This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോമസ്, ഫാരിയാസ് (1781 - 1858)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോമസ്, ഫാരിയാസ് (1781 - 1858)

Gomez, Farias

മെക്സിക്കന്‍ രാഷ്ട്രീയ നേതാവ്. ഗ്വാഡലാഗറില്‍ 1781 ഫെ. 14-ന് ഗോമസ് ജനിച്ചു. ഭിഷഗ്വരനായി ജീവിതമാരംഭിച്ച ഫാരിയാസ് കാലക്രമേണ ഫ്രാന്‍സിന്റെ വിപ്ലവ രാഷ്ട്രീയാദര്‍ശനങ്ങളാല്‍ ആകൃഷ്ടനായതോടെ 1820-ലെ മെക്സിക്കന്‍ വിമോചന സമരത്തില്‍ മുന്നണിപ്പടയാളിയായി പ്രവര്‍ത്തിച്ചു. 1833-ല്‍ ഇദ്ദേഹം അന്റോണിയോ ലോപ്പസ്-ദ-സാന്ത അന്നയുടെ കീഴില്‍ മെക്സിക്കോയുടെ ഉപരാഷ്ട്രപതിയായി അവരോധിക്കപ്പെട്ടു.

പ്രസിഡന്റ് സാന്ത അന്ന പലായനം ചെയ്തപ്പോള്‍ രാജ്യഭാരം മുഴുവനും ഫാരിയാസിന്റെ ചുമലിലായി. നിയമനിര്‍മാണത്തിലൂടെ രാജ്യത്തില്‍ അമിതമായ ആനുകൂല്യങ്ങള്‍ അനുഭവിച്ചുവന്ന പട്ടാളത്തെ നിലയ്ക്കു നിര്‍ത്തുന്നതിനായി ഇദ്ദേഹം ജനറല്‍മാരുടെ എണ്ണം കുറയ്ക്കുകയും ജനകീയ സന്നദ്ധസേനയ്ക്കു രൂപം കൊടുക്കുകയും ചെയ്തു. രാഷ്ട്രവും സഭയും വെവ്വേറെ നില്‍ക്കണമെന്നതായിരുന്നു ഇദ്ദേഹത്തിന്റെ അഭിമതം. വിദ്യാഭ്യാസ മേഖലയിലുള്ള പള്ളിയുടെ അധികാരമേധാവിത്വം ദുര്‍ബലപ്പെടുത്താന്‍ ഫാരിയാസിനു കഴിഞ്ഞു. നിര്‍ബന്ധിതമായി ജനങ്ങളില്‍ നിന്നും ദശാംശപ്പാട്ടം ഈടാക്കുന്നതിനെയും ഇദ്ദേഹം നിരോധിച്ചു. സ്ഥാപിത താത്പര്യക്കാരുടെ മുന്നേറ്റത്തിനും വിപ്ലവത്തിനും വിധേയനായി ഫാരിയാസിനു നാടുവിട്ടു ന്യൂ ഓര്‍ലിയന്‍സില്‍ അഭയം തേടേണ്ടിവന്നു (1835). 1857-ല്‍ ബെനിറ്റോ ജാറസ് (Benito JUaraz) രൂപംകൊടുത്ത പുതിയ മെക്സിക്കന്‍ ഭരണഘടനയില്‍ നല്ലൊരു ശതമാനം ഗോമസ് ഫാരിയാസിന്റെ സാമൂഹ്യ പരിഷ്കരണങ്ങളായിരുന്നു. 1858 ജൂല. 5-ന് മെക്സിക്കോ സിറ്റിയില്‍ ഗോമസ് അന്തരിച്ചു.

(ഫാ.ഇ. ലൂയിറോച്ച്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍