഫാക്ടറികള്‍, രാസവസ്തുനിര്‍മാണശാലകള്‍ തുടങ്ങിയവ ഇവിടെ പ്രവര്‍ത്തിക്കുന്നു. കാര്‍ഷികോത്പന്നങ്ങള്‍, പുകയില തുടങ്ങിയവയുടെ ഒരു പ്രധാന വിപണനകേന്ദ്രം കൂടിയാണിവിടം.

ജനങ്ങളുടെ മുഖ്യതൊഴില്‍ കൃഷിയാണ്. നെല്ല്, ഗോതമ്പ്, ജൊവാര്‍, ബാര്‍ലി, ചോളം എന്നിവയാണ് പ്രധാന വിളകള്‍. വ്യവസായ വാണിജ്യരംഗങ്ങളിലും ധാരാളം പേര്‍ ഏര്‍പ്പെട്ടിരിക്കുന്നു. നിരവധി പഞ്ചസാര ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന ഈ ജില്ലയില്‍ ഒരു വളനിര്‍മാണശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. അമോണിയം സള്‍ഫേറ്റ്, അമോണിയം നൈട്രേറ്റ്, സോഡിയം ഹെക്സാമെറ്റ ഫോസ്ഫേറ്റ് എന്നിവയാണ് ജില്ലയിലെ പ്രധാന വ്യാവസായികോത്പന്നങ്ങള്‍. കൈത്തറിത്തുണികള്‍, വളം, കടുകെണ്ണ, പഞ്ചസാര എന്നിവയും ജില്ലയില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വസ്ത്രങ്ങള്‍, മരുന്നുകള്‍, ഇരുമ്പ്, കല്‍ക്കരി, മണ്ണെണ്ണ എന്നിവയാണ് ജില്ലയിലേക്കു പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

ഹിന്ദുക്കളാണ് ജില്ലാജനസംഖ്യയില്‍ ഭൂരിഭാഗവും. രണ്ടാം സ്ഥാനം മുസ്ലിങ്ങള്‍ക്കാണ്. ബുദ്ധ-ജൈന മതവിശ്വാസികളും ക്രൈസ്തവ സിക്കുമതക്കാരും ജില്ലയില്‍ നിവസിക്കുന്നുണ്ട്. ഗതാഗത സൗകര്യങ്ങളിലും ഏറെ പുരോഗതി നേടിയിട്ടുണ്ട്. നിരവധി റോഡുകളും, തീവണ്ടിപ്പാതകളും കടന്നുപോകുന്ന ഒരു പ്രധാന ജങ്ഷനായ ഗോരഖ്പൂര്‍ വ.കിഴക്കന്‍ റെയില്‍വേയുടെ ആസ്ഥാനം കൂടിയാണ്. 1885-ല്‍ തീവണ്ടിഗതാഗതം സാധ്യമായതോടുകൂടിയാണ് ഇന്നു കാണുന്ന പുരോഗതിക്കു തുടക്കം കുറിച്ചത്. സാക്ഷരതയിലും വിദ്യാഭ്യാസരംഗത്തും വളരെയധികം പുരോഗതി പ്രാപിച്ച ഒരു ജില്ലയാണ് ഗോരഖ്പൂര്‍. 1956-ല്‍ ഗോരഖ്പൂര്‍ ആസ്ഥാനമായി സ്ഥാപിതമായ ഗോരഖ്പൂര്‍ സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള നിരവധി കോളജുകള്‍ സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തിക്കുന്നുണ്ട്.

ഉത്തര്‍പ്രദേശിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഗോരഖ്പൂര്‍. നേപ്പാള്‍ വഴി ഇന്ത്യയില്‍ പ്രവേശിക്കാന്‍ കഴിയുന്ന ആദ്യത്തെ വന്‍ നഗരമാണ് ഗോരഖ്പൂര്‍. ബുദ്ധമതകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ ഒരു ഇടത്താവളം എന്ന നിലയിലും ഗോരഖ്പൂര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഗോരഖ്പൂരിലെ ഗോരഖ്നാഥ് ക്ഷേത്രം പ്രസിദ്ധമാണ്. ജില്ലയില്‍ നിര്‍മിക്കുന്ന കൈത്തറിത്തുണിത്തരങ്ങള്‍ക്ക്, പ്രത്യേകിച്ചും ടൌവല്‍, കിടക്കവിരികള്‍ എന്നിവയ്ക്ക് സന്ദര്‍ശകര്‍ക്കിടയില്‍ പ്രചാരമുണ്ട്. ഹൈന്ദവ തീര്‍ഥാടനകേന്ദ്രമായ കാശിയില്‍ നിന്ന് 240 കി.മീ. വടക്കു ഭാഗത്തായുള്ള ഈ നഗരത്തിന് 50 കി.മീ.കി. കാസിയ(ഇപ്പോള്‍ ദിയോറി ജില്ലിയില്‍)യിലാണ് ശ്രീബുദ്ധന്‍ പരിനിര്‍വാണം പ്രാപിച്ച കുശിനഗരം സ്ഥിതി ചെയ്യുന്നത്. ബുദ്ധമത തീര്‍ഥാടകരുടെ ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമാണ് കാസിയ.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍