This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലക്കുറുപ്പ്, വെണ്ണിക്കുളം (1902 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലക്കുറുപ്പ്, വെണ്ണിക്കുളം (1902 - 80)

മലയാളകവി. തിരുവല്ലാ താലൂക്കില്‍ വെണ്ണിക്കുളം എന്ന സ്ഥലത്ത് 1902 മേയ് 10-ന് ഗോപാലക്കുറുപ്പ് ജനിച്ചു. മലയാളം മുഖ്യ പരീക്ഷയും മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളം വിദ്വാന്‍ പരീക്ഷയും പാസായി. കുറേക്കാലം കേരള കാഹളം പ്രസിദ്ധീകരണത്തില്‍ ജോലി നോക്കി. തുടര്‍ന്ന് ഭാഷാചന്ദ്രിക എന്ന സാഹിത്യ മാസിക നടത്തി.

കാല്‍ശതാബ്ദക്കാലം തിരുവല്ല എം.ജി.എം. ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു ഇദ്ദേഹം. അതിനുശേഷം കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഹസ്തലിഖിത ഗ്രന്ഥാലയത്തിലും മലയാളം ലക്സിക്കന്‍ വിഭാഗത്തിലും ഒരു വ്യാഴവട്ടക്കാലം ജോലിനോക്കി.

25-ല്‍പ്പരം കൃതികളുടെ കര്‍ത്താവാണ് വെണ്ണിക്കുളം. സരോവരം, മാനസപുത്രി, വെള്ളിത്താലം, വസന്തോത്സവം, കലയുടെ കണ്ണില്‍, കേരളശ്രീ, സൗന്ദര്യപൂജ, ജഗല്‍ സമക്ഷം, അമൃതാഭിഷേകം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ബാലസാഹിത്യത്തിലും നിഘണ്ടു നിര്‍മാണത്തിലും ഇദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. വെണ്ണിക്കുളത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയാണ് കദളീവനം. സംഗീതാത്മകതയും ലാളിത്യവും വെണ്ണിക്കുളം കവിതകളുടെ പ്രത്യേകതകളാണ്.

പ്രസാദവും മാധുര്യവുമാണ് ദ്രാവിഡ വൃത്തത്തില്‍ രചിക്കപ്പെട്ടിട്ടുള്ള വെണ്ണിക്കുളം കവിതകളിലെ വ്യക്തിമുദ്ര. ശ്രുതി സുഭഗമായ ഈ രചനകളില്‍ കേരളത്തിന്റെ പ്രകൃതിഭംഗിയും ഭാവ പ്രധാനങ്ങളായ വിവിധ ജീവിത സന്ദര്‍ഭങ്ങളും കവിയുടെ ജീവിതാദര്‍ശങ്ങളും ഹൃദയസ്പര്‍ശകമായി ആവിഷ്കൃതമാകുന്നു. സ്നേഹത്തിന്റെയും അഹിംസയുടെയും ത്യാഗത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്ന നിരവധി സ്വാതന്ത്ര്യ സമരഗാനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ഹിന്ദിയില്‍ നിന്നു രാമചരിതമാനസവും തമിഴില്‍ നിന്നു തിരുക്കുറളും ഇദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സുബ്രഹ്മണ്യഭാരതിയുടെ കവിതകളും തമിഴില്‍ നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലൈറ്റ് ഒഫ് ഏഷ്യയ്ക്കു ഇദ്ദേഹം തയ്യാറാക്കിയ പരിഭാഷ മുക്തകണ്ഠമായ പ്രശംസ നേടിയിട്ടുണ്ട്. ചെസ് കളിയില്‍ വിദഗ്ധനും അതീവ തത്പരനുമായിരുന്നു ഇദ്ദേഹം.

മാണിക്യവീണ എന്ന കൃതിക്ക് 1966-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും തുളസീദാസരാമായണം (വിവര്‍ത്തനം) എന്ന കൃതിക്ക് 1969-ലെ ഓടക്കുഴല്‍ അവാര്‍ഡും കാമസുരഭിക്ക് 1974-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മലയാള കവിതയ്ക്കും കേരള സംസ്കാരത്തിനും നല്കിയ സംഭാവനകളെ മാനിച്ച് കേരള സര്‍വകലാശാല ഡി. ലിറ്റ്. ബിരുദം നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കവി, ഗദ്യകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന വെണ്ണിക്കുളം ഗോപാലക്കുറുപ്പ് 1980 ആഗ. 29-ന് അന്തരിച്ചു.

(ഡോ. വിജയാലയം ജയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍