This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാല്‍, എസ്. (1923 - 2002)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാല്‍, എസ്. (1923 - 2002)

എസ്.ഗോപാല്‍

ഇന്ത്യന്‍ ചരിത്രകാരന്‍. ഡോ. എസ്. രാധാകൃഷ്ണന്റെ പുത്രനായ ഗോപാല്‍ 1923 ഏ. 23-നു ചെന്നൈയില്‍ ജനിച്ചു. മില്‍ഹില്‍ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ചെന്നൈ, ഓക്സ്ഫഡ് എന്നീ സര്‍വകലാശാലകളില്‍ ബിരുദ-ബിരുദാനന്തര പഠനം നടത്തി. ഓക്സ്ഫഡില്‍ നിന്ന് ഡി.ഫില്ലും ഡി.ലിറ്റും സമ്പാദിച്ച ഇദ്ദേഹത്തിന് അന്ധ്ര, തിരുപ്പതി എന്നീ സര്‍വകലാശാലകള്‍ ഓണററി ഡി.ലിറ്റ് ബിരുദം നല്കി. ആന്ധ്രാ സര്‍വകലാശാലയിലെ ചരിത്രവിഭാഗത്തില്‍ ലക്ചററും റീഡറുമായി ഇദ്ദേഹം പ്രവര്‍ത്തിച്ചു (1948-52). 1952-ല്‍ നാഷണല്‍ ആര്‍ക്കൈവ്സ് ഒഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ഡയറക്ടറായി. 1954-ല്‍ ഇദ്ദേഹം അതിന്റെ ചരിത്രവിഭാഗത്തിലെ ഉപദേശകനും തുടര്‍ന്ന് ഡയറക്ടറുമായി (1954-66). 1966 മുതല്‍ 71 വരെ ഓക്സ്ഫഡ് സര്‍വകലാശാലയിലെ ദക്ഷിണേന്ത്യന്‍ ചരിത്രവിഭാഗത്തില്‍ റീഡറായി. 1970 മുതല്‍ ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സമകാലിക ചരിത്രത്തിന്റെ പ്രൊഫസറായി. ട്രിനിറ്റി     കോളജിലെ കോമണ്‍വെല്‍ത്ത് ഫെലോ (1963-64), നാഷണല്‍ ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ ചെയര്‍മാന്‍ (1973-76), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ അംഗം (1976-80), യുനെസ്കോയുടെ എക്സിക്യൂട്ടീവ് അംഗം (1976-80), ലീഡ്സ് സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍ (1977), ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് പ്രസിഡന്റ് (1978) എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1976-ല്‍ ഇദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

ജവാഹര്‍ലാല്‍ നെഹ്റുവിന്റെ തിരഞ്ഞെടുത്ത കൃതികളുടെ ജനറല്‍ എഡിറ്ററാണ് ഇദ്ദേഹം. ദ പെര്‍മനന്റ് സെറ്റില്‍മെന്റ് ഇന്‍ ബംഗാള്‍ (1949), ദ വൈസ്രോയല്‍റ്റി ഒഫ് ലോര്‍ഡ് റിപ്പണ്‍ (1953), ദ വൈസ്രോയല്‍റ്റി ഒഫ് ലോര്‍ഡ് ഇര്‍വിന്‍ (1957), ബ്രിട്ടിഷ് പോളിസി ഇന്‍ ഇന്ത്യ 1858-1905 (1965), മേഡേണ്‍ ഇന്ത്യ (1967), ജവഹര്‍ ലാല്‍ നെഹ്റു-3 വാല്യങ്ങള്‍ (1975, 79, 84) തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍