This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപുരംതാങ്ങി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപുരംതാങ്ങി

അക്കാന്തേസി സസ്യകുലത്തില്‍പ്പെടുന്ന വാര്‍ഷിക ഔഷധി. ശ.നാ.: ആന്‍ഡ്രോഗ്രാഫിസ് എക്കിയോയ്ഡസ് (Andrographis echiodies). പീതുമ്പ (Pitumba) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇന്ത്യയിലെല്ലായിടങ്ങളിലും തന്നെ ഒരു കളയായി ഇതു വളരുന്നുണ്ട്.

ഗോപുരംതാങ്ങി

15-45 സെ.മീ. ഉയരത്തില്‍ വളരുന്ന ഈ ഔഷധിയുടെ തണ്ടിന് ചതുഷ്കോണാകൃതിയാണ്. കാണ്ഡം ലോമിലമാണ്. ഇലകള്‍ക്കു ഞെടുപ്പില്ല. ലോമിലമായ ഇലയുടെ അരുകുകളില്‍ ചെറിയ സീലിയകളുണ്ടായിരിക്കും. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. ഒരു ഞെടുപ്പില്‍ നിന്ന് അനേകം ചെറിയ പുഷ്പങ്ങളുണ്ടാകുന്നു. രണ്ട് മി.മീ. നീളമുള്ള സഹപത്രങ്ങളും (bracteoles) അതിലും ചെറിയ സഹപത്രികങ്ങളുമാണുള്ളത്. ഇളം പിങ്കോ വയലറ്റോ നിറമുള്ള പുഷ്പണങ്ങളാണുണ്ടാവുക. 4-6 മി.മീ. നീളമുള്ള ബാഹ്യദളപുടങ്ങളില്‍ ഗ്രന്ഥികളുണ്ടായിരിക്കും. ലോമിലമായ ഈ ബാഹ്യ ദളപുടങ്ങള്‍ ചിരസ്ഥായിയായിരിക്കും. ദളങ്ങള്‍ ദ്വിലേബീയമാണ്. നടുവിലത്തെ ദളം പാര്‍ശ്വീയ ദളങ്ങളെക്കാള്‍ വലുപ്പം കൂടിയതാണ്. പരന്ന് ലോമിലമാണ് കേസര തന്തുക്കള്‍. അണ്ഡാശയവും വര്‍ത്തികയും ലോമിലമാണ്. 1-1.3 സെ.മീ. നീളവും ഏകദേശം അത്രയും തന്നെ വീതിയുമുള്ള കാപ്സ്യൂളുകളാണ് ഫലം.

ചെടിയുടെ ചാറ് പനിക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ചെടി സമൂലമാണ് ഔഷധനിര്‍മാണത്തിനുപയോഗിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍