This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോപാലകൃഷ്ണന്‍, പി.കെ. (1923 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോപാലകൃഷ്ണന്‍, പി.കെ. (1923 - )

മലയാള സാഹിത്യകാരനും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും. തൃശൂര്‍ ജില്ലയിലെ പാപ്പിനിവട്ടത്ത് പൂവത്തുംകടവില്‍ കുഞ്ഞിറ്റിയുടെയും ഉണ്ണൂലിക്കുട്ടിയുടെയും മകനായി 1923 ന. 29-നു ജനിച്ചു. എറണാകുളം മഹാരാജാസ് കോളജ്, ചെന്നൈ ലോ കോളജ് എന്നിവിടങ്ങളില്‍നിന്ന് ബി.എ.; ബി.എല്‍. ബിരുദങ്ങള്‍ നേടി. 1941-ല്‍ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായി. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കൊച്ചി ഗവണ്‍മെന്റില്‍നിന്നും ലഭിച്ചുകൊണ്ടിരുന്ന സ്കോളര്‍ഷിപ്പ് നിര്‍ത്തലാക്കി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനെന്ന നിലയില്‍ ഒന്നരവര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. 1952-ല്‍ മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1958 മുതല്‍ 7 വര്‍ഷക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസറായി കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളില്‍ ജോലി നോക്കുകയുണ്ടായി. 1965-ല്‍ ഉദ്യോഗം രാജിവച്ച് വീണ്ടും സജീവരാഷ്ട്രീയത്തിലേക്കു തിരിച്ചുപോയി. ഇക്കാലത്ത് ഇദ്ദേഹം തൃശൂരില്‍ ജഗല്‍സാക്ഷി എന്ന പത്രം തുടങ്ങി. ഗോപാലകൃഷ്ണന്‍ നിയമസഭയിലേക്കു മൂന്നു പ്രാവശ്യം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1977-80 കാലത്ത് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.

കമ്യൂണിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ചും മാനവിക ശാസ്ത്രത്തെക്കുറിച്ചും ആധികാരികമായ പാണ്ഡിത്യം നേടിയിട്ടുള്ള ഗോപാലകൃഷ്ണന്‍ എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന ഇദ്ദേഹത്തിന്റെ പുസ്തകത്തില്‍ ആധുനിക കേരളത്തിന്റെ നവോത്ഥാനചരിത്രം അതിമനോഹരമായി പ്രതിപാദിച്ചിരിക്കുന്നു. ഈ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ശ്രീനാരായണ സാംസ്കാരിക സമിതി അവാര്‍ഡ്, കെ. ദാമോദരന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിക്കുകയുണ്ടായി.

കലയും സാഹിത്യവും ഒരു പഠനം, ഒ. ചന്തുമേനോന്‍, സംസ്കാരധാര, പുരോഗമനസാഹിത്യപ്രസ്ഥാനം-നിഴലും വെളിച്ചവും, ജൈനമതം കേരളത്തില്‍, ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകന്‍ തുടങ്ങിയവയാണ് മറ്റു കൃതികള്‍.

കേരള ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി, പുരോഗമന സാഹിത്യസംഘം സെക്രട്ടറി, സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതിയംഗം, നവജീവന്‍, നവയുഗം, കിരണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍ എന്നീ നിലകളിലും ഗോപാലകൃഷ്ണന്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍