This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലകൃഷ്ണഭാരതി (1810 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലകൃഷ്ണഭാരതി (1810 - 96)

തമിഴ് സംഗീതജ്ഞന്‍. തഞ്ചാവൂര്‍ ജില്ലയിലെ മുഡിക്കൊണ്ടാന്‍ എന്ന സ്ഥലത്ത് ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. പ്രസിദ്ധ വീണ വിദ്വാനായിരുന്ന ശിവരാമഭാരതിയായിരുന്നു പിതാവ്. യോഗാഭ്യാസവും വേദ പരിശീലനവും ഗോവിന്ദയതി എന്ന ഗുരുവില്‍നിന്ന് ഇദ്ദേഹം ശീലിച്ചു. തമിഴ്, സംസ്കൃതം എന്നീ ഭാഷകളില്‍ പാണ്ഡിത്യം നേടി. കുട്ടിക്കാലത്തു തന്നെ ഗോപാലകൃഷ്ണ ഭാരതി സംഗീതത്തില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീത വിദ്വാനായിരുന്ന രാമദാസില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. കഥാകാലക്ഷേപം നടത്തിയും പാട്ടുകള്‍ രചിച്ചുമാണ് ഇദ്ദേഹം ഉപജീവനത്തിനുള്ള വക തേടിയിരുന്നത്. ജീവിതം മുഴുവന്‍ ബ്രഹ്മചാരിയായിരുന്ന ഭാരതി തന്റെ സമ്പാദ്യങ്ങളെല്ലാം ധര്‍മ സ്ഥാപനങ്ങള്‍ക്കു ദാനമായി നല്കിയിരുന്നു.

'നന്തനാര്‍ ചരിത്ര'മാണ് ഭാരതിയുടെ ഏറ്റവും പ്രസിദ്ധമായ സംഗീത നാടകം. ഇയര്‍പ്പഗൈ നായനാര്‍ ചരിത്രം, തിരുനീലകണ്ഠ നായനാര്‍ ചരിത്രം, കരൈക്കാള്‍ അമ്മയാള്‍ ചരിത്രം, ജ്ഞാനച്ചിന്ത്, ജ്ഞാനക്കുമ്മി മുതലായവ ഇദ്ദേഹത്തിന്റെ രചനകളാണ്. ശിവഭക്തനായിരുന്ന ഭാരതി ശിവനെ സ്തുതിച്ചുകൊണ്ട് ധാരാളം കീര്‍ത്തനങ്ങളും എഴുതിയിട്ടുണ്ട്. പല നാടന്‍ പാട്ടുകളുടെയും ഈണം ഇദ്ദേഹത്തിന്റെ കൃതികളിലൂടെ അനശ്വരമായിത്തീര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികളിലെല്ലാം 'ഗോപാലകൃഷ്ണ' എന്ന മുദ്ര കാണാം. ജാതിമതഭേദ ചിന്തകള്‍ക്കതീതമായ സമീപനം പുലര്‍ത്തിയിരുന്ന ഭാരതി 1896-ല്‍ മഹാശിവരാത്രി ദിവസം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍