This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലറെഡ്ഡി, ബി. (1907 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലറെഡ്ഡി, ബി. (1907 - 97)

സ്വാതന്ത്ര്യ സമരനേതാവും തെലുഗു സാഹിത്യകാരനും. ബി. ഗോപാലറെഡ്ഡി നെല്ലൂര്‍ ഡിസ്ട്രിക്ടില്‍ 1907 ആഗ. 5-നു ജനിച്ചു. പ്രാദേശിക പാഠശാലയിലെ വിദ്യാഭ്യാസത്തിനുശേഷം 1920-ല്‍ ശാന്തിനികേതനിലുള്ള വിശ്വഭാരതിയില്‍ ചേര്‍ന്നു. 1927-ല്‍ ഇദ്ദേഹം ബിരുദം നേടി. ഗോപാലറെഡ്ഡി 1930-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മൂന്നുമാസത്തെ തടവുശിക്ഷ ലഭിച്ചു. ജയില്‍ വിമുക്തനായ ഇദ്ദേഹത്തെ വിദ്യാര്‍ഥികളുടെ ഘോഷയാത്രയില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റുചെയ്ത് ആറു മാസം തടവിലാക്കി. 1932-ല്‍ വീണ്ടും പതിനെട്ടു മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ചു. 1938-ലും പിന്നീട് ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് 1942-ലും ഇദ്ദേഹത്തെ അറസ്റ്റുചെയ്ത് തടവിലാക്കി. 1931 മുതല്‍ ഇദ്ദേഹം ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായിരുന്നു. 1937-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച് രാജഗോപാലാചാരിയുടെ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായി. 1939-ല്‍ കോണ്‍ഗ്രസ് മന്ത്രിസഭ രാജിവച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ചെന്നൈയില്‍ ടി. പ്രകാശത്തിന്റെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി, 1952 വരെ തുടര്‍ന്നു. 1955-56-ല്‍ ആന്ധ്രപ്രദേശ് ഉദയം ചെയ്തപ്പോള്‍ അവിടത്തെ മുഖ്യമന്ത്രിയായി. 1958-ല്‍ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം കേന്ദ്ര ഗവണ്‍മെന്റിന്റെ റവന്യു ആന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ മന്ത്രിയായി. 1961-62 കാലയളവില്‍ വര്‍ക്സ്, ഹൌസിങ് ആന്‍ഡ് സപ്ളെയുടെ മന്ത്രിയായി. 1962-63 കാലയളവില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായി. 1963-ല്‍ കാമരാജ് പദ്ധതിപ്രകാരം രാജിവച്ചു. 1967-ല്‍ ഇദ്ദേഹത്തെ ഉത്തര്‍പ്രദേശ് ഗവര്‍ണറായി അഞ്ചു വര്‍ഷത്തേക്ക് നിയമിച്ചു. 1955-ല്‍ ആന്ധ്ര യൂണിവേഴ്സിറ്റി ഇദ്ദേഹത്തിന് ഡി. ലിറ്റ്. ബിരുദം നല്കുകയുണ്ടായി.

1997 മാ. 9-ന് ഗോപാലറെഡ്ഡി അന്തരിച്ചു.

(പി. സുഷമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍