This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലകൃഷ്ണ അഡിഗ (1918 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലകൃഷ്ണ അഡിഗ (1918 - )

കന്നഡ നവ്യകാവ്യ പ്രസ്ഥാനത്തിലെ ശ്രദ്ധേയനായ കവി. ഇദ്ദേഹം 1918 ഫെ. 18-നു ജനിച്ചു. 1942-ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. (ഓണേഴ്സ്) ബിരുദം നേടിയശേഷം വിവിധ സ്ഥലങ്ങളില്‍ ഹൈസ്കൂള്‍ അധ്യാപകനായി ജോലിനോക്കി. കുറേനാള്‍ ഗുമസ്തനായും പിന്നെ കോളജ് വിദ്യാര്‍ഥിയായും കഴിഞ്ഞ ഇദ്ദേഹം 1952-ല്‍ മൈസൂര്‍ സര്‍വകലാശാലയില്‍നിന്ന് എം.എ. ജയിച്ചു. ഗുമട്ടയിലെ കോളജില്‍ ഇംഗ്ലീഷ് ലക്ചററായും മൈസൂര്‍ സെന്റ് ഫിലോമിനാസ് കോളജില്‍ പ്രൊഫസറായും (1954-64), സാഗറിലെ ലാല്‍ ബഹദൂര്‍ കോളജില്‍ പ്രിന്‍സിപ്പലായും (1964-68) സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഉടുപ്പിയിലെ പൂര്‍ണ പ്രജ്ഞാകോളജില്‍ പ്രിന്‍സിപ്പലായി (1968-71). നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായും (1972) ഇദ്ദേഹം ജോലിനോക്കി. മൈസൂര്‍ സര്‍വകലാശാലയില്‍നിന്നും ബി.എം.എസ്. സ്വര്‍ണ മെഡലും (1941) കര്‍ണാടക സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡും (1973) ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ഗോപാലകൃഷ്ണ അഡിഗ

കാല്പനിക പ്രസ്ഥാനത്തിലെ കവിതകളടങ്ങിയ ഭാവതരംഗ (1946)മാണ് അഡിഗയുടെ ആദ്യ കവിതാസമാഹാരം. കട്ടുപെവുനാമു (നമ്മള്‍ പണിയും, 1948) എന്ന കവിതാസമാഹാരത്തിലെ 'മോഹനമുരളി', 'അതിഥിഗജ', 'ധൂമലീലെ' തുടങ്ങിയ കവിതകള്‍ മനോഹരങ്ങളായ ഭാവഗീതങ്ങളാണ്. നഡെ ദു ബന്ദ ദാരി (കടന്നു പോയ വഴി, 1952) എന്ന കവിതാസമാഹാരമാണ് നവ്യകാവ്യ പ്രസ്ഥാനത്തിലേക്ക് അഡിഗയെ തിരിച്ചുവിട്ടത്. ചെണ്ടെ മദ്ദളെ (1954) എന്ന കവിതാസമാഹാരം പുറത്തു വന്നതോടെ ഇദ്ദേഹം നവ്യകാവ്യ പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തി. പാരമ്പര്യത്തിനും കാല്പനികതയ്ക്കും എതിരെ അഡിഗ വികാരതീവ്രതയോടെ കലാപം നടത്തി. പഴമയോടുള്ള വെറുപ്പും ജീവിതത്തെക്കുറിച്ചുള്ള ആശങ്കയും ഇദ്ദേഹത്തിന്റെ കവിതകളിലുടനീളം കാണാം.

അഴിമതിയും കാപട്യവും നിറഞ്ഞ സമുദായത്തെ നിന്ദാസ്തുതി രൂപത്തിലും കര്‍ക്കശ ശൈലിയിലും ഇദ്ദേഹം എതിര്‍ക്കുന്നു. 'പ്രാര്‍ഥന' (1957) എന്ന കവിതയില്‍ ആധുനിക ജീവിതത്തിലെ വൈതാളികന്മാരെയും സ്വയം വില്‍ക്കുന്നവരെയും രൂക്ഷമായി പരിഹസിക്കുന്നു. സ്വാര്‍ഥം വെടിഞ്ഞ് നിഷ്കളങ്കരായി ജീവിക്കാന്‍ അവരെ തുണയ്ക്കണമെന്ന് ദൈവത്തോടു പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ സമഗ്രദൃശ്യത്തെ അര്‍ഥമില്ലാത്ത അസംബന്ധത്തിന്റെ മൂര്‍ത്തീകരണമായി ചിത്രീകരിക്കുന്ന ഒരു കവിതയാണ് 'ഭൂമിഗീത' (1959). റ്റി. എസ്. എലിയറ്റിന്റെ സ്വാധീനം അഡിഗയുടെ കവിതയില്‍ കാണാം. എന്നാല്‍ എലിയറ്റിനെപ്പോലെ ഇദ്ദേഹം തരിശുഭൂമിയുമായുള്ള ബന്ധം വിട്ടുകളഞ്ഞില്ല. 'വര്‍ധമാന' (1972), 'ഇദന്നബയസിരലില്ല' (1974) എന്നീ കവിതകളും അനാഥ (1954) എന്ന നോവലും മണ്ണിനവാസനെ (1966) എന്ന ഉപന്യാസസമാഹാരവും ഇദ്ദേഹത്തിന്റെ മികച്ച രചനകളാണ്. അഡിഗയുടെ സമ്പൂര്‍ണ പദ്യകൃതികള്‍ സമഗ്രകാവ്യ (1976) എന്ന പേരിലും സമ്പൂര്‍ണ ഗദ്യകൃതികളുടെ ഒന്നാംഭാഗം സമഗ്രഗദ്യ (1976) എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച അഡിഗ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും തോല്‍ക്കുകയും ചെയ്തു.

ചെന്നയ്യാ, ലാംകേശ്, ആനന്ദമൂര്‍ത്തി തുടങ്ങിയ യുവകവികളുടെ കൃതികളില്‍ അഡിഗയുടെ സ്വാധീനം വളരെയധികം കാണാം. സാക്ഷി എന്ന ത്രൈമാസികത്തിന്റെ പത്രാധിപരായും (1967-79) ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

(വെങ്കിടലക്ഷ്മി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍