This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോബി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോബി

മധ്യേഷ്യയിലെ ഒരു മരുഭൂമി. ഉത്തര അക്ഷാം. 44ബ്ബ-ക്കും പൂര്‍വ രേഖാ. 108ബ്ബ-ക്കും മധ്യേ സ്ഥിതിചെയ്യുന്ന ഈ മരുഭൂമി ചൈനയിലും മംഗോളിയയിലുമായി വ്യാപിച്ചു കാണുന്നു. ഒരു ചാപത്തിന്റെ ആകൃതിയില്‍ സ്ഥിതിചെയ്യുന്ന ഈ മരുഭൂമിക്ക് 13,00,000 ച.കി.മീ. വിസ്തൃതിയുണ്ട്. ഏകദേശം 1,600 കി.മീ. നീളവും 480 മുതല്‍ 960 വരെ കി.മീ. വീതിയുമുള്ള ഗോബിയുടെ കൂടുതല്‍ ഭാഗവും മംഗോളിയന്‍ ആട്ടണോമസ് റീജന്‍ ഒഫ് ചൈനയില്‍ ഉള്‍പ്പെടുന്നു. ഈ പ്രദേശത്തിന്റെ അതിരുകള്‍ വ. അള്‍ടായ് പര്‍വതവും ഹാങ്ഗേന്‍ പര്‍വതവും പ. കിഴക്കന്‍ ടീന്‍ ഷാനും തെക്കും കിഴക്കും ചൈനയിലെ പര്‍വത നിരകളുമാണ്.

വളരെ മുന്‍പുതന്നെ മംഗോളിയക്കാരും ചൈനക്കാരും ഗോബി മരുഭൂമിയുടെ ഭൂമിശാസ്ത്രപഠനത്തില്‍ വ്യാപൃതരായിരുന്നുവെങ്കിലും ആധുനിക കാലത്ത് ഈ പഠനത്തില്‍ ഏര്‍പ്പെട്ടിരുന്നതില്‍ പ്രമുഖര്‍ റഷ്യക്കാരാണ്. ഗോബി എന്ന സ്ഥലനാമം വളരെ അര്‍ഥവത്താണ്. ഈ മംഗോളിയന്‍ പദത്തിന് 'ജലരഹിതസ്ഥലം' എന്നാണര്‍ഥം. ചൈനീസ് ഭാഷയില്‍ ഗോബി മരുഭൂമിയെ 'ഷാമോ' എന്നു പറയുന്നു.

ഗോബിയെ പല ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്: കാഷൂന്‍, സുങ്ഗാരിയാന്‍, ട്രാന്‍സ്-അള്‍ടായ് ഗോബി, കിഴക്കന്‍ അഥവാ മംഗോളിയന്‍ ഗോബി.

പര്‍വതങ്ങളും മണല്‍പ്പരപ്പുകളും തരിശു പീഠഭൂമികളും, ഗര്‍ത്തങ്ങളും നിറഞ്ഞതാണ് മരുഭൂമിയുടെ ഘടന. ചെറിയ തോതില്‍ മഴ ലഭിക്കുന്ന അര്‍ധ മരുപ്രദേശങ്ങളായ സമതലങ്ങളും ഇവിടെയുണ്ട്. പാറകള്‍ നിറഞ്ഞ ഇവിടത്തെ പര്‍വതപ്രദേശത്തിനിടയ്ക്ക് ഒറ്റപ്പെട്ടതും നിരപ്പായതുമായ കൊച്ചു കൊച്ചു കുന്നുകള്‍ കാണാം. വരണ്ട പര്‍വതപ്രദേശത്തെ വിഭജിച്ചുകൊണ്ടു കടന്നുപോകുന്ന മലയിടുക്കുകളും നദികളുമൊക്കെ വരണ്ടുണങ്ങിയാണ് കാണപ്പെടുന്നത്. വരണ്ട നദീതടങ്ങളും അല്പമാത്രമായ ഈര്‍പ്പമുള്ള ചതുപ്പുനിലങ്ങളും അങ്ങിങ്ങ് ചിന്നിച്ചിതറി സ്ഥിതിചെയ്യുന്നു. മേശയുടെ ആകൃതിയില്‍ പരന്ന പ്രതലവും കുത്തനെയുള്ള വശങ്ങളും ഉള്ള കുന്നുകള്‍ (മീസ-ാലമെ) ട്രാന്‍സ്-അള്‍ട്ടായ് ഗോബി പ്രദേശത്ത് ധാരാളമുണ്ട്. ട്രാന്‍സ്-അള്‍ടായ് ഗോബി, കിഴക്കന്‍ ഗോബി എന്നിവിടങ്ങളില്‍ ഭൂഗര്‍ഭജലം താരതമ്യേന കൂടുതലായി കാണുന്നു. എന്നാല്‍ വളരെ കുറഞ്ഞ അളവിലേ മഴ ലഭിക്കുന്നുള്ളുവെന്നതിനാല്‍ ഇവിടെയുള്ള നദികളും കിണറുകളുമെല്ലാം വരണ്ടുതന്നെയാണ് കിടക്കുന്നത്. കിഴക്കന്‍ ഗോബി പ്രദേശത്തുള്ള ചെറുകുളങ്ങള്‍ക്കും അരുവികള്‍ക്കും ജലം ലഭിക്കുന്നത് അവിടെയുള്ള ഭൂഗര്‍ഭ ജലസ്രോതസ്സുകളില്‍ നിന്നാണ്. മഴ കൂടുതല്‍ ലഭിക്കുന്ന ഭാഗങ്ങളില്‍ ഭൂപ്രകൃതിക്ക് മാറ്റമുണ്ടാകുന്നു. ചില സ്ഥലങ്ങളില്‍ 'സ്റ്റെപ്പികള്‍' (പുല്‍മേടുകള്‍) കാണാം. ഈര്‍പ്പമുള്ള കുഴികള്‍ ചതുപ്പു നിലങ്ങളും പുല്‍പ്രദേശങ്ങളുമായി മാറുന്നു. ഇവിടെ കാണുന്ന വരണ്ട നീര്‍ച്ചാലുകള്‍ മണ്ണു നിറഞ്ഞ കുഴികളില്‍ അവസാനിക്കുന്നവയാണ്. ചോക്കു കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ കാ-ഷൂന്‍ പ്രദേശം താരതമ്യേന വരണ്ടിരിക്കുന്നു. ശക്തിയായ കാറ്റില്‍ ചലിച്ചുകൊണ്ടിരിക്കുന്ന മണല്‍ക്കൂമ്പാരങ്ങളും ഇവിടെ അങ്ങിങ്ങായുണ്ട്.

ഈ പ്രദേശത്ത് പൊതുവേ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ജനു.-യില്‍ താപനില 5oC ആണെങ്കില്‍ ജൂല.-യില്‍ അത് 45oC ആയി മാറുന്നു. അസഹനീയമായ ശൈത്യം, വരണ്ട് തണുത്ത ഗ്രീഷ്മം എന്നിവയാണ് ഇവിടത്തെ കാലാവസ്ഥാ ഭേദങ്ങള്‍. വര്‍ഷപാതം വളരെ കുറവാണ്. മരുഭൂമിയുടെ പ. ഭാഗങ്ങളില്‍ വര്‍ഷംതോറും 7 സെ.മീ. മഴ ലഭിക്കുമ്പോള്‍ വ.കി. ഭാഗത്ത് 18 സെ.മീറ്ററും ചിലപ്പോള്‍ അതില്‍ കൂടുതലും ലഭ്യമാകുന്നു. കിഴക്കന്‍ ഭാഗങ്ങളില്‍ മണ്‍സൂണ്‍ കാറ്റിനെ ആശ്രയിച്ചാണ് മഴ ലഭിക്കുന്നത്. മരുഭൂമിക്ക് മുകളിലൂടെ വടക്കന്‍ കാറ്റും വ. പടിഞ്ഞാറന്‍ കാറ്റും വീശുന്നു.

ഇവിടെ അനുഭവപ്പെടുന്ന വരള്‍ച്ചയ്ക്ക് വിവിധ കാരണങ്ങളുണ്ട്. ഇതില്‍ പ്രധാനമായവ മണ്ണിന്റെ ഘടന, പര്‍വതത്തിന്റെ സ്ഥാനം, നദികള്‍ തുടങ്ങിയവയാകുന്നു. മണ്ണില്‍ അടങ്ങിയിരിക്കുന്ന ചുണ്ണാമ്പിന്റെ അംശം വരള്‍ച്ചയ്ക്ക് ഒരു കാരണമാണ്. മരുഭൂമിയുടെ പടിഞ്ഞാറുഭാഗത്തുള്ള പര്‍വതവും വരള്‍ച്ച വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുന്നു. ഈ പ്രദേശത്ത് നദികള്‍ കുറവാണെന്നതാണ് മറ്റൊരു കാര്യം. ഉള്ളതില്‍ ജലപ്രവാഹം കുറവാണുതാനും. ഇവിടുള്ളത് കൂടുതലും ഭൂഗര്‍ഭ ജലമാണ്. പര്‍വതങ്ങളില്‍ നിന്നുദ്ഭവിക്കുന്ന നദികള്‍ മരുഭൂമിയുടെ അതിരുകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവ മരുഭൂമിയിലെ മണലിലോ ലവണാംശമുള്ള കുഴികളിലോ ഒഴുകിച്ചേരുന്നതിനാല്‍ പെട്ടെന്ന് വരള്‍ച്ചയ്ക്കിടയാകുന്നു.

പ്രധാനമായി കാര്‍ബണും ജിപ്സവുമടങ്ങിയ മണലാണ് ഇവിടെ കാണുന്നത്. ചാരനിറം കലര്‍ന്ന തവിട്ടുനിറത്തിലും തനി തവിട്ടു നിറത്തിലുമുള്ള മണലുമുണ്ട്. ഇടയ്ക്ക് ധാരാളം ചരലും പാറയും കാണാം. സാധാരണയായി മണ്ണു കലര്‍ന്ന ലവണാംശമുള്ള ചതുപ്പുനിലങ്ങളും കളിമണ്‍പ്രദേശങ്ങളുമായി ചേര്‍ന്നാണ് മണല്‍പ്പരപ്പ് കാണപ്പെടുന്നത്.

സസ്യസമ്പത്ത് നന്നേ കുറവാണ്; അപൂര്‍വമെന്നു തന്നെ പറയാം. പീഠഭൂമികളിലും പര്‍വതങ്ങള്‍ക്കിടയിലുള്ള സമതലങ്ങളിലും അങ്ങിങ്ങായി കുറ്റിച്ചെടികള്‍ പോലുള്ള ചില സസ്യങ്ങള്‍ കാണപ്പെടുന്നു. ഹാലൊഫൈറ്റ് വിഭാഗത്തിലുള്ള ചെറുചെടികള്‍ ലവണാംശമുള്ള ചതുപ്പുനിലങ്ങളിലാണു വളരുന്നത്. മരുഭൂമിയെക്കാള്‍ അര്‍ധ മരുപ്രദേശം സസ്യസമ്പത്തില്‍ താരതമ്യേന സമ്പന്നമാണ്. ഗോബി അള്‍ടായിയുടെയും മറ്റ് ഉയര്‍ന്ന പര്‍വത പ്രദേശങ്ങളുടെയും ചരിവുകള്‍ പുല്ലുകള്‍ നിറഞ്ഞു കാണുന്നു.

ഇവിടെ ജീവിക്കുന്ന മൃഗങ്ങള്‍ പ്രധാനമായും കാട്ടൊട്ടകം, കുലാന്‍ കഴുത, കാട്ടുകുതിര, മാന്‍, അണ്ണാന്‍, ആട്, ചെമ്മരിയാട് തുടങ്ങിയവയാണ്.

ജനസാന്ദ്രത തീരെ കുറവാണ്; 1 ച.കി.മീറ്ററിന് രണ്ട് ആളുകള്‍ എന്ന തോതില്‍ പോലും ജനസംഖ്യ എത്തുന്നില്ല. അങ്ങിങ്ങായി ജലം ലഭിക്കുന്ന മരുപച്ചകളിലും അര്‍ധ മരുപ്രദേശങ്ങളിലുമാണ് ജനവാസമുള്ളത്. മംഗോളിയരും ചീനരുമാണ് ഇവിടത്തെ പ്രധാന ജനവിഭാഗങ്ങള്‍. അടുത്ത കാലത്തായി ചീനക്കാരുടെ എണ്ണം കൂടിയിരിക്കുന്നു. ജനങ്ങളുടെ പ്രധാന തൊഴില്‍ കന്നുകാലി വളര്‍ത്തലാണ്. ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ ഒരു വിഭാഗം സ്ഥിരമായി എങ്ങും തങ്ങുന്നവരല്ല. ജലവും പുല്ലും ലഭ്യമാകുന്നതിനനുസൃതമായി പാര്‍പ്പിടം മാറുന്ന ദേശാടനക്കാരാണ് ഇവര്‍. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നു. നദീതാഴ്വാരങ്ങളിലും മറ്റും ഇപ്പോള്‍ കൃഷി വളരെയേറെ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.

ഗോബിപ്രദേശത്തുനിന്ന് കിട്ടുന്ന ചില ധാതുക്കളും കല്‍ക്കരി, പെട്രോളിയം, ലോഹ-അയിരുകള്‍, ഉപ്പ് എന്നിവയും ഇവിടെ സുലഭമാണ്. ഇവിടത്തെ കല്‍ക്കരിപ്പാടങ്ങളും എണ്ണപ്പാടങ്ങളും വികസിച്ചുകൊണ്ടിരിക്കുന്നു.

ഗതാഗതസൗകര്യങ്ങള്‍ ഇവിടെ വേണ്ടത്രയുണ്ട്. മുന്‍കാലത്ത് ഒട്ടകങ്ങളെയും കഴുതകളെയും ഉപയോഗിച്ചാണ് മരുഭൂമിയില്‍ക്കൂടി യാത്ര ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവയ്ക്കു പുറമേ ആധുനിക സൗകര്യങ്ങളും ലഭ്യമായിരിക്കുന്നു. പട്ടണങ്ങളെത്തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയ പാതകളും തീവണ്ടിപ്പാതകളും ഇവിടെ കാണാം. ഗതാഗതസൗകര്യം ലഭ്യമായത് ജനസംഖ്യാ വര്‍ധനവിനും കാരണമായി.

ഇവിടെത്തെ ചോക്കുകല്ലുകള്‍ നിറഞ്ഞ പ്രദേശം ഏകദേശം 6,50,00,000 വര്‍ഷത്തെ പഴക്കമുള്ളതാണെന്ന് ഇവിടെ നടത്തിയ ഭൂവിജ്ഞാനീയ പഠനം വെളിവാക്കുന്നു. പാലിയോസീന്‍ കല്പം മുതലുള്ള ഭൂവിജ്ഞാനീയ കല്പങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പാലിയോസീന്‍-ഇയോസീന്‍ കല്പങ്ങളില്‍ ജീവിച്ചിരുന്ന സസ്തനികളുടെയും മീസോസോയിക് യുഗത്തിലെ ഡൈനോസോറുകളുടെയും അവശിഷ്ടങ്ങള്‍ മധ്യഗോബി പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. പുരാതന മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നതിനുള്ള തെളിവുകളും പഠനത്തിലൂടെ ലഭിച്ചിട്ടുണ്ട്.

(ജെ.കെ. അനിത)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B5%8B%E0%B4%AC%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍