This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലകൃഷ്ണയ്യ, ഡി. (1889 - 1928)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലകൃഷ്ണയ്യ, ഡി. (1889 - 1928)

ആന്ധ്രയിലെ ദേശീയ നേതാവ്. ആന്ധ്രപ്രദേശില്‍ കൃഷ്ണ പ്രവിശ്യയില്‍ നന്ദിഗ്രാമം താലൂക്കില്‍ പെനുഗഞ്ചി പ്രൊലുവില്‍ 1889-ല്‍ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ ദുഗ്ഗിരാല ഗോപാലകൃഷ്ണയ്യ ജനിച്ചു. കൊഡന്‍ഡാ രാമസ്വാമി ആയിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ മരിച്ചുപോയതിനാല്‍ അമ്മൂമ്മയുടെയും അമ്മാവന്റെയും ശിക്ഷണത്തില്‍ വളര്‍ന്നു. 14-ാം വയസ്സില്‍ ഇദ്ദേഹം വിവാഹിതനായി. 1906-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ വിജയിച്ച ഇദ്ദേഹം 1911-ല്‍ ഗുണ്ടൂരിലെ ഒരു കോളജില്‍ ചേര്‍ന്നെങ്കിലും അക്കൊല്ലം തന്നെ എഡിന്‍ബറോ സര്‍വകലാശാലയില്‍ ചേരുന്നതിനുവേണ്ടി ചില സ്നേഹിതരുമൊത്ത് ബ്രിട്ടനിലേക്കു പോയി. 1917-ല്‍ ധനതത്ത്വശാസ്ത്രത്തില്‍ എം.എ. ഓണേഴ്സ് ബിരുദത്തോടെ ഇദ്ദേഹം തിരിച്ചെത്തി. വിദേശത്തായിരുന്നപ്പോള്‍ ആനന്ദകുമാര സ്വാമിയുമായി പരിചയപ്പെട്ടു. 1917-18 കാലത്ത് ഇദ്ദേഹം രാജമുണ്‍ട്രിയില്‍ ഒരു കോളജില്‍ ചരിത്ര അധ്യാപകനായി ജോലിനോക്കി. 1918-ല്‍ മസൂലി പട്ടണത്തിലെ ആന്ധ്രജാതിത കലാശാലയില്‍ പ്രിന്‍സിപ്പല്‍ ആയി. 1919-ല്‍ ജോലി രാജിവച്ച് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1919-22 കാലത്ത് ഗാന്ധിജിയുടെ സമ്മതപ്രകാരം ചിരാല, പിരാല എന്നീ ഗ്രാമങ്ങളിലെ നികുതി നിഷേധ പ്രസ്ഥാനത്തിനു നേതൃത്വം നല്കി. ഗൂണ്ടൂര്‍ പ്രവിശ്യയിലെ ബപാത്ല താലൂക്കിലുള്ള ഈ ഗ്രാമങ്ങളെ മദ്രാസ് ഗവണ്‍മെന്റ് മുനിസിപ്പാലിറ്റിയാക്കി. പുതുക്കിയ നികുതി അടയ്ക്കുവാന്‍ ഉത്തരവിട്ടതിനെതിരെ ഗ്രാമവാസികള്‍ ഗോപാകൃഷ്ണയ്യയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. ഇതിനെത്തുടര്‍ന്ന് ഗോപാലകൃഷ്ണയ്യയെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു (1921). 1922-ല്‍ ജയില്‍ വിമുക്തനായ ശേഷം ഇദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. 1923-ല്‍ ഇദ്ദേഹത്തെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി കാര്യദര്‍ശിയായി തെരഞ്ഞെടുത്തു. സ്വരാജ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ ഇദ്ദേഹം അതിന്റെ കാര്യദര്‍ശിയായി. 'ആന്ധ്രാ രത്നം' എന്ന് അറിയപ്പെട്ടിരുന്ന ഇദ്ദേഹം 1928-ല്‍ അന്തരിച്ചു.

(ഷീല ഐറിന്‍ ജയന്തി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍