This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോയങ്ക, രാംനാഥ് (1904 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോയങ്ക, രാംനാഥ് (1904 - 91)

രാംനാഥ്ഗോയങ്ക

ഇന്ത്യന്‍ എക്സ് പ്രസ് പത്രശൃംഖലയുടെ സ്ഥാപകനും വ്യവസായ പ്രമുഖനും. ബിഹാറിലെ വ്യവസായിയും ബാങ്കറുമായ ബാബു ജാനകീദാസിന്റെ പുത്രനായി 1904 ഏ. 18-ന് ദര്‍ഭംഗ ജില്ലയിലെ (ബിഹാര്‍) ദില്‍ദര്‍നഗര്‍ ഗ്രാമത്തില്‍ ജനിച്ചു. പ്രമുഖ വ്യവസായിയായിരുന്ന ദാല്‍മിയയുടെ അനന്തരവനാണ് രാംനാഥ്. രാംനാഥിന് ആറുമാസം പ്രായമായപ്പോള്‍ മാതാവ് അന്തരിച്ചു. തുടര്‍ന്ന് രാംനാഥിന്റെ സംരക്ഷണച്ചുമതല അമ്മായിയാണ് (ബസന്ത് ലാല്‍ ഗോയങ്കയുടെ വിധവ) ഏറ്റെടുത്തത്. കാശി വിദ്യാപീഠത്തില്‍നിന്ന് ബിരുദമെടുത്തശേഷം (ആചാര്യ ജെ.ബി. കൃപലാനി ഇദ്ദേഹത്തിന്റെ അധ്യാപകരില്‍ ഒരാളായിരുന്നു.) മാതുലന്മാരായ ബാബു പ്രഹ്ളാദ്റായ് ദാല്‍മിയ, ബാബു സാഗര്‍മല്‍ ദാല്‍മിയ എന്നിവരുടെ വ്യവസായ സ്ഥാപനത്തില്‍ ചേര്‍ന്നു. പിന്നീട് കൊല്‍ക്കത്തയിലെത്തി ഇന്ത്യയിലെ പ്രമുഖ ചണ-തുണി വ്യാപാരിയായ സുഖ്ദേവ് ദാസ് രാമപ്രസാദിന്റെ സഹായിയായി. രാമപ്രസാദിന്റെ ഏജന്റായി 1922-ല്‍ ഗോയങ്ക മദ്രാസിലെത്തി. 1919 മുതല്‍ ഗാന്ധിജിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഗാന്ധിജി 1924-ല്‍ ഗോയങ്കയെ ഹിന്ദി പ്രചാരസഭയുടെ ആജീവനാന്ത ട്രസ്റ്റിയായി നിയമിച്ചു.

1926 ജനു.-ല്‍ ഹൈദരാബാദിലെ മുരളീപ്രസാദ് മോഹന്‍ പ്രസാദുമായി ചേര്‍ന്ന് ചെന്നൈയില്‍ തുണി വ്യാപാരം ആരംഭിച്ചു. ഈ പങ്കാളിത്തം 1933 വരെ തുടര്‍ന്നു. 1926-ല്‍ മദ്രാസ് ഗവര്‍ണര്‍ ഇദ്ദേഹത്തെ മദ്രാസ് ലെജിസ്ളേറ്റീവ് കൗണ്‍സിലിലേക്കു നാമനിര്‍ദേശം ചെയ്തു. 1927-ല്‍ കൗണ്‍സിലിലെ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി. സൈമണ്‍ കമ്മിഷനെ ബഹിഷ്കരിക്കാനും സുബ്രഹ്മണ്യഭാരതിയുടെ ഗാനങ്ങള്‍ നിരോധിച്ചതിനെതിരെ ശബ്ദമുയര്‍ത്താനും രാംനാഥ് ലെജിസ്ളേറ്റീവ് കൗണ്‍സിലില്‍ കൈക്കൊണ്ട നടപടികള്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് വീര്യം പകരുന്നതായിരുന്നു.

1927-ല്‍ ഇദ്ദേഹം ബോംബെ കമ്പനി ലിമിറ്റഡിന്റെ പ്രധാന വില്പനക്കാരനായി. 1936 വരെ ഈ പദവിയില്‍ ഇദ്ദേഹം തുടര്‍ന്നു. 1934 അവസാനം ഇന്ത്യന്‍ എക്സ് പ്രസ് (ഇപ്പോള്‍ ന്യൂ ഇന്ത്യന്‍ എക്സ് പ്രസ്) പത്രത്തിന്റെ ഉടമസ്ഥരായ ഫ്രീ പ്രസ് ഒഫ് ഇന്ത്യ (ചെന്നൈ) ലിമിറ്റഡിന്റെ കുറെ ഡിബഞ്ചര്‍ ഓഹരികള്‍ വിലയ്ക്കു വാങ്ങി. പിന്നീട് രണ്ടരലക്ഷം രൂപ കൊടുത്ത് കമ്പനിയുടെ മുഴുവന്‍ ഓഹരികളും വിലയ്ക്കു വാങ്ങി. 1936-ല്‍ ബോംബെ കമ്പനിയില്‍നിന്നും പിരിഞ്ഞ് ഗോയങ്ക ചെന്നൈയിലെത്തി. കുറച്ചുനാള്‍ ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപനത്തില്‍ പങ്കാളിയായി. പിന്നീടാണ് പത്രപ്രവര്‍ത്തന രംഗത്ത് ശ്രദ്ധകേന്ദ്രീകരിച്ചതും ഇന്ത്യന്‍ എക്സ് പ്രസ് പത്രശൃംഖലയെ ഇന്ത്യയിലെ ഏറ്റവും വലിയ പത്രശൃംഖലാസ്ഥാപനമായി വികസിപ്പിക്കാന്‍ തുനിഞ്ഞതും. അഹമദാബാദ്, ബാംഗ്ളൂര്‍, ബറോഡ, മുംബൈ, ചണ്ഡീഗഡ്, കോയമ്പത്തൂര്‍, ഡല്‍ഹി, ഹൈദരാബാദ്, കൊച്ചി, കോഴിക്കോട്, ചെന്നൈ, മധുര, നാഗ്പൂര്‍, പൂണെ, വിജയവാഡ, വിഴിയനഗരം എന്നിങ്ങനെ പതിനാറു സ്ഥലങ്ങളില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ എക്സ് പ്രസ്, പ്രചാരത്തിലും സ്വാധീനത്തിലും ഇന്ത്യന്‍ പത്രങ്ങളുടെ മുന്‍നിരയിലാണ്. ഫൈനാന്‍ഷ്യല്‍ എക്സ് പ്രസ്, സ്ക്രീന്‍ (ഇംഗ്ലീഷ്), ലോക്സത്ത (മറാഠി), ജനസത്ത (ഗുജറാത്തി), ആന്ധ്രാ പ്രഭ (തെലുഗു), കന്നഡ പ്രഭ (കന്നഡ), ദിനമണി (തമിഴ്) തുടങ്ങിയവയും ഇന്ത്യന്‍ എക്സ് പ്രസ് ഗ്രൂപ്പ് പത്രശൃംഖലയില്‍പ്പെടുന്നു. പോത്തന്‍ ജോസഫ്, ഫ്രാങ്ക് മൊറേസ്, ബി.ജി. വര്‍ഗീസ്, എസ്. മുല്‍ഗവോകര്‍, എസ്. നിഹാല്‍ സിങ്, വി.കെ. നരസിംഹന്‍, കുല്‍ദീപ് നയ്യാര്‍, ഡോം മൊറേസ്, അരുണ്‍ ഷൂറി, രാഹുല്‍സിങ് എന്നിങ്ങനെ പ്രതിഭാശാലികളായ പലരും ഇന്ത്യന്‍ എക്സ് പ്രസിന്റെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്.

ക്വിറ്റിന്ത്യാ സമരകാലത്ത് (1942) മഹാത്മാഗാന്ധിയുടെ ആഗ്രഹാനുസരണം പത്രപ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ തയ്യാറായ ആദ്യവ്യക്തി ഗോയങ്കയായിരുന്നു. ഈ ഘട്ടത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ഗോയങ്ക സ്വീകരിച്ച സമീപനം ധീരതയുടെയും ത്യാഗത്തിന്റെയും വിജയ ഗാഥയായി. ഇക്കാലത്താണ് ഇദ്ദേഹം ഇന്ത്യാ റാവേജ്ഡ്, ക്വിറ്റ് ഇന്ത്യ എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇക്കാലത്ത് ജയപ്രകാശ് നാരായണനെപ്പോലുള്ള ദേശീയ നേതാക്കള്‍ക്ക് അഭയം നല്കിയിരുന്നതും ഗോയങ്ക ആയിരുന്നു. 1946-ല്‍ ഇദ്ദേഹം കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

ഭരണസ്ഥാനങ്ങള്‍ തേടിവന്നിട്ടും അതു വേണ്ടെന്നുവച്ച് പത്രപ്രവര്‍ത്തനരംഗത്തു ഉറച്ചു നില്‍ക്കാനായിരുന്നു ഗോയങ്ക തീരുമാനിച്ചത്. രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ജവാഹര്‍ലാല്‍ നെഹ്റുവിന് വേണ്ടത്ര പിന്തുണ നല്കിയിരുന്ന ഗോയങ്ക 1969-ല്‍ കോണ്‍ഗ്രസ് പിളരുന്നതുവരെ എ.ഐ.സി.സി. അംഗമായിരുന്നു. ഗവണ്‍മെന്റിന്റെ നയപരിപാടികളെ രൂക്ഷമായി വിമര്‍ശിക്കേണ്ടിവരുമ്പോള്‍ അതിന് ഗോയങ്ക ഒട്ടും മടിച്ചിരുന്നില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ സഹിക്കാനും ഇദ്ദേഹം തയ്യാറായിരുന്നു. പത്രസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു ഗോയങ്ക.

1971-ല്‍ വിദിഷ(മധ്യപ്രദേശ്)യില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ആന്‍ഡ് ഈസ്റ്റേണ്‍ ന്യൂസ്പേപ്പഴ്സ് സൊസൈറ്റി പ്രസിഡന്റ് (1951), പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ ചെയര്‍മാന്‍ (1952-53), പഞ്ചാബ് നാഷണല്‍ ബാങ്ക് ലിമിറ്റഡ് ചെയര്‍മാന്‍ (1962-63), നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ തുടങ്ങി ഒട്ടേറെ ഉന്നത സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്.

1991 ഒ. 5-ന് ഇദ്ദേഹം മുംബൈയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍