This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപി, കലാമണ്ഡലം (1938 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപി, കലാമണ്ഡലം (1938 - )

കലാമണ്ഡലം ഗോപി
നളചരിതം കഥകളിയില്‍ കലാമണ്ഡലം ഗോപി

കഥകളിനടന്‍. 1938 ജൂണ്‍ 30-നു കോതചിറയിലെ ഒരു നായര്‍ കുടുംബത്തില്‍ ജനിച്ചു. 9-ാം വയസ്സ് മുതല്‍ കഥകളി അഭ്യസിക്കാന്‍ തുടങ്ങി. കൂടല്ലൂര്‍ മനയ്ക്കലെ കളിയരങ്ങായിരുന്നു തുടക്കം. രാമുണ്ണിനായരാശാരിയായിരുന്നു ഗുരു. ഒരു വര്‍ഷത്തിനുശേഷം കലാമണ്ഡലത്തിലെത്തി. വാഴേങ്കട കുഞ്ചു നായര്‍, രാമന്‍കുട്ടി നായര്‍, പദ്മനാഭന്‍ നായര്‍ തുടങ്ങിയവരുടെ വിദഗ്ധ ശിക്ഷണം ഗോപിക്കു ലഭിച്ചിട്ടുണ്ട്. 1959 ആയപ്പോഴേക്കും കലാമണ്ഡലത്തില്‍ ആരംഭിച്ച മൈനര്‍ കളിയില്‍ ആദ്യാവസാനവേഷങ്ങള്‍ കെട്ടിയാണ് മികച്ച അഭ്യാസിയായി മാറിയത്. യുവതലമുറയിലെ പ്രധാന നടനായിത്തീര്‍ന്ന ഗോപി എല്ലാ ആദ്യാവസാനവേഷങ്ങളും ചൊല്ലിയാടി ഉറപ്പിച്ചിട്ടുണ്ട്. പച്ച, കത്തി എന്നിവയിലെ വേഷങ്ങളെല്ലാം തന്നെ കെട്ടുന്ന ഗോപിയുടെ നിറഞ്ഞ വേഷം പച്ചയാണെന്നു കരുതപ്പെടുന്നു. രംഗശ്രീ കൂടുതലും അതിലാണ്. ഭാവപ്രധാനമായ കഥകള്‍ സ്വാഭാവികതയോടെ അവതരിപ്പിക്കുന്നതിനു ഗോപിക്കുള്ള കഴിവ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നളന്‍, ധര്‍മപുത്രന്‍, അര്‍ജുനന്‍, ഭീമസേനന്‍ തുടങ്ങി പല വേഷങ്ങളും ആടാറുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ നളവേഷമാണ് പ്രസിദ്ധം. കേരള കലാമണ്ഡലത്തിന്റെ പ്രിന്‍സിപ്പലായിരുന്ന ഗോപി വേഷഭംഗി, ചൊല്ലിയാട്ടം, താളസ്ഥിതി, മുഖാഭിനയം ഇവയിലെല്ലാം അദ്വിതീയനാണ്.

പ്രശസ്ത ചലിച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകയായ നീനാ നാരായണന്‍ എന്നിവര്‍ കലാമണ്ഡലം ഗോപിയെക്കുറിച്ച് ഡോക്യുമെന്ററികള്‍ ഒരുക്കിയിട്ടുണ്ട്. വാനപ്രസ്ഥം, ശാന്തം, തുടങ്ങി ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കേരള കലാമണ്ഡലം അവാര്‍ഡ് (1983), കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് (1987), പദ്മശ്രീ (2010) തുടങ്ങി പല ബഹുമതികളും ഗോപിക്കു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍