This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപീചന്ദ് (1910 - 62)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപീചന്ദ് (1910 - 62)

തെലുഗു സാഹിത്യത്തിലെ മനോവൈജ്ഞാനിക നോവല്‍ രചയിതാക്കളില്‍ പ്രമുഖന്‍. ആധുനിക പരിത:സ്ഥിതികളുമായി പൊരുത്തപ്പെടാനാവാതെ ഉഴറുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ് ഇദ്ദേഹത്തിന്റെ രചനകളിലെ മുഖ്യ പ്രമേയം. അസമര്‍ഥുതി ജീവയാത്രാ, പരിവര്‍ത്തനമു എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രമുഖ നോവലുകള്‍.

അസമര്‍ഥുതി ജീവയാത്രാ (1945) ദസ്തേയവ്സ്കിയുടെ ദ ഇഡിയറ്റിനെയും മാക്സിം ഗോര്‍ക്കിയുടെ ദ മാന്‍ ഹു വാസ് അഫ്രയിഡിനെയും ആസ്പദമാക്കി രചിച്ചതാണ്. സീതാരാമറാവു എന്ന അസമര്‍ഥന്‍ തന്റെ ജീവിതത്തില്‍ മാറിമാറിയെത്തുന്ന സാഹചര്യങ്ങളില്‍ നിരന്തരം പരാജയം ഏറ്റുവാങ്ങിക്കൊണ്ട് സമൂഹത്തിലെയും കുടുംബത്തിലെയും ഇതര വ്യക്തികളുമായി ബന്ധപ്പെടുന്നു. അയാള്‍ക്കുണ്ടാകുന്ന മാനസിക വ്യഥകളാണ് ഹൃദയ ദ്രവീകരണ ശക്തിയോടെ നോവലിസ്റ്റ് ഇതില്‍ ചിത്രീകരിക്കുന്നത്.

തെലുഗു ചെറുകഥയില്‍ യുക്തിബോധത്തിന്റെ പ്രമേയം സമര്‍ഥമായി അവതരിപ്പിച്ചതും ഗോപീചന്ദ് ആണ്. ഭാര്യല്ലൊനെ ഖുണ്ഡി (ഭാര്യമാരിലുണ്ട്), ധര്‍മവഡ്ഡി (ന്യായപ്പലിശ), ഗോദമീദ എഡോ വാഡു (ഭിത്തിമേലുള്ള മൂന്നാമന്‍) എന്നിവ പ്രസിദ്ധങ്ങളായ കഥകളാണ്. അവസാനകാലത്തെ കഥകളില്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് ഭൗതിക വീക്ഷണത്തെക്കാള്‍ ദാര്‍ശനിക വീക്ഷണം നല്കാനാണ് ഗോപീചന്ദ് ശ്രമിച്ചത്. ഇദ്ദേഹത്തിന്റെ പോസ്റ്റു ചേയാനി ഉത്തരാലു (പോസ്റ്റു ചെയ്യാത്ത കത്തുകള്‍) തെലുഗു സാഹിത്യത്തിലെ കത്തെഴുത്തു ശാഖയ്ക്കു ലഭിച്ച ശ്രദ്ധേയമായ സംഭാവനയാണ്.

1962 ന. 2-ന് ഗോപീചന്ദ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍