This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലഷേണായി, രഞ്ജാള്‍ (1896 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലഷേണായി, രഞ്ജാള്‍ (1896 - ?)

ശില്പി. രഞ്ജാള്‍ ഗോപാല ജനാര്‍ദനഷേണായി 1896-ല്‍ ഗൗഡസാരസ്വത ബ്രാഹ്മണ സമുദായത്തില്‍ ജനിച്ചു. മംഗലാപുരത്തിനടുത്തുള്ള കാര്‍ക്കളയില്‍ താമസം. ശില്പിയായിരുന്ന അച്ഛനോടൊപ്പം 10-ാം വയസ്സില്‍ പ്രതിമാ നിര്‍മാണത്തിലേര്‍പ്പെട്ടു. ശില്പകലയില്‍ താത്പര്യമുള്ളവര്‍ക്കു പരിശീലനം നല്കാനായി ഇദ്ദേഹം 'ഭുവനേന്ദ്ര ശില്പകലാശാല' സ്ഥാപിച്ചു. ശില്പകലാ വൈദഗ്ധ്യത്തിനു ദേശീയ ബഹുമതി ലഭിച്ചിട്ടുണ്ട്.

1967-ല്‍ ദക്ഷിണ കര്‍ണാടക ജില്ലയിലെ ധര്‍മസ്ഥലയിലെ ക്ഷേത്രത്തിനു വേണ്ടി ഒറ്റക്കല്ലില്‍ 16 മീ. ഉയരമുള്ള ഒരു ഗോമഠേശ്വര പ്രതിമ നിര്‍മിക്കാന്‍ ധര്‍മാധികാരി വീരേന്ദ്ര ഹെഡ്ഗെ ഇദ്ദേഹത്തെ നിയോഗിച്ചു. 1975-ല്‍ അതു പൂര്‍ത്തിയാക്കി യഥാസ്ഥാനം സ്ഥാപിച്ചു. (മൈസൂര്‍ ജില്ലയിലെ ശ്രാവണബെലഗോളയിലെ ഗോമഠേശ്വര പ്രതിമ മാത്രമാണ് ഇതിനെക്കാള്‍ പൊക്കമുള്ളത്.) 200 ടണ്‍ ഭാരമുള്ള അതു നിര്‍മിക്കാന്‍ 5 വര്‍ഷം വേണ്ടിവന്നു. 3 ലക്ഷം രൂപയായിരുന്നു അതിന്റെ ചെലവ്. തുടര്‍ന്ന് ആഗ്രയ്ക്കടുത്ത് ഫിറോസാബാദിലെ ഒരു ജെയിന്‍ ട്രസ്റ്റിനു വേണ്ടി ഇദ്ദേഹം നിര്‍മിച്ച 14 മീറ്റര്‍ പൊക്കമുള്ള പ്രതിമ തീവണ്ടി മാര്‍ഗം അവിടെ എത്തിച്ചേര്‍ന്നത് കാണാനിടയായ ജപ്പാനിലെ ബുദ്ധസന്ന്യാസികള്‍ രണ്ടുപേര്‍ ഇദ്ദേഹത്തെ സമീപിച്ച് 49 കരിങ്കല്‍ക്കഷണങ്ങളില്‍ 20 മീ. പൊക്കമുള്ള ഒരു ബുദ്ധപ്രതിമ നിര്‍മിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. അവര്‍ക്കുവേണ്ടി ഒരു സ്തൂപവും നിര്‍മിച്ചിട്ടുണ്ട്. ജപ്പാന്‍കാര്‍ തന്നെയാണ് ആധുനിക രീതിയിലുള്ള ചില നിര്‍മാണോപകരണങ്ങള്‍ ഇദ്ദേഹത്തിനു നല്കിയതും.

1969-ല്‍ പ്രസിഡന്റിന്റെ അവാര്‍ഡും 1976-ല്‍ മൈസൂര്‍ സര്‍വകലാശാലയുടെ ഡി. ലിറ്റ് ബിരുദവും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

(എന്‍.എന്‍. ആനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍