This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോമഠേശ്വരന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോമഠേശ്വരന്‍

മൈസൂറിലെ ശ്രാവണബെലഗോളയിലെ ഇന്ദ്രബെട്ടാ കുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഭീമാകാരമായ ഒരു ജൈന പ്രതിമ. തെക്കേ ഇന്ത്യയിലെ പുരാതനവും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു ജൈനമതകേന്ദ്രമാണ് ഇവിടം. ദിഗംബര പാരമ്പര്യ പ്രകാരം നഗ്നരൂപത്തില്‍ കൊത്തിയിട്ടുള്ള ഈ ഒറ്റക്കല്‍ പ്രതിമയ്ക്ക് 17 മീ. ഉയരമുണ്ട്. എന്നാണ് ഇതു സ്ഥാപിക്കപ്പെട്ടത് എന്നതിനെ സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ഇല്ല. എ.ഡി. 10-ാം ശ.-ത്തില്‍ സ്ഥാപിച്ചുവെന്നുകരുതപ്പെടുന്നു. പന്ത്രണ്ടോ പതിനഞ്ചോ വര്‍ഷത്തിലൊരിക്കല്‍ ജൈന സന്ന്യാസികളുടെ നേതൃത്വത്തില്‍ ഇവിടെ ഉത്സവം നടത്താറുണ്ട്. രത്നക്കല്ലുകള്‍, സ്വര്‍ണം, വെള്ളി തുടങ്ങിയ പതിനാറു വിശിഷ്ട വസ്തുക്കള്‍ കൊണ്ട് ഗോമഠേശ്വര സ്നാനം നടത്തുകയാണ് പ്രധാന ചടങ്ങ്. ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നും ധാരാളം തീര്‍ഥാടകരും ആരാധകരും സന്ദര്‍ശകരും ഈ ഉത്സവത്തില്‍ പങ്കെടുക്കാറുണ്ട്.

ഗോമഠേശ്വര പ്രതിമ

ഇതിഹാസ പ്രകാരം എ.ഡി. ഒന്നാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഒരു രാജകുമാരനാണ് ഗോമഠേശ്വരന്‍. രാജാധികാരം ഇദ്ദേഹത്തില്‍നിന്നും സഹോദരന്‍ അന്യായമായി കൈയടക്കി. ഗോമഠേശ്വരന്‍ സഹോദരനുമായി യുദ്ധത്തിലേര്‍പ്പെടുകയും രാജ്യം തിരിച്ചു പിടിക്കുകയും ചെയ്തു. യുദ്ധാനന്തരം ഗോമഠേശ്വരന് അധികാരത്തില്‍ യാതൊരു താത്പര്യവും ഇല്ലാതായി. രാജ്യം സഹോദരനു തിരിച്ചുനല്കിയശേഷം ഇദ്ദേഹം ഒരു ജൈനമത സന്ന്യാസിയായി മാറി. ഗോമഠേശ്വരന്റെ ഈ മഹാമനസ്കതയെ ലോകം സ്മരിക്കുന്നതിനായി സഹോദരന്‍ ഇദ്ദേഹത്തിന്റെ ഒരു ഭീമാകാര പ്രതിമ നിര്‍മിച്ച് ഒരു കുന്നില്‍ പ്രതിഷ്ഠിച്ചു. കാലക്രമത്തില്‍ ഈ പ്രതിമയും അതു പ്രതിഷ്ഠിച്ചിരുന്ന കുന്നും വിസ്മൃതിയില്‍ ആണ്ടുപോയി. 10-ാം ശ.-ത്തില്‍ മന്ത്രിയുടെ അമ്മയും ജൈനഭക്തയുമായ കലാദേവി ഈ വിഗ്രഹത്തെക്കുറിച്ചു മനസ്സിലാക്കാന്‍ ഇടയായി. അവര്‍ ഈ വിഗ്രഹത്തെയും സ്ഥലത്തെയും കുറിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിമ കണ്ടുപിടിക്കാനുള്ള കലാദേവിയുടെ ഉദ്യമത്തെ രാജാവും സഹായിച്ചിരുന്നു. എന്നാല്‍ അന്വേഷണം എങ്ങും എത്താത്തതിനാല്‍ അവര്‍ ആ ഉദ്യമത്തില്‍നിന്നും പിന്‍തിരിയാന്‍ തീരുമാനിച്ചു. അപ്പോഴേക്കും രാജാവിന് ഒരു വിശിഷ്ട സ്വപ്നം ഉണ്ടായി. രാജാവിന് ഇഷ്ടമുള്ള സ്ഥലത്തുചെന്ന് ഏതെങ്കിലും ഒരു പാറയില്‍ ഒരു അമ്പ് എയ്തു തറപ്പിച്ച് അതിന്റെ അനന്തരഫലം കാണാന്‍ ആയിരുന്നു സ്വപ്നത്തിലെ നിര്‍ദേശം. അടുത്ത ദിവസം രാജാവ് അപ്രകാരം പ്രവര്‍ത്തിച്ചു. അമ്പുതറച്ച പാറ വൃത്തിയാക്കിയപ്പോള്‍ ഗോമഠേശ്വര പ്രതിമയുടെ തലഭാഗം ദൃശ്യമായി. തുടര്‍ന്ന് ഒരു ജൈന സന്ന്യാസി രത്നങ്ങള്‍ പതിച്ച ചുറ്റികകൊണ്ട് ആ സ്ഥലത്തു പ്രഹരിച്ചപ്പോള്‍ പ്രതിമ അതിന്റെ എല്ലാവിധ ഗാംഭീര്യത്തോടും കൂടി പ്രത്യക്ഷമായി എന്നാണ് ഇതിഹാസം സൂചിപ്പിക്കുന്നത്.

ഇതിഹാസം എന്തായാലും അനേക നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ പ്രതിമ ഇന്നും സന്ദര്‍ശകരില്‍ വിസ്മയം സൃഷ്ടിച്ചുകൊണ്ടു നിലനില്‍ക്കുന്നു. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും ഉറവിടമായിത്തീര്‍ന്നിട്ടുള്ള ഇവിടം ഇന്ത്യയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍