This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലന്‍ I, II, III

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലന്‍ I, II, III

പാല വംശത്തിലെ രാജാക്കന്മാര്‍. എ. ഡി. 8-ാം ശ. മുതല്‍ 12-ാം ശ. വരെ ബംഗാള്‍ പ്രദേശത്ത് ഒരു സാമ്രാജ്യം സ്ഥാപിച്ച് അധീശത്വം പുലര്‍ത്തിപ്പോന്ന രാജവംശമാണ് പാല രാജവംശം. ഈ രാജവംശത്തിലെ ഗോപാലന്‍ എന്നു പേരുള്ള മൂന്നു രാജാക്കന്മാര്‍ വിവിധ കാലഘട്ടങ്ങളിലായി നാടുവാണു. 765 മുതല്‍ 769 വരെ രാജ്യം ഭരിച്ച ഗോപാലന്‍ I ആണ് പാല സാമ്രാജ്യ സ്ഥാപകന്‍. ഗോപാലന്‍ I ഒരു രാജവംശത്തിലും പിറന്ന വ്യക്തിയായിരുന്നില്ല. ഇദ്ദേഹം അധികാരം പിടിച്ചെടുക്കുന്നതിനു മുമ്പ് ബംഗാളില്‍ അരാജകത്വം നടമാടിയിരുന്നു. ഈ അരാജകാവസ്ഥയ്ക്ക് വിരാമമിട്ട് രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ചതാണ് ഇദ്ദേഹത്തിന്റെ പ്രധാന നേട്ടം. രാജ്യത്ത് നിലനിന്നിരുന്ന ആഭ്യന്തര കുഴപ്പങ്ങളെ തരണം ചെയ്ത് സ്വന്തം കഴിവുകൊണ്ട് മാത്രം രാജവംശം സ്ഥാപിച്ച് ഇദ്ദേഹം പ്രശസ്തി നേടി. ഗോപാലന്‍ I-നു ശേഷം ധര്‍മപാലന്‍, ദേവപാലന്‍ എന്നീ രാജാക്കന്മാരാണ് പാല സാമ്രാജ്യം ഭരിച്ചത്. ഇവരുടെ കാലശേഷം പാല സാമ്രാജ്യം ക്ഷയോന്മുഖമായി. 10-ാം ശതാബ്ദത്തിന്റെ ആദ്യ ദശകങ്ങളില്‍ ഗോപാലന്‍ II-ന്റെ ഭരണകാലത്ത് പാലന്മാരുടെ ശക്തി പുനഃസ്ഥാപിതമായി. പക്ഷേ, കംബോജരുടെ (തിബത്തില്‍ നിന്നോ മംഗോളിയയില്‍ നിന്നോ വന്നവരായിരുന്നവത്രെ ഇവര്‍) ആക്രമണങ്ങളെത്തുടര്‍ന്ന് പാല സാമ്രാജ്യം വീണ്ടും പ്രതിസന്ധി നേരിട്ടു. മഹീപാലന്‍ I (992-1040) പാല സാമ്രാജ്യം പുനഃസ്ഥാപിക്കുന്നതില്‍ വിജയം കൈവരിച്ചു. ഇദ്ദേഹത്തിന്റെ കാലത്താണ് ചോളരാജാവായ രാജേന്ദ്രന്‍ I ബംഗാള്‍ ആക്രമിച്ചത്. മഹീപാലന്‍ I-ന്റെ പിന്‍ഗാമികള്‍ ദുര്‍ബലരായിരുന്നു. 12-ാം ശ.-ത്തിന്റെ ആദ്യഘട്ടത്തില്‍ രാജ്യം ഭരിച്ച ഗോപാലന്‍ III ഈ കൂട്ടത്തില്‍പ്പെടുന്നു. തന്റെ എതിരാളിയായ മദനപാലന്‍ (1130-50) ഗോപാലനെ വധിച്ച് രാജ്യാധികാരം പിടിച്ചെടുത്തെങ്കിലും അധികം താമസിയാതെ പാല സാമ്രാജ്യം ക്ഷയിക്കുകയുണ്ടായി.

(ശ്രീധരമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍