This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലന്‍, കെ.പി.ആര്‍. (1909 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലന്‍, കെ.പി.ആര്‍. (1909 - 97)

കെ.പി.ആര്‍.ഗോപാലന്‍

കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവ്. കുന്നത്തു പുതിയ വീട്ടില്‍ രാമപുരത്ത് ഗോപാലന്‍ നമ്പ്യാര്‍ 1909 ജൂണില്‍ കണ്ണൂരിനടുത്തുള്ള കല്യാശേരിയില്‍ ജനിച്ചു. പിതാവ് ഏറമ്പാല രയരപ്പന്‍ നമ്പ്യാര്‍ അംശം അധികാരി ആയിരുന്നു. സ്കൂള്‍ഫൈനല്‍ പരീക്ഷ പാസായശേഷം പാനൂര്‍ സബ്രജിസ്ട്രാറാഫീസില്‍ ഗുമസ്തനായി ജോലിനോക്കി. 1930-ല്‍ ജോലി രാജിവച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു. കോഴിക്കോട്ടു വിദേശ വസ്ത്രാലയവും മദ്യഷാപ്പും പിക്കറ്റുചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബക്കുളം കോണ്‍ഗ്രസ് സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറിയായിരുന്നു. 1937 മുതല്‍ 1940 വരെ കെ.പി.സി.സി. അംഗമായിരുന്നു. 1937-ലും 40-ലും മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരില്‍ നിന്നും എ.കെ.ജി.യുടെ നേതൃത്വത്തില്‍ മദിരാശിക്കു പുറപ്പെട്ട പട്ടിണി ജാഥയില്‍ (1936) പങ്കെടുത്തു. യുദ്ധകാല വിലവര്‍ധനവിനെതിരെ 1940-ല്‍ പാപ്പിനിശേരിയില്‍ വച്ചു നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കര്‍ഷക സമ്മേളനത്തിന്റെ സംഘാടകനായിരുന്നു. മൊറാഴ സംഘട്ടനത്തെത്തുടര്‍ന്ന് കെ.പി.ആര്‍. ഗോപാലനെ അറസ്റ്റു ചെയ്തു. മദ്രാസ് ഹൈക്കോടതി വധശിക്ഷ വിധിച്ചു (1942). ബഹുജന പ്രതിക്ഷേധവും മഹാത്മജിയുടെ ഇടപെടലുംമൂലം മദിരാശി ഗവര്‍ണര്‍ ജീവപര്യന്തം തടവു ശിക്ഷയായി കുറച്ചു. 1947-ല്‍ കോണ്‍ഗ്രസ്സ് മന്ത്രിസഭ ഇദ്ദേഹത്തെ വിട്ടയച്ചു. പിന്നീട് ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റി അംഗമായി. 1957-ല്‍ മാടായിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിനെ(1964)ത്തുടര്‍ന്ന് ഇദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയില്‍ ആയിരുന്നു. 1964 മുതല്‍ 67 വരെ ദേശാഭിമാനി പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരുന്നു. 1967-ല്‍ തലശ്ശേരിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1970-ല്‍ മാടായി ഇരിക്കൂര്‍ മണ്ഡലങ്ങളില്‍ നിന്ന് കേരള നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിച്ചില്ല. പിന്നീട് ഇദ്ദേഹം കമ്യൂണിസ്റ്റ് യൂണിറ്റി സെന്ററിലും കമ്യൂണിസ്റ്റ് ബോള്‍ഷെവിക്ക് പാര്‍ട്ടിയിലും ചേര്‍ന്നു. കമ്യൂണിസ്റ്റ് ഓര്‍ഗനൈസേഷന്‍ ഒഫ് ഇന്ത്യന്‍ യൂണിയന്റെ അഖിലേന്ത്യാ ചെയര്‍മാന്‍ (1993) കൂടിയായിരുന്നു.

1997 ആഗ. 6-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍