This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലന്‍, എ.കെ. (1902 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലന്‍, എ.കെ. (1902 - 77)

എ.കെ.ഗോപാലന്‍

ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി നേതാവ്. എ. കെ.ജി. എന്ന് അറിയപ്പെടുന്നു. 1902 ജൂല.-യില്‍ മാവിലായിലുള്ള മക്രേരി വില്ലേജില്‍ വെള്ളുവക്കോണത്തു രൈരു നായരുടെയും ആയില്യത്തു കുറ്റ്യേരി മാധവി അമ്മയുടെയും പുത്രനായി ജനിച്ചു. തലശ്ശേരിയില്‍ വിദ്യാഭ്യാസം നടത്തി. പെരളശ്ശേരി ബോര്‍ഡ് സ്കൂളിലും മറ്റുമായി ഏഴുവര്‍ഷത്തോളം അധ്യാപകനായി ജോലിനോക്കി. 1927 മുതല്‍ മദ്യ നിരോധന പ്രവര്‍ത്തനത്തിലും സ്വദേശി പ്രസ്ഥാനത്തിലും പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. 1928 മുതല്‍ ഖാദി പ്രചാരണത്തിലും വിദേശവസ്ത്ര ബഹിഷ്കരണത്തിലും ഏര്‍പ്പെട്ടു. ഉപ്പു സത്യഗ്രഹത്തിന്റെ ഭാഗമായി (1930) കോഴിക്കോട്ട് നിന്ന് പയ്യന്നൂര്‍ക്കു കേളപ്പന്‍ നയിച്ച ജാഥയ്ക്ക് എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ ചൊവ്വരയില്‍ സ്വീകരണം നല്കി.

എ.കെ.ജി. ഇ.എം. എസ്സിനൊപ്പം

ഇക്കാലത്താണ് ഇദ്ദേഹം ജോലി രാജിവച്ച് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയത്. കോഴിക്കോട്ട് സത്യാഗ്രഹം നടത്തിയതിനാണ് എ.കെ.ജി.യെ ആദ്യമായി അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നിയമലംഘനത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് എ.കെ.ജി.യെ അറസ്റ്റു ചെയ്ത് കണ്ണൂര്‍ ജയിലിലും വെല്ലൂര്‍ ജയിലിലും പാര്‍പ്പിച്ചു. വയനാട്ടിലെ സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കേണ്ട ചുമതല ഇദ്ദേഹത്തിനായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹ പ്രചാരണ ജാഥാ ക്യാപ്റ്റനും സത്യഗ്രഹ വോളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്ന (1931) എ.കെ.ജി. സിവില്‍ നിയമലംഘനത്തിന്റെ കണ്ണൂരില്‍ നടന്ന പിക്കറ്റിങ്ങിനോടനുബന്ധിച്ച് വീണ്ടും അറസ്റ്റു വരിച്ചു. കണ്ണൂര്‍, ബെല്ലാരി, വെല്ലൂര്‍ ജയിലുകളില്‍ കഴിഞ്ഞു. 1933 അവസാനത്തോടെ ജയില്‍ മോചിതനായി. 1934-ല്‍ കെ.പി.സി.സി. സെക്രട്ടറിയായി. 1935-ല്‍ ഇദ്ദേഹം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1935 മുതല്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ തൊഴിലാളി യൂണിയന്‍, ഫറോക്ക് ഓട്ടുകമ്പനി തൊഴിലാളി യൂണിയന്‍ തുടങ്ങി പല തൊഴിലാളി സംഘടനകള്‍ക്കും നേതൃത്വം നല്കി. 1935 ഫെബ്രുവരിയിലെ കോട്ടണ്‍ മില്‍ തൊഴിലാളി പണിമുടക്കിനു നേതൃത്വം നല്കി. തോണിത്തൊഴിലാളി പണിമുടക്കിലും ഫെറോക്കിലെ ഓട്ടുകമ്പനി തൊഴിലാളി പണിമുടക്കിലും മറ്റും പങ്കെടുത്തു. തുടര്‍ന്ന് കര്‍ഷക പ്രസ്ഥാനവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 1936-ല്‍ ചെന്നൈയിലേക്ക് 'പട്ടിണിജാഥ' നയിച്ചു. 1938-ല്‍ ആലപ്പുഴ കയര്‍ തൊഴിലാളി സമരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസുമായും തിരുവിതാംകൂറിലെ രാഷ്ട്രീയ നേതാക്കളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് 1938 സെപ്. 9-ന് കോഴിക്കോട്ട് കടപ്പുറത്തുനിന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ജാഥ പുറപ്പെട്ടു. എ.കെ.ജി.യുടെ നേതൃത്വത്തിലുള്ള നാലാമത്തെ ജാഥയായിരുന്നു ഇത്. ജാഥ ആലുവായില്‍ എത്തിയപ്പോള്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് എട്ടുമാസത്തെ തടവിന് ശിക്ഷിച്ചു. തടവില്‍ കിടന്നപ്പോള്‍ ജയില്‍ സൗകര്യങ്ങള്‍ക്കുവേണ്ടി നിരാഹാര സമരം നടത്തി. ഷൊര്‍ണൂരില്‍ നിന്നും ഇ.എം.എസിന്റെ നേതൃത്വത്തില്‍ 1935-ല്‍ തുടങ്ങിയതും പിന്നീട് പ്രവര്‍ത്തനം നിലച്ചുപോയതുമായ പ്രഭാതം എ.കെ.ജി. മാനേജരായി 1938-ല്‍ വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. മധുര, തൃശ്ശിനാപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളി നേതാക്കളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ത്രിപുര സമ്മേളനത്തില്‍ സംബന്ധിച്ചശേഷം പ്രഭാതം പത്രത്തിനു ഫണ്ടുശേഖരിക്കാന്‍ സിലോണും സിങ്കപ്പൂരും സന്ദര്‍ശിച്ചു. മടങ്ങിവന്ന് വാര്‍ധാ കോണ്‍ഗ്രസ് സമ്മേളനത്തിലും പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ ഇദ്ദേഹം അതില്‍ അംഗമായി. 1940 മാ. 1-ന് ഇദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയി. 1941 മാ. 24-ന് തൃശ്ശിനാപ്പള്ളിയില്‍ വച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജയില്‍ സൗകര്യങ്ങള്‍ക്കുവേണ്ടി 18 ദിവസം വെല്ലൂര്‍ ജയിലില്‍ നിരാഹാര സമരം നടത്തി. 1941 സെപ്. 25-ന് രാത്രി ജയില്‍ ചാടി ഒളിവു ജീവിതം നയിച്ചു. വടക്കേ ഇന്ത്യയില്‍ പോയി ഒളിവുകാലത്ത് ഇന്‍ഷുറന്‍സ് ഏജന്റായും കൊല്‍ക്കത്തയില്‍ ഇഷ്ടികക്കമ്പനി തൊഴിലാളിയായും ജോലിനോക്കി. 1945 അവസാനം മടങ്ങിവന്നു. പെരിന്തല്‍മണ്ണയ്ക്കടുത്ത് ഒരു യോഗസ്ഥലത്തുവച്ച് അറസ്റ്റു ചെയ്യപ്പെട്ടു. രണ്ടു ദിവസത്തിനകം മോചിതനായി തുടര്‍ന്ന് ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള കമ്മിറ്റി സെക്രട്ടറിയായി. പൊലീസുകാര്‍ക്കിടയില്‍ ഗവണ്‍മെന്റു വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി 1946 മാ.-ല്‍ എ.കെ. ജി.യെ വീണ്ടും അറസ്റ്റു ചെയ്ത് ആറുമാസം തടവിനു ശിക്ഷിച്ചു എങ്കിലും ജാമ്യത്തില്‍ പുറത്തിറങ്ങി. 1948-ല്‍ വയനാട്ടില്‍ വച്ച് വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഇദ്ദേഹം കണ്ണൂരിലെ ജയിലില്‍ തടവുകാരനായിരുന്നു. 1947 ഒ. 12-നു മോചിപ്പിച്ചു. 1947 ഡി. 17-നു താമരശ്ശേരിയില്‍ വച്ച് വീണ്ടും അറസ്റ്റിലായി. വെല്ലൂര്‍, കോയമ്പത്തൂര്‍, കടലൂര്‍ ജയിലുകളില്‍ പാര്‍ത്തു. തടവിലിരിക്കെ ജയിലില്‍ നിരാഹാര സമരം നടത്തി. കരുതല്‍ തടങ്കലിനെതിരെ കേസ് വാദിച്ചു ജയിച്ചു. 1951-ല്‍ ജയില്‍ മോചിതനായി മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പുനഃസംഘടിപ്പിക്കുന്നതില്‍ വ്യാപൃതനായി. 1951-ല്‍ അഖിലേന്ത്യാ കിസാന്‍ സഭാ പ്രസിഡന്റായി. 1952-ല്‍ കണ്ണൂരില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1952 സെപ്. 10-ന് വിവാഹിതനായി. ഭാര്യ സുശീലയും കമ്യൂണിസ്റ്റ് നേതാവായിരുന്നു. 1952 സെപ്.-ല്‍ ചൈനയില്‍ പസിഫിക് ഓഷ്യന്‍ പീസ് കോണ്‍ഫറന്‍സിലും ഒ.-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം കോണ്‍ഗ്രസ്സിലും പങ്കെടുത്തു. 1956-ല്‍ മഹാഗുജറാത്ത് പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു. 1957-ല്‍ കാസര്‍കോട്ട് നിന്നും പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1957 ഡി.-ല്‍ കെയ്റൊയിലെ ആഫ്രോ-ഏഷ്യന്‍ കോണ്‍ഫറന്‍സിലെ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. പഞ്ചാബില്‍ നടന്ന ബെറ്റര്‍മെന്റ് നികുതിക്കെതിരായുള്ള സമരത്തില്‍ പങ്കെടുത്തു. 1960 ജൂണ്‍ 18-ന് ഇദ്ദേഹം കാസര്‍കോട്ടു നിന്നു തിരുവനന്തപുരത്തേക്ക് കര്‍ഷക ജാഥ നയിച്ചു. 1961 ജൂണ്‍ 6-ന് അയ്യപ്പന്‍കോവിലിലെ കുടിയൊഴിപ്പിക്കലിനെതിരെ അമരാവതിയില്‍ സത്യാഗ്രഹം ആരംഭിച്ചു. 1961 ഡി. 10-നു കര്‍ഷകസംഘം സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. 1962 ജനു. അവസാനം മോചിതനായി. 1963-ല്‍ ചുരുളി-കീരിത്തോട് കുടിയൊഴിപ്പിക്കലിനെതിരെയുള്ള സമരത്തില്‍ ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. 1964 ന. 7-ന് കൊല്‍ക്കത്ത കോണ്‍ഫറന്‍സില്‍ വച്ച് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയില്‍ നിലയുറപ്പിച്ചു. 1964 ഡി. 29-നു തൃശൂരില്‍ വച്ച് അറസ്റ്റിലായി. വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞു. ഭക്ഷ്യകാര്യത്തിലും വ്യവസായരംഗത്തും കേന്ദ്രഗവണ്‍മെന്റ് കേരളത്തെ അവഗണിക്കുന്നു എന്ന് ആരോപിച്ച് അതില്‍ പ്രതിഷേധിച്ചുകൊണ്ട് 1968 ഒ. 28-ന് രാജ്ഭവനിലേക്ക് പ്രകടനം നയിച്ചു. ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ ഒഫ് അഗ്രിക്കള്‍ച്ചറല്‍ ലേബര്‍ ആന്‍ഡ് ഫോറസ്ട്രി വര്‍ക്കേഴ്സ് യൂണിയന്റെ സൈപ്രസിലെ നിക്കോഷ്യയില്‍ വച്ചുനടന്ന സമ്മേളനത്തില്‍ പ്രസീഡിയം അംഗമായി പങ്കെടുത്തു. 1971-ല്‍ മിച്ചഭൂമി സമരത്തിനു നേതൃത്വം നല്കി.

മുടവന്‍മുകള്‍ കൊട്ടാരത്തിലെ സമരത്തിന് അറസ്റ്റ് ചെയ്തു. 1952 മുതല്‍ മരണംവരെ (1957, 62, 67, 71) ഇദ്ദേഹം പാര്‍ലമെന്റംഗമായിരുന്നു. കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്ന എ.കെ.ജി. അഖിലേന്ത്യാ കിസാന്‍ സഭയുടെ സ്ഥാപകനേതാവും ഏറെക്കാലം അതിന്റെ അധ്യക്ഷനുമായിരുന്നു. എന്റെ ജീവിതകഥ, മണ്ണിനുവേണ്ടി, കൊടുങ്കാറ്റിന്റെ മാറ്റൊലി എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. 1977 മാ. 21-ന് എ.കെ.ജി. അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍