This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലപിള്ള, എന്‍. (1901 - 68)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലപിള്ള, എന്‍. (1901 - 68)

പണ്ഡിതനും കവിയും വാഗ്മിയും. 1901 ആഗ. 10-നു കൊല്ലം താലൂക്കിലെ ഉമയനല്ലൂര്‍ അയ്യനഴികത്തു വീട്ടില്‍ ജനിച്ചു. നാരായണിയമ്മയും പ്രസിദ്ധ വൈദ്യനായ ശങ്കുപ്പിള്ളയുമാണ് മാതാപിതാക്കള്‍. കൊല്ലത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1924-ല്‍ ബി.എ. ബിരുദം നേടി മഹാരാജാസ് കോളജില്‍ ട്യൂട്ടറായി. പിന്നീട് എം.എ. ബിരുദം നേടുകയും ആര്‍ട്സ് കോളജില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1939 മുതല്‍ 57 വരെ തിരുവനന്തപുരം സംസ്കൃത കോളജില്‍ പ്രിന്‍സിപ്പലായിരുന്നു. ഇക്കാലത്തുതന്നെ ഇദ്ദേഹം തിരുവിതാംകൂറിലെ സംസ്കൃത സ്കൂളുകളുടെ ഇന്‍സ്പെക്ടര്‍ സ്ഥാനം കൂടി വഹിച്ചിരുന്നു. 1957-ല്‍ ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു. തുടര്‍ന്ന് കേരള സര്‍ക്കാര്‍ ആരംഭിച്ച മലയാളം എന്‍സൈക്ലോപീഡിയ(സര്‍വവിജ്ഞാനകോശം)യുടെ ആദ്യ ചീഫ് എഡിറ്ററാകുകയും മരണംവരെ ഈ സ്ഥാനത്തു തുടരുകയും ചെയ്തു.

എന്‍. ഗോപാലപിള്ള

സംസ്കൃതം, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ജ്യോതിഷത്തിലും അഗാധമായ പാണ്ഡിത്യം ഇദ്ദേഹത്തിനുണ്ടായിരുന്നു. അനുഗൃഹീതനായ പ്രഭാഷകനും കവിയും വിമര്‍ശകനും പ്രത്യുത്പന്നമതിയും ആചാര്യനുമായിരുന്നു എന്‍. ഗോപാലപിള്ള. ദിവ്യദര്‍ശനം, ലോകരഞ്ജനം, മാനവസംസ്കാരം, ശ്രീബുദ്ധദേവന്‍, ചിന്താദീപം, കല്പനാ ശില്പം (ഗദ്യ ഗ്രന്ഥങ്ങള്‍), നവമുകുളം (കവിതാസമാഹാരം) എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. പുസ്തകാകൃതിയില്‍ വന്നിട്ടില്ലാത്ത ഭാവഗീതങ്ങള്‍ പലതുമുണ്ട്. ടാഗൂറിന്റെ ഗീതാഞ്ജലിയും ഉള്ളൂരിന്റെ പ്രേമ സംഗീതവും (1937) കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയും (1939) സംസ്കൃതത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. പ്രസിദ്ധ ചിത്രകാരനായ ത്രിവിക്രമന്‍ തമ്പിയുടെ ഒരു ഇംഗ്ലീഷ് കൃതി പ്രേമ സുഷമ (1925) എന്ന പേരില്‍ ഇദ്ദേഹം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങള്‍ പരിഭാഷകര്‍ക്കു മാര്‍ഗദീപങ്ങളാണ്. ചിന്താഗൗരവവും ആശയമഹിമയും യുക്തിയുക്തമായ പ്രതിപാദനവും ഗോപാലപിള്ളയുടെ പ്രബന്ധങ്ങളില്‍ കാണാം. കലാപരവും ശാസ്ത്രീയവും വൈജ്ഞാനികവുമായ വിവിധ വിഷയങ്ങളെ നല്ല സംയമനത്തോടും ചിന്താഗൗരവത്തോടും കലാഭംഗിയോടും കൂടി പ്രതിപാദിച്ചിരിക്കുന്നു. മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും ഒരുപോലെ ഗദ്യ-പദ്യരചനയ്ക്കുള്ള വൈഭവം ഇദ്ദേഹത്തിനുണ്ടായിരുന്നു. മന്നത്തു പദ്മനാഭന്റെ ആത്മകഥയ്ക്കും, സി.ഒ. കേശവന്റെ കുമാരനാശാന്‍ ചരിതത്തിനും, കുറിശ്ശേരിയുടെ കേരള ഗൗതമീയത്തിനും ഇദ്ദേഹമെഴുതിയ ഉപോദ്ഘാതങ്ങള്‍ വൈജ്ഞാനിക സാഹിത്യത്തിനു മുതല്‍ക്കൂട്ടാണ്.

ഗോപാലപിള്ളയുടെ അന്വേഷണ ബുദ്ധി പ്രകടമാക്കുന്ന നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ഇംഗ്ലീഷില്‍ ഉണ്ട്. വേള്‍ഡ് റിലിജിയന്‍സ്: എ സ്റ്റഡി എന്ന ഗ്രന്ഥം സര്‍. സി.പി. രാമസ്വാമി അയ്യരുടെ ലോകമതങ്ങള്‍ എന്ന കൃതിയുടെ വിശദമായ പഠനമാണ്. ഭര്‍ത്തൃഹരിയുടെ വാക്യപദീയത്തിലെ പ്രഥമ കാണ്ഡത്തിന്റെ ആംഗല വിവര്‍ത്തനമാണ് ഫിലോസഫി ഒഫ് സാന്‍സ്ക്രിറ്റ് ഗ്രാമര്‍.

കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, മലയാളം ലക്സിക്കണ്‍ എന്നിവയുടെ ഭരണസമിതികളില്‍ അംഗമായും സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡണ്ടായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ വിവിധ സര്‍വകലാശാലകളിലെ പരീക്ഷാ സമിതികളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുകയുണ്ടായി. 1968 ജൂണ്‍ 10-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍