This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോയിറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോയിറ്റര്‍

Goiter

കണ്ഠത്തിന്റെ മുന്‍ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു അന്തഃസ്രാവിയായ തൈറോയിഡിനുണ്ടാകുന്ന വീക്കം. കഴുത്തിന്റെ മുന്‍ഭാഗത്തു കാണാറുള്ള വീക്കമാണ് ഗോയിറ്ററിന്റെ പ്രധാന ബാഹ്യ ലക്ഷണം. ഗ്രന്ഥി വളര്‍ന്ന് താഴോട്ടിറങ്ങി മാറെല്ലിന്റെ (breast bone) അടിയിലെത്തിയാല്‍ ആഹാരം വിഴുങ്ങാനും ശ്വസിക്കാനും പ്രയാസമുണ്ടാകുന്നു. ആ ഭാഗത്തുള്ള ഞരമ്പുകള്‍ വിജൃംഭിക്കുകയും കണ്ണുകള്‍ തുറിച്ചു നില്‍ക്കുകയും ചെയ്യും.

ശരീരത്തിലെ അയൊഡിന്‍ ചക്രവുമായി ബന്ധപ്പെടുത്തി ഗോയിറ്ററിന്റെ ഉദ്ഭവത്തെ മനസ്സിലാക്കാം. അനേകം രാസപഥങ്ങള്‍ കടന്ന് തൈറോയ്ഡ് ഹോര്‍മോണായ തൈറോക്സിന്‍ ഉത്പാദിപ്പിക്കുന്നതുവരെയുള്ളതാണ് അയൊഡിന്‍ ചക്രം. ഭക്ഷണത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ള അയൊഡിന്‍ (നോ: അയൊഡിന്‍) ആമാശയത്തില്‍നിന്നും ആഗിരണം ചെയ്യപ്പെടുന്നതിനുമുമ്പ് നിരോക്സീകരിക്കപ്പെടുകയും അയൊഡൈഡായി മാറുകയും ചെയ്യുന്നു. അയൊഡൈഡ് രക്തത്തില്‍ കലര്‍ന്ന് തൈറോയ്ഡ് ഗ്രന്ഥിയില്‍ എത്തുമ്പോള്‍ ഓക്സീകരിക്കപ്പെട്ട് വീണ്ടും അയൊഡിനായി മാറുന്നു. ഈ അയൊഡിന്‍, തൈറോഗ്ളോബുലിന്‍ എന്ന പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള തൈറോസിന്‍ എന്ന അമിനോ അമ്ള തന്മാത്രയില്‍ ബന്ധിക്കപ്പെടുന്നു; രണ്ട് അയൊഡിനേറ്റഡ് തൈറോസിന്‍ യൂണിറ്റുകള്‍ തൈറോഗ്ളോബുലിനില്‍ സംഘനനം (condense) ചെയ്യപ്പെട്ട് തൈറോക്സിന്‍ ഉണ്ടാകുന്നു. തൈറോക്സിന്‍ ഉള്‍ക്കൊണ്ട തൈറോഗ്ളോബുലിന്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ത്തന്നെ ശേഖരിക്കപ്പെടുന്നു. ശരീരത്തിന് തൈറോക്സിന്‍ ആവശ്യമായി വരുമ്പോള്‍ തൈറോഗ്ളോബുലിന്‍ വിഘടിക്കുകയും തൈറോക്സിന്‍ രക്തത്തിലേക്കു പ്രവഹിക്കുകയും ചെയ്യുന്നു. ഈ ചാക്രിക പഥത്തിലെ ഏതാണ്ടെല്ലാപടവുകളും നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഉത്തേജക ഹോര്‍മോണാണ്-ടി.എസ്.എച്ച്. (Thyroid Stimulating Hormone). തലച്ചോറിന്റെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി(പിയൂഷഗ്രന്ഥി)യാണ് ടി.എസ്.എച്ച്. സ്രവിപ്പിക്കുന്നത്. അയൊഡിന്‍ ചക്രത്തിലെ ഏതെങ്കിലും ഘട്ടം തടസപ്പെട്ടാല്‍ തൈറോക്സിന്റെ ഉത്പാദനം കുറയുന്നു. ഇതിനെ അതിജീവിക്കാനും തൈറോക്സിന്റെ ഉത്പാദനം കൂട്ടാനുമായി പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്തേജിക്കുകയും കൂടുതല്‍ ടി.എസ്.എച്ച്. സ്രവിപ്പിക്കുകയും ചെയ്യും. കൂടുതല്‍ ടി.എസ്.എച്ച്. ഉണ്ടാകുമ്പോള്‍ കൂടുതല്‍ തൈറോക്സിന്‍ ഉത്പാദിപ്പിക്കാനുള്ള യത്നത്താല്‍ തൈറോയ്ഡ് ഗ്രന്ഥി വീര്‍ക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ നിരന്തരമായുണ്ടാകുന്ന ഈ വളര്‍ച്ചയാണ് ഗോയിറ്റര്‍.

ഒരു ഗോയിറ്റര്‍ രോഗി

ഭക്ഷണത്തില്‍ അയൊഡിന്റെ കുറവുണ്ടാകുന്നതുമൂലം തൈറോക്സിന്‍ ഉത്പാദനം കുറയുന്നതും അത് ഗോയിറ്ററിലേക്ക് നയിക്കുന്നതുമായ സാഹചര്യമാണ് സാധാരണ കാണപ്പെടുന്നത്. ഇതിനെ എന്‍ഡമിക് ഗോയിറ്റര്‍ (endemic goitre) എന്നു പറയുന്നു. ഭക്ഷ്യവസ്തുക്കളിലും ജലത്തിലും അയൊഡിന്‍ വളരെ കുറച്ചുമാത്രം അടങ്ങിയിട്ടുള്ള പര്‍വത പ്രദേശങ്ങളിലും ഉപ്പുജല സ്രോതസ്സില്‍ നിന്നും അകന്ന ഉള്‍പ്രദേശങ്ങളിലും നിവസിക്കുന്നവരിലാണ് എന്‍ഡമിക് ഗോയിറ്റര്‍ അധികമായി കാണപ്പെടുന്നത്. അയൊഡിന്‍ കലര്‍ത്തിയ കറിയുപ്പു കൊടുത്തോ കുട്ടികള്‍ക്കാണെങ്കില്‍, അല്പമാത്രയില്‍ അയൊഡിന്‍ നല്കിയോ കുറവു പരിഹരിക്കാം.

അയൊഡിന്‍ ചക്രത്തിലെ വിവിധ ഘട്ടങ്ങളില്‍ തകരാറുണ്ടാകുമ്പോഴാണ് മറ്റുതരം ഗോയിറ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഹൈപ്പര്‍ തൈറോയിഡിസം (രക്തത്തില്‍ തൈറോക്സിന്റെ അളവു കൂടുക), ക്രെറ്റിനിസം, തൈറോയിഡൈറ്റീവ് എന്നീ അവസ്ഥകളിലും കൗമാരക്കാരായ പെണ്‍കുട്ടികളിലും ഗര്‍ഭിണികളിലും ഗോയിറ്റര്‍ ഉണ്ടാകാറുണ്ട്. കാബേജ്, ടര്‍ണിപ് തുടങ്ങി ബ്രാസിക്കാ വംശത്തിലുള്ള സസ്യങ്ങള്‍ കൂടുതല്‍ അളവില്‍ കഴിച്ചാലും ഗോയിറ്റര്‍ ഉണ്ടാകാം; തൈറോക്സിന്‍ ഉത്പാദനത്തെ തടസപ്പെടുത്തുന്ന തയോകാര്‍ബമൈഡ് ഈ സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്നു. അയൊഡിന്‍ ചക്രത്തിലെ വിവിധ ഘട്ടങ്ങളെ ഉത്പ്രേരിപ്പിക്കുന്ന എന്‍സൈമുകളുടെ അഭാവവും മറ്റു ചിലതരം ഗോയിറ്ററുകള്‍ക്ക് കാരണമാകാം. ജനിതകത്തകരാറുകളാണ് ഇതിനുപിന്നില്‍. ഹൈപ്പര്‍ തൈറോയിഡിസം നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന ചില ഔഷധങ്ങള്‍, സയനേറ്റുകള്‍, കോബാള്‍ട്ട്, പാരാ അമിനോസാലിസിലിക്ക് അമ്ളം, റെസോര്‍സിനോള്‍, ചുമസംഹാരികള്‍, പ്രമേഹ ചികിത്സയ്ക്കുപയോഗിക്കുന്ന സള്‍ഫാനിലൂറിയ യൗഗികങ്ങള്‍ (Sulphanylurea compounds), ഗര്‍ഭനിരോധക മരുന്നുകള്‍ എന്നിവയും ഗോയിറ്ററിലേക്ക് നയിക്കാം.

തൈറോയ്ഡ് ഹോര്‍മോണ്‍ നിശ്ചിത അളവില്‍ നല്കിയാല്‍ ഗോയിറ്റര്‍ ഭാഗികമായി പൂര്‍വാവസ്ഥയിലേക്ക് കൊണ്ടുവരാം. ഹൈപ്പോ തൈറോയിഡിസം (തൈറോക്സിന്‍ രക്തത്തില്‍ കുറയുന്ന അവസ്ഥ) കൊണ്ടുള്ള വൈഷമ്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനും ഈ ചികിത്സ ആശ്വാസം നല്കുന്നു. ക്ഷീണം, തണുപ്പ്, സന്ധിവേദന, സ്വരരൂക്ഷത എന്നിവയാണ് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങള്‍. ഗോയിറ്റര്‍ വളരെ വലുതാവുകയും അത് ശ്വാസനാളിയെ അമര്‍ത്തുകയും ചെയ്താല്‍ ശ്വസനം പ്രയാസമാവുന്നു. ഈ അവസ്ഥയില്‍ ശസ്ത്രക്രിയ ചെയ്ത് ഗ്രന്ഥി നീക്കേണ്ടതുണ്ട്. നോ: അന്തഃസ്രവ വിജ്ഞാനീയം; അന്തഃസ്രാവികള്‍; അയൊഡിന്‍; തൈറോയ്ഡ്; പിറ്റ്യൂട്ടറി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍