This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപി, ഭരത് (1937 - 2008)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപി, ഭരത് (1937 - 2008)

ഭരത് അവാര്‍ഡു നേടിയ മലയാള ചലച്ചിത്ര നടന്‍. ചലച്ചിത്ര സംവിധാകന്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളിലും പ്രശസ്തന്‍. ഭരത് അവാര്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് ഭരത് ഗോപി എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയ ഇദ്ദേഹത്തിന്റെ പൂര്‍ണനാമധേയം വി. ഗോപിനാഥന്‍ നായര്‍ എന്നാണ്. 1937 ന. 2-ന് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ജനിച്ചു. പിതാവ് വേലായുധന്‍പിള്ള. മാതാവ് പാര്‍വതി അമ്മ. ചിറയിന്‍കീഴ് ശ്രീ ചിത്തിര വിലാസം ഹൈസ്കൂളില്‍ ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ജീവശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായി എങ്കിലും മുഴുവന്‍ സമയ കലാപ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിച്ചു.

ഭരത് ഗോപി
ആദാമിന്റെ വാരിയെല്ല് എന്ന ചിത്രത്തിലെ ഒരുരംഗം

ചിറയിന്‍കീഴ് പ്രസാധന ലിറ്റില്‍ തിയെറ്ററിന്റെ സജീവപ്രവര്‍ത്തകനും സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം അതേ നാടകക്കളരിയിലൂടെ തന്നെ നടന്‍ എന്ന നിലയിലും പ്രശസ്തനായി. 1959-72 വരെ ജി. ശങ്കരപ്പിള്ളയോടൊപ്പം പ്രവര്‍ത്തിച്ചു. 'അഭയാര്‍ഥികള്‍', 'മൃഗതൃഷ്ണ', 'പേപിടിച്ച ലോകം', 'ഭരതവാക്യം', 'പൂജാമുറി', 'കിരാതം', 'തിരുമ്പിവന്താന്‍ തമ്പി' എന്നീ നാടകങ്ങളിലും കാവാലം നാരായണപ്പണിക്കരുടെ 'ദൈവത്താര്‍, അവനവന്‍ കടമ്പ, ഭഗവദജ്ജുകം, ഒറ്റയാന്‍' തുടങ്ങിയ നാടകങ്ങളിലൂടെയും നാടകാഭിനയരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.

'യമനം', 'രാജാവ്; രാജ്യം; രാജാക്കന്മാര്‍', 'മുത്തുകള്‍' എന്നീ നാടകങ്ങള്‍ നാടകരചനയിലുള്ള ഇദ്ദേഹത്തിന്റെ മൌലികമായ പ്രതിഭ വെളിവാക്കുന്നു.

നാടക നിയോഗം എന്ന ഗ്രന്ഥത്തിന് നാടകസംബന്ധമായ ഏറ്റവും നല്ല ഗ്രന്ഥത്തിനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം (2003) ലഭിച്ചു.

ചലച്ചിത്രനടന്‍ എന്ന നിലയിലുള്ള ജീവിതം അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെ ആരംഭിച്ചു. തുടര്‍ന്ന് 'കൊടിയേറ്റം', 'തമ്പ്', 'പാളങ്ങള്‍', 'യവനിക', 'ഓര്‍മയ്ക്കായ്', 'സന്ധ്യമയങ്ങും നേരം', 'രേവതിക്കൊരു പാവക്കുട്ടി', 'കാറ്റത്തെ കിളിക്കൂട്', 'ചിദംബരം', 'കള്ളന്‍ പവിത്രന്‍', 'ആദാമിന്റെ വാരിയെല്ല്', 'പാഥേയം' തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലൂടെ ആഴമുള്ള അഭിനയത്തിന്റെ ശക്തിയും സൗന്ദര്യവും മലയാള ചലച്ചിത്ര ലോകത്തിനു സമ്മാനിച്ചു. 1977-ല്‍ 'കൊടിയേറ്റ'ത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിച്ചു.

ഫിലിം ഫെയര്‍ അവാര്‍ഡ് (രണ്ട് തവണ), ഫിലിംക്രിട്ടിക്സ് അവാര്‍ഡ് തുടങ്ങി മറ്റു നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1985-ല്‍ ഇദ്ദേഹത്തിന്റെ അഭിനയമികവിന്റെ പുരസ്കാരാര്‍ഥം ഫ്രഞ്ച് ഗവണ്‍മെന്റ് പാരിസില്‍ ഒരു ചലച്ചിത്രമേള തന്നെ നടത്തുകയുണ്ടായി. അന്തര്‍ദേശീയ തലത്തില്‍ ആദരിക്കപ്പെടുന്ന ആദ്യ മലയാളി അഭിനേതാവായി ഇദ്ദേഹം അതിലൂടെ മാറി.

പ്രശസ്ത ചലച്ചിത്രസംവിധായകനായ മണികൗള്‍ നിര്‍മിച്ച 'സതഹ് സെ ഉഡ്താ ആത്മി' (1980), ഗോവിന്ദ് നിഹലാനിയുടെ 'ആഘാത്' (1985) എന്നീ ഹിന്ദി ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഞാറ്റടി, യമനം, ഉത്സവപ്പിറ്റേന്ന്, എന്റെ ഹൃദയത്തിന്റെ ഉടമ, മറവിയുടെ മണം (ടെലിസിനിമ) എന്നിവയാണ് ഇദ്ദേഹം സംവിധാനം നിര്‍വഹിച്ച ചലച്ചിത്രങ്ങള്‍. 1978, 82, 83, 85 എന്നീ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.

ഭരത് അവാര്‍ഡിനു പുറമേ മികച്ച സാമൂഹിക പ്രസക്തിയുള്ള ചലച്ചിത്രത്തിന്റെ സംവിധായകനുള്ള ദേശീയ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് (യമനം-1991). ഇദ്ദേഹം നിര്‍മിച്ച 'പാഥേയം' എന്ന ചിത്രം വി. ശാന്താറാം പുരസ്കാരം നേടി. 1994-ല്‍ അഭിനയം അനുഭവം എന്ന ഗ്രന്ഥത്തിന് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരവും സ്വര്‍ണമെഡലും ലഭിച്ചു. നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ചലച്ചിത്രഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ ദേശീയ തലത്തില്‍ അംഗീകാരം നേടിയ അപൂര്‍വ വ്യക്തിത്വത്തിനുടമയായ ഇദ്ദേഹത്തെ രാഷ്ട്രം 1991-ല്‍ പദ്മശ്രീ നല്കി ആദരിച്ചു. 2008 ജനുവരി 24-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍