This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലന്‍ നായര്‍, മേടയില്‍ (മലബാര്‍) (1899 - 1976)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലന്‍ നായര്‍, മേടയില്‍ (മലബാര്‍) (1899 - 1976)

ആദ്യകാല മലയാള നാടകങ്ങളില്‍ ഹാര്‍മോണിസ്റ്റായിരുന്ന സംഗീത വിദ്വാന്‍. മാവേലിക്കര ചെറുകോല്‍ തണ്ടത്തു പടീറ്റതില്‍ പരമേശ്വരന്‍ നായരുടെയും കുഞ്ഞിലക്ഷ്മിഅമ്മയുടെയും മകനായി 1899-ല്‍ (1074 ഇടവം) ജനിച്ചു. പ്രസിദ്ധ സംഗീതജ്ഞനായിരുന്ന അമ്പലപ്പുഴ നാണുവാശാന്റെ കീഴില്‍ പതിനഞ്ചാം വയസ്സു മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ മേഖലകളിലെല്ലാം നാണു ആശാന്‍ സംഗീത സദസ്സുകള്‍ക്കു പോകുമ്പോള്‍ ഗോപാലന്‍ നായരും അദ്ദേഹത്തോടൊന്നിച്ച് പോകുമായിരുന്നു. പിന്നീട് കുറേക്കാലം ചെന്നൈയില്‍ പോയി നാടകക്കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി. ഇക്കാലത്തു ചെന്നൈയില്‍ വച്ച് ദണ്ഡപാണി ദേശികന്‍ എന്ന പ്രഗല്ഭ ഹാര്‍മോണിസ്റ്റുമായി മത്സരിച്ച് വായിച്ച് ഇദ്ദേഹം സമ്മാനങ്ങള്‍ നേടുകയുണ്ടായി.

'മലബാര്‍ ഗോപാലന്‍ നായര്‍' എന്ന പേര് ഓച്ചിറ പടനിലത്തുവച്ച് ഒരു നാടകത്തിനു ഹാര്‍മോണിയം വായിക്കാനെത്തിയപ്പോള്‍ കിട്ടിയതാണ്. മലബാര്‍ പര്യടനം കഴിഞ്ഞു തിരിച്ചെത്തിയ ഉടനെയായിരുന്നു ഓച്ചിറയിലെ ഈ നാടകം. അതായിരിക്കണം ഇങ്ങനെ പേരു വരാന്‍ കാരണം. അന്നു മുതല്‍ മലബാര്‍ ഗോപാലന്‍ നായര്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

ഏതാണ്ട് മുപ്പതു വര്‍ഷക്കാലം ഇദ്ദേഹം മലയാള നാടക വേദിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയുണ്ടായി. 'സദാരാമ', 'സുഭഗ', 'വേലക്കാരന്‍', 'നവോദയം', 'കരുണ', 'ചക്കീ ചങ്കരം', 'രാമരാജ ബഹദൂര്‍', 'കായംകുളം കൊച്ചുണ്ണി', 'ബ്രഹ്മചാരി', 'യാചകി', 'അല്ലി', 'അര്‍ജുന', 'ഗുലേബക്കാവലി', 'ശശിധരന്‍ ബി.എ.', 'സ്ത്രീ', 'അക്ബര്‍' ആദിയായവ ഗോപാലന്‍ നായര്‍ ഹാര്‍മോണിസ്റ്റായി പങ്കെടുത്ത നൂറുകണക്കിന് നാടകങ്ങളില്‍ ചിലതുമാത്രമാണ്. ഹാര്‍മോണിയത്തിനു പുറമേ വീണ, നാഗസ്വരം തുടങ്ങിയവയും അനായാസം വായിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതോടൊപ്പം സംഗീത കച്ചേരികളും അവതരിപ്പിക്കുമായിരുന്നു. അവസാന നാളുകളില്‍ വളരെയധികം കുട്ടികളെ ഇദ്ദേഹം ശാസ്ത്രീയ സംഗീതം അഭ്യസിപ്പിക്കുകയുണ്ടായി.

കരമന ഹൈസ്കൂളില്‍ സംഗീത അധ്യാപികയായിരുന്ന കെ. കമലാക്ഷിയമ്മയാണ് സഹധര്‍മിണി. പ്രസിദ്ധ സംഗീത സംവിധായകനായ എം. ജി. രാധാകൃഷ്ണന്‍, സംഗീതജ്ഞയായ പ്രൊഫ. കെ. ഓമനക്കുട്ടി, ചലച്ചിത്ര പിന്നണി ഗായകനായ എം. ജി. ശ്രീകുമാര്‍, വിജയമ്മ എന്നിവര്‍ മക്കളാണ്. 1976-ല്‍ (1151 മേടം 11) ഗോപാലന്‍ നായര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍