This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപിനാഥ് മഹന്തി (1914 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപിനാഥ് മഹന്തി (1914 - 91)

ഒഡിയ നോവലിസ്റ്റ്. ഒഡിഷയിലെ കട്ടക്കില്‍ നാഗബലി എന്ന സ്ഥലത്ത് 1914 ഏ. 20-നു ഗോപിനാഥ് മഹന്തി ജനിച്ചു. പാറ്റ്നാ സര്‍വകലാശാലയില്‍ നിന്ന് എം.എ. ബിരുദം നേടി. മജിസ്ട്രേറ്റ്, റവന്യൂ ആഫീസര്‍, അണ്ടര്‍ സെക്രട്ടറി, പട്ടികവര്‍ഗ വകുപ്പിന്റെ സ്പെഷ്യല്‍ ആഫീസര്‍ എന്നിങ്ങനെ വിവിധ തസ്തികകളില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ (1938-69) സേവനമനുഷ്ഠിച്ചു.

1935-ല്‍ രൂപംകൊണ്ട 'പ്രഗതിവാദി ആന്ദോളന്‍' എന്ന പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരില്‍ ഒരാളാണ് മഹന്തി. യുദ്ധാനന്തര ഭാരതത്തിലെ ശോച്യാവസ്ഥയാണ് മഹന്തി തന്റെ രചനകള്‍ക്കു വിഷയമാക്കിയത്. അതിസൂക്ഷ്മമായ വിശകലനശേഷിയും പ്രതീകാത്മകമായ ഭാഷാരീതിയും പ്രകടമാക്കുന്നവയാണ് മഹന്തിയുടെ നോവലുകളും ചെറുകഥകളും. ഇവയുടെയെല്ലാം അന്തര്‍ധാരയായി നൈസര്‍ഗികമായ മനുഷ്യാനുകമ്പ വര്‍ത്തിക്കുന്നു. പരോക്ഷമായ പരിഹാസോക്തിയാണ് ഇദ്ദേഹത്തിന്റെ കഥകളുടെ മറ്റൊരു സവിശേഷത.

നാല്പത്തിയഞ്ചിലധികം ഗ്രന്ഥങ്ങള്‍ ഗോപിനാഥ് മഹന്തി രചിച്ചിട്ടുണ്ട്. അമൃതരസന്താന്‍ (1947), മതിമാതല (1964), ദിഗദിഹുദി (1979) എന്നിവ പ്രശസ്ത നോവലുകളാണ്. അമൃതരസന്താന്‍ 1955-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. മതിമാതലയാണ് 1974-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് നേടിക്കൊടുത്തത്. ഉദാന്തഖായി (ചെറുകഥകള്‍, 1971), മഹാ പുരുഷ (നാടകം, 1956), കോന്ധ് പരാജസ്തോത്ര ഒ സംഗീത (ഗിരിജന ഗാനസമാഹാരം), കലാശക്തി (നിരൂപണം), ദീപം ജ്യോതി, ഉത്കലമണി (ജീവചരിത്രം) എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ കൃതികളിലുള്‍പ്പെടുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ ഗോപബന്ധു ചൌധരിയുടെ ജീവിതകഥ വിവരിക്കുന്ന ദീപം ജ്യോതിയും ഗോപബന്ധു ദാസിന്റെ ജീവചരിത്രം വര്‍ണിക്കുന്ന ഉത്കലമണിയും ഒഡിയ ജീവചരിത്ര സാഹിത്യത്തിലെ വിലപ്പെട്ട കൃതികളായി ഗണിക്കപ്പെടുന്നു. സോവിയറ്റ്ലാന്‍ഡ് നെഹ്റു അവാര്‍ഡ് (1970), സാംബല്‍പൂര്‍ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്, പദ്മഭൂഷന്‍ (1981) എന്നിവയാണ് ഗോപിനാഥ് മഹന്തിക്കു ലഭിച്ച ഇതര ബഹുമതികള്‍.

1991 ആഗ. 20-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍