This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോയ ഇ ലുസിയാന്റസ്, ഫ്രാന്‍സിസ്കോ ജോസ് ദെ (1746 - 1828)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോയ ഇ ലുസിയാന്റസ്, ഫ്രാന്‍സിസ്കോ ജോസ് ദെ (1746 - 1828)

Goya y Lucientes, Francisco Jose de

ഫ്രാന്‍സിസ്കോ ജോസ് ദെ ഗോയ ഇ ലുസിയാന്റസ്
ഗോയയുടെ ഒരു പെയിന്‍റിങ്

സ്പാനിഷ് ചിത്രകാരന്‍. സരഗോയയ്ക്കടുത്തുള്ള ഫ്യൂയെന്‍ ഡെറ്റോദോസ് എന്ന സ്ഥലത്ത് 1746 മാ. 30-ന് ജനിച്ചു. വളരെ ചെറുപ്പത്തില്‍ത്തന്നെ അസാമാന്യമായ ചിത്രരചനാപാടവം പ്രദര്‍ശിപ്പിച്ചു തുടങ്ങി. ജോസ്ലുസാന്‍ എന്ന ചിത്രകാരന്റെ കീഴില്‍ നാലുവര്‍ഷം ചിത്രരചന അഭ്യസിച്ചു. 1763-ല്‍ ഗോയ മാഡ്രിഡില്‍ എത്തി. ചില ചിത്രകലാമത്സരങ്ങളില്‍ പങ്കെടുത്തു എന്നതൊഴിച്ചാല്‍ 1771 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു എന്നറിയുന്നില്ല. സാക്രിഫൈസ് റ്റു പാന്‍, സാക്രിഫൈസ് റ്റു വെസ്റ്റ തുടങ്ങിയ ചിത്രങ്ങള്‍ ഇക്കാലത്ത് രചിച്ചവയാണെന്നു വിശ്വസിക്കപ്പെടുന്നു. 1775-ല്‍ ഫ്രാന്‍സിസ്കോബയോ എന്ന ചിത്രകാരന്റെ സഹോദരി ജോസഫാ ബയോവിനെ ഗോയ വിവാഹം ചെയ്തു. 1774-നും 92-നും ഇടയ്ക്കു സാന്‍ ഫെര്‍നാഡോ അക്കാദമിക്കുവേണ്ടി ഇദ്ദേഹം 54 കാര്‍ട്ടൂണുകള്‍ വരയ്ക്കുകയുണ്ടായി. 1780-ല്‍ ക്രൂസിഫൈഡ് ക്രൈസ്റ്റ് എന്ന ചിത്രത്തിന്റെ സമര്‍പ്പണത്തോടെ ഗോയയ്ക്ക് അക്കാദമിയുടെ അംഗത്വം ലഭിച്ചു. 1785-ല്‍ ലഫ്റ്റനന്റ് ഡയറക്ടര്‍ ഒഫ് പെയിന്റിങ് എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ചാള്‍സ് ഹഢ രാജാവായപ്പോള്‍ (1789) കൊട്ടാരം ചിത്രകാരനായി നിയമിതനായി. 1792-ല്‍ ഉണ്ടായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലം ശയ്യാവലംബിയായി കഴിയേണ്ടിവന്നു. ഗോയയ്ക്ക് അസുഖം മാറിയപ്പോള്‍ കേള്‍വി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. പിന്നീടുള്ള ചിത്രരചനാ രീതിയിലും സാരമായ വ്യതിയാനം വരുന്നുണ്ട്.

മതപരവും വിഷയസംബന്ധിയുമായ ഒട്ടേറെ ചിത്രങ്ങള്‍ ഗോയ രചിച്ചിട്ടുണ്ട്. ലോസ് കാപ്രിക്കോസ് (1796-98), ദ് ഡിസാസ്റ്റേഴ്സ് ഒഫ് വാര്‍ (1810-14), ഡിസ്പറേറ്റ്സ് അഥവാ ലോസ് പ്രോവേര്‍ ബിയോസ് (1813-15; 1817-18), തോറോ മാഷിയ (1815-16) എന്നീ ചിത്ര പരമ്പരകളാണ് ഗോയയെ പ്രസിദ്ധനാക്കിയത്. എക്സിക്കൂഷന്‍സ് ഒഫ് മേയ് 3 എന്ന ചിത്രം പെനിന്‍സുലാര്‍ യുദ്ധത്തിന്റെ ഭീകരതകളും കെടുതികളും വിഷയമാക്കുന്നു. സേറ്റന്‍ ഡിവോറിങ് ഹിസ് സണ്‍, വിച്ചെസ് സബാത്ത്, ദ് ജെസ്റ്റേഴ്സ്, പില്‍ഗ്രിമേജ് ഒഫ് സാന്‍ ഇസിദ്രോ, പോര്‍ട്രെയിറ്റ് ഒഫ് ലിയോകേഡിയ സോറില്ല, മില്‍ക്ക് മെയ്ഡ് ഒഫ് ബോര്‍ദോക്സ് എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു ശ്രേഷ്ഠ രചനകള്‍.

തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച യൂറോപ്യന്‍ ചിത്രകാരനായി അറിയപ്പെട്ട ഗോയ 1828 ഏ. 15-ന് പക്ഷാഘാതത്തെത്തുടര്‍ന്ന് ബോര്‍ദോയില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍