This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലമേനോന്‍, യു. (1883 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലമേനോന്‍, യു. (1883 - 1964)

സ്വാതന്ത്ര്യ സമരസേനാനി. ഗോപാലമേനോന്‍ കോഴിക്കോട്ട് തിരുവണ്ണൂരില്‍ 1883 ജൂല. 1-നു ജനിച്ചു. കോഴിക്കോട്ടെ കേരള വിദ്യാശാലയിലും മദ്രാസ് ക്രിസ്ത്യന്‍ കോളജിലും മദ്രാസ് ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സൂററ്റ് കോണ്‍ഗ്രസിന് (1907) ചെന്നൈയില്‍ നിന്നുപോയ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ ഗോപാലമേനോനും ഉണ്ടായിരുന്നു. പില്ക്കാലത്ത് പ്രശസ്തിനേടിയ സുബ്രഹ്മണ്യഭാരതി, അല്ലാടി കൃഷ്ണസ്വാമി, ടി.എം. കൃഷ്ണസ്വാമി അയ്യര്‍ എന്നിവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍. മേനോന്‍ 1908-ല്‍ കോഴിക്കോട്ട് പ്രാക്ടീസ് ആരംഭിച്ചു. അഭിഭാഷകവൃത്തിയോടൊപ്പം സാമൂഹിക കാര്യങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. 1919-ല്‍ കേരള ലിറ്റററി സൊസൈറ്റി എന്ന പേരില്‍ ഒരു ഗ്രന്ഥശാല ആരംഭിച്ചു. അതാണ് പിന്നീട് കോഴിക്കോട്ട് മുനിസിപ്പല്‍ ഗ്രന്ഥശാലയായി വികസിച്ചത്. 1920-ലെ കൊല്‍ക്കത്താ കോണ്‍ഗ്രസ്സിലും 1921-ലെ നാഗ്പൂര്‍ കോണ്‍ഗ്രസ്സിലും നിസ്സഹകരണ പ്രമേയം പാസാക്കിയതിനെത്തുടര്‍ന്ന് ഗോപാലമേനോന്‍ പ്രാക്ടീസ് ഉപേക്ഷിച്ച് മുഴുവന്‍ സമയവും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി നീക്കി വച്ചു. 1921-ലെ മലബാര്‍ ലഹളക്കാലത്ത് സമാധാനം സ്ഥാപിക്കാനും അതിനുശേഷം ലഹളയില്‍ നിരാധാരരായിത്തീര്‍ന്ന ആളുകളെ കൂടിയിരുത്തുന്നതിനും ഇദ്ദേഹം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നു.

1921-22-ല്‍ ഗോപാലമേനോന്‍ തന്റെ പ്രവര്‍ത്തനരംഗം ചെന്നൈലേക്കു മാറ്റി. അവിടെ ടി. പ്രകാശവുമായിച്ചേര്‍ന്ന് സ്വരാജ്യ എന്നൊരു വാരിക പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 1930-ല്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടു. 1931-32-ല്‍ മലബാര്‍ തീണ്ടല്‍ വിരുദ്ധ സമിതിയുടെ പ്രസിഡന്റും 1932-ല്‍ ഗുരുവായൂര്‍ ക്ഷേത്രപ്രവേശന റഫറണ്ടത്തിന്റെ പ്രവര്‍ത്തകനുമായി പ്രവര്‍ത്തിച്ചു. കോഴിക്കോട് മുനിസിപ്പാലിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിനുശേഷം ഗവണ്‍മെന്റ് പ്ളീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായി നിയമിക്കപ്പെട്ടു. 1946-ല്‍ ഐക്യകേരള പ്രസ്ഥാനത്തില്‍ കേളപ്പന്‍, കെ.പി. കേശവമേനോന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു.

1952-ല്‍ രോഗബാധിതനായതിനെത്തുടര്‍ന്ന് പൊതുകാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു. 1964 ജൂണ്‍ 30-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍